“ആഹാ വന്നപ്പോഴേക്കും എല്ലാവരെയും പരിചയപ്പെട്ടു എന്ന് തോന്നുന്നല്ലോ.”
“ചായ കുടിക്കാൻ ഒന്ന് കേറിയിരുന്നു അതുകൊണ്ട് കറക്റ്റ് ആയിട്ട് ഇങ്ങു പോരാൻ പറ്റി.”
“ഹാ അതേതായാലും നന്നായി…കുടിക്കാൻ എന്തെങ്കിലും?”
“അയ്യോ ഇപ്പൊ ഒന്നും എടുക്കേണ്ട…ആദ്യം ഒന്ന് കുളിക്കണം നല്ല ക്ഷീണം ഉണ്ടേ…വീടിൻ്റെ താക്കോൽ കിട്ടിയാൽ…”
“ഹാ മറന്നു…താക്കോൽ ഞാൻ ഇപ്പൊ കൊണ്ടുവരാം…”
അവർ അകത്തേക്ക് പോയ സമയം ആര്യൻ അവിടിരുന്നുകൊണ്ട് തന്നെ വീടിന് അകം ചുറ്റും ഒന്ന് കണ്ണോടിച്ചു. അധികം താമസിക്കാതെ തന്നെ താക്കോലുമായി അവർ തിരികെ വന്നു.
“ദാ താക്കോൽ. നേരെ ഓപ്പോസിറ്റ് കാണുന്ന വീടാ”
“ഹാ…തോമാച്ചൻ?”
“ഇവിടെ ഇല്ലാ ടൗൺ വരെ ഒന്ന് പോയതാ…ഏതായാലും ആര്യൻ കുളിയൊക്കെ കഴിഞ്ഞ് ഒന്ന് വിശ്രമിച്ചിട്ട് വാ…ഇന്നേതായാലും രാത്രി ഇവിടുന്ന് ഭക്ഷണം കഴിക്കാം…അപ്പോ തോമാച്ചൻ ഇവിടുണ്ടാവും അന്നേരം കാണാം.”
“ഓ ആയിക്കോട്ടെ…എന്നാ ഞാൻ ഇറങ്ങിക്കോട്ടെ ചേട്ടത്തി.”
“ആയിക്കോട്ടെ…പിന്നെ വീടൊക്കെ അടിച്ച് വാരി വൃത്തിയാക്കി ഇട്ടിരിക്കുന്നകൊണ്ട് വേറെ പണി ഒന്നും കാണില്ല കേട്ടോ.”
“വലിയ സന്തോഷം ചേട്ടത്തി…ചേട്ടത്തീടെ പേര്?”
“ചേട്ടത്തി എന്ന് തന്നെ വിളിച്ചാ പോരെ ഹഹ.”
“എന്നാലും എല്ലാവരെയും ഒന്ന് അറിഞ്ഞിരിക്കാലോ.”
“ഹേയ് ഞാൻ വെറുതെ പറഞ്ഞതാ…മോളി…എന്താ മോളീന്ന് വിളിക്കാൻ പ്ലാൻ ഉണ്ടോ ഹഹ.”
“മോളി ചേട്ടത്തി എന്ന് ആവാലോ.”
“ഓ ആയിക്കോട്ടെ.”
“ഹഹ…എന്നാ ഞാൻ ഇറങ്ങട്ടെ ചേട്ടത്തി”
“മ്മ് ശെരി…രാത്രി അത്താഴം കഴിക്കാൻ വായോ.”
“ഹാ വരാം…ശെരീന്നാ”
ആര്യൻ അവരോട് യാത്ര പറഞ്ഞുകൊണ്ട് അവൻ്റെ പുതിയ വാസകേന്ദ്രത്തിലേക്ക് വച്ചുപിടിച്ചു…
ഗേറ്റ് തുറന്ന് അവൻ അവൻ്റെ പുതിയ വീട്ടിലേക്ക് കാൽ എടുത്ത് വച്ചു…താക്കോൽ എടുത്ത് താഴ് തുറന്ന ശേഷം അവൻ കതകു തള്ളി തുറന്ന് അകത്തേക്ക് പ്രവേശിച്ചു…അവൻ ആദ്യം കണ്ട ഒരു മുറിയിലേക്ക് പെട്ടിയും ബാഗും എടുത്ത് വെച്ച ശേഷം വീടിനകം മുഴുവൻ ഓടി നടന്നു കണ്ടു…പുറമേന്നു കാണാൻ ചെറുത് ആണെങ്കിലും ഉള്ളിൽ അത്യാവശം വലുപ്പം ഉള്ള രണ്ടു മുറിയും ഒരു ബാത്ത്റൂമും അടുക്കളയും അടങ്ങിയ ഒരു നല്ല വീട് ആയിട്ട് അവന് തോന്നി.