“അതേ ചേട്ടത്തി ഞാൻ പറഞ്ഞതൊക്കെ അവിടെ ഉണ്ട്…പിന്നെ കൂടുതൽ ഒന്നും പറയാഞ്ഞത് എല്ലാം ഞാൻ തന്നെ വന്നിട്ട് റെഡി ആക്കാം എന്നൊരു കണക്കുകൂട്ടലിൽ ആയിരുന്നു.”
“ഹാ അതും നന്നായി ഒരു കണക്കിന്…രാവിലെ കഴിച്ചായിരുന്നോ?”
“കഴിച്ചു ചേട്ടത്തി.”
“അഥവാ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട കേട്ടല്ലോ.”
“ഓ ഉറപ്പായിട്ടും…എങ്കിൽ പിന്നെ ഞാൻ പോയിട്ട് വരാം ചേട്ടത്തി…തോമാച്ചനോട് പറഞ്ഞേക്കെ.”
“ശരി ആര്യാ…”
ആര്യൻ അവിടുന്ന് ഇറങ്ങി നേരെ കുട്ടച്ചൻ്റെ കടയിലേക്ക് വച്ചു പിടിച്ചു. പോകുന്ന വഴിക്ക് പരിചയം ഇല്ലാത്ത പല മുഖങ്ങളും തന്നെ ആരാണെന്ന ഭാവത്തിൽ നോക്കുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും നാളെ മുതൽ മനസ്സിലായിക്കോളും എന്ന ചിന്തയിൽ ആര്യൻ അവരെയൊക്കെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നടത്തം തുടർന്നു.
അങ്ങനെ നടക്കുമ്പോൾ അതാ പരിചയം ഉള്ള ഒരു മുഖം ആര്യൻ്റെ കണ്ണിൽ പെട്ടു. കുറച്ച് അകലെ നിന്നും ഒരു ബക്കറ്റും കൈയിലേന്തി നൈറ്റിക്ക് മുകളിലൂടെ ഒരു നനഞ്ഞ തോർത്തും കഴുത്തിലൂടെ വിരിച്ച് ഇട്ടുകൊണ്ട് ശാലിനി നടന്നു വരുന്നു…കുളിച്ചിട്ട് വരുന്ന വഴിയാണെന്ന് ആര്യന് മനസ്സിലായി. തന്നെയും ശാലിനി കണ്ടൂ എന്ന് അവളുടെ ചുണ്ടത്ത് വിരിഞ്ഞ പുഞ്ചിരിയിൽ നിന്നും ആര്യൻ ഊഹിച്ചു. ആര്യൻ വേഗം തന്നെ നടന്നുകൊണ്ട് ശാലിനിയുടെ അടുത്ത് എത്തി.
“ആഹാ ഇപ്പോളാണോ നീരാട്ട് ഒക്കെ കഴിഞ്ഞ് തമ്പുരാട്ടി എഴുന്നള്ളുന്നത്.” ആര്യൻ കളിയാക്കിക്കൊണ്ട് ചോദിച്ചു.
“ഓഹോ ഇതാണോ ഞാൻ ആരെയും കളിയാക്കത്തില്ലെന്ന് രാവിലെ പറഞ്ഞ ആള്.”
“അത് പിന്നെ രാവിലെ നമ്മള് പരിചയപ്പെട്ടു വരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ ഹഹ…പിന്നെ രാവിലെ ആ പറഞ്ഞത് സീരിയസ് ആയിട്ട് തന്നെയായിരുന്നു കേട്ടോ.”
“മ്മ് ഉവ്വാ…ഹും” ശാലിനി ഒരു പരിഭവം അഭിനയിച്ചു.
“ഹാ സത്യം ആയിട്ടും…എന്തായാലും അത് വിട് ഞാൻ ചോദിച്ചതിന് മറുപടി പറ.”
“ഓ വഴിയേ പോയ ചിലരെയൊക്കെ വിളിച്ച് പരിചയപ്പെട്ടപ്പോഴേക്കും സമയം അങ്ങ് പോയി എന്തോ ചെയ്യാനാ.”
“ഹഹഹഹ അതുകൊള്ളാം അതെനിക്കിഷ്ട്ടപ്പെട്ടു…ഇപ്പൊ നമ്മൾ സമാസമം ആയേ.”