“ഹാ ശരിയടാ…”
ആര്യൻ നടന്ന് വീട്ടിലേക്കും ശാലിനി മുറ്റം അടിച്ച് വാരുന്നതും തുടർന്നു.
വീട്ടിലെത്തിയ ആര്യൻ ജനാല തുറന്ന് താക്കോൽ എടുത്തുകൊണ്ട് കതക് തുറക്കാനായി നടന്നതും അപ്പുറത്ത് നിന്നും ഒരു “ഗുഡ് മോണിംഗ്” കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തോമാച്ചൻ.
“ഹാ തോമാച്ചാ…ഗുഡ് മോണിംഗ്.”
“നേരത്തെ എഴുന്നേറ്റോ?”
“ഏയ് നേരത്തെ ഒന്നുമല്ല ഞാൻ അതിരാവിലെ തന്നെ എഴുന്നേക്കാറുണ്ട്…സ്ഥലം മാറിയെങ്കിലും പതിവ് തെറ്റിക്കാൻ തോന്നിയില്ല…മന്ദാരക്കുളത്തിൽ പോയി ഒന്ന് കുളിച്ചിട്ടുള്ള വരവാ.”
“ആഹാ അതേതായാലും നന്നായി…ഇതിന് മുന്നേ ഇവിടെ താമസിച്ചവൻ പത്ത് മണി ആയാലും എഴുന്നേക്കില്ലായിരുന്നന്നേ…അവൻ പോസ്റ്റ് ഓഫീസിൽ ചെല്ലുന്നത് തന്നെ പതിനൊന്ന് കഴിയുമ്പോൾ ആയിരുന്നു…ഒരു കണക്കിന് അവൻ പോയത് നന്നായി.”
“അത് ശരി…പോസ്റ്റ്മാൻ്റെ വർക്കിംഗ് ടൈം രണ്ട് മണി ആകുമ്പോ കഴിയുകയും ചെയ്യുമല്ലോ ഇവിടെ.”
“അതാണെന്നെ പറഞ്ഞത്…ശരിയാ ഇവിടെ അങ്ങനെ വലിയ ജോലി ഒന്നും ഇല്ലാ എന്നാലും നമ്മൾക്ക് ഒരു വർക്ക് എത്തിക്സ് ഇല്ലേ…പോട്ടെ ഒരു പത്ത് മണിക്കെങ്കിലും ഇവനൊക്കെ ചെന്നൂടെ…അതിനുപോലും വയ്യാത്തവൻ ഒക്കെ ജോലിയും നിർത്തി പോണത് തന്നെയാ നല്ലത്.”
“അതേ അതേ…”
“എന്തായാലും നടക്കട്ടെ കാര്യങ്ങളൊക്കെ…പിന്നെ എന്ത് ആവശ്യം ഉണ്ടെങ്കിലും പറയാൻ മടിക്കേണ്ട കേട്ടല്ലോ ആര്യാ.”
“ശരി തോമാച്ചാ…”
“ശരി എന്നാൽ കാണാം ഓക്കേ…”
തോമാച്ചൻ്റെ സംസാരത്തിൽ നിന്നും ആള് ഒരു ഹാർഡ് വർക്കർ ആണെന്ന് ആര്യന് ബോധ്യമായി. ഇന്നലെ തന്നെ ഏറെക്കുറെ മനസ്സിലായ കാര്യം ആണെങ്കിലും ഇപ്പൊ നടന്ന സംഭാഷണം അത് ഊട്ടി ഉറപ്പിച്ചു എന്ന് വേണം പറയാൻ. എന്തായാലും താൻ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചതൊക്കെ കണ്ടപ്പോ പുള്ളിക്ക് തന്നിൽ ഒരു മതിപ്പ് ഉണ്ടാക്കി എന്ന് ആര്യന് തോന്നി.
ആര്യൻ തിണ്ണപ്പടിയിൽ കണ്ട പാൽ നിറച്ച കുപ്പി കണ്ട് ഒന്ന് ആശ്വസിച്ചു. തോമാച്ചൻ പറഞ്ഞതനുസരിച്ച് ആളൊരു മടിയൻ ആണെന്ന് തോന്നുന്നെങ്കിലും ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ അയാള് കൃത്യമായി പറഞ്ഞ് ഏൽപ്പിച്ചിരുന്നു എന്ന കാരണത്താൽ പഴയ പോസ്റ്റ്മാനോട് ആര്യന് കടപ്പാട് തോന്നി.