ആര്യൻ പാലും എടുത്തുകൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി. തുണി വിരിക്കാനായി പിന്നിൽ അയ വല്ലോം ഉണ്ടോ എന്ന് നോക്കാനായി പാൽ അവിടെ വച്ച ശേഷം അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. പ്രതീക്ഷിച്ച പോലെ തന്നെ അവിടെ കണ്ട അയയിലേക്കി തുണികൾ വിരിച്ചിട്ട ശേഷം വീണ്ടും അകത്തേക്ക് കയറി വാതിൽ അടച്ചു.
ഉടനെ തന്നെ ഒരു ചായ ഇട്ടു കുടിച്ച ശേഷം ആര്യൻ പ്രഭാത ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കാനായി ഫ്രിഡ്ജ് തുറന്ന് വേണ്ട സാധനങ്ങൾ പുറത്തെടുത്ത് ഒരു മുട്ട പൊരിച്ചു. കൂടെ താൻ വന്നപ്പോൾ കൊണ്ടുവന്ന ബ്രഡിൽ നിന്നും ഒരു ആറെണ്ണം എടുത്തുകൊണ്ട് കല്ലിലിട്ട് ചൂടാക്കിയ ശേഷം മുട്ടയോടൊപ്പം കഴിച്ചു. ആദ്യത്തെ ഒരാഴ്ച്ച ഇങ്ങനെ പോകട്ടെ അത് കഴിഞ്ഞ് ടൗണിൽ പോയി കൂടുതൽ സാധനങ്ങൾ വാങ്ങാം എന്ന് ആര്യൻ മനസ്സിൽ കണക്കുകൂട്ടി.
ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് കഴിഞ്ഞ് ഏകദേശം ഒരു എട്ട് മണിയോടെ ആര്യൻ ഒരു ഷഡ്ഡി കൂടി എടുത്ത് ഇട്ടുകൊണ്ട് വീടും പൂട്ടി തൻ്റെ ഓരോരോ ആവശ്യങ്ങൾക്കായി ഇറങ്ങി.
ആദ്യം പോയത് തോമാച്ചൻ്റെ വീട്ടിലേക്ക് തന്നെയാണ്. കോളിംഗ് ബെൽ അടിച്ചതും മോളി ചേട്ടത്തി ഇറങ്ങി വന്നു. കുളി ഒക്കെ കഴിഞ്ഞ് ഈറനോടെയാണ് നിൽപ്പ്.
“ഹാ ആര്യനോ…”
“ഹാ ചേട്ടത്തി.”
“വെളുപ്പിനെ തന്നെ എഴുന്നേറ്റ് കുളത്തിൽ ഒക്കെ പോയി കുളിച്ചു എന്ന് കേട്ടല്ലോ.”
“ഹാ തോമാച്ചൻ പറഞ്ഞതാവും അല്ലേ…ഞാൻ കണ്ടിരുന്നു രാവിലെ.”
“അതേ പറഞ്ഞിരുന്നു…”
“തോമാച്ചൻ ഉണ്ടോ അകത്ത്?”
“കുളിക്കാൻ കയറിയല്ലോ ആര്യാ…എന്താ എന്തേലും അത്യാവശം ഉണ്ടോ?”
“ഹേയ് ഇല്ല…ഞാൻ നമ്മടെ പോസ്റ്റ് ഓഫീസ് ഒക്കെ എവിടാണെന്ന് അറിയാനും പിന്നെ എനിക്കൊരു സൈക്കിൾ കിട്ടാൻ ഉള്ള വകുപ്പും ഒക്കെ ഒന്ന് അന്വേഷിക്കാം എന്ന് കരുതി വന്നതാ ചേട്ടത്തി.”
“അതിന് തോമാച്ചൻ തന്നെ വേണമെന്നുണ്ടോ ആര്യന് ഞാൻ ആയാലും പോരെ…”
“ഓ മതി…ചേട്ടത്തി ആണേൽ കൂടുതൽ സന്തോഷം ഹഹ…”