“ആഹ് തോമാച്ച വലിയ കാര്യം.”
“എന്നാ ശെരി കാണാം” എന്ന് പറഞ്ഞുകൊണ്ട് തോമാച്ചൻ വണ്ടി എടുക്കാൻ പറഞ്ഞതും ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തുകൊണ്ട് പോയി.
ആര്യൻ അങ്ങനെ ആ കാര്യം സെറ്റ് ആയി എന്ന് പറഞ്ഞ് വീണ്ടും നടന്നു.
വീട്ടിലേക്ക് പോകുന്നതിന് മുൻപ് ശാലിനിയുടെ വീട്ടിൽ കയറാനും ആര്യൻ മറന്നില്ല. അവൻ ശാലിനിയുടെ വീടിന് മുന്നിൽ എത്തിയതും ഗേറ്റ് തുറന്നുകൊണ്ട് മുറ്റത്തേക്ക് കയറിയ ശേഷം കോളിംഗ് ബെൽ അടിച്ചു.
അകത്ത് നിന്നും ഒരു വെള്ള പെറ്റിക്കോട്ടും കാലിൽ വെള്ളി കൊലുസ്സും ധരിച്ചെത്തിയ ഒരു കൊച്ചു സുന്ദരി ഓടി വന്നു തിണ്ണയ്ക്ക് നിന്നുകൊണ്ട് ആര്യനെ നോക്കി “ആരാ…” എന്ന് ചോദിച്ചു. ശാലിനിയുടെ മകൾ ആണ് ആ കുട്ടിയെന്ന് ആര്യന് മനസ്സിലായി.
“ഇതാരാ എന്ന് പറഞ്ഞാൽ ഞാൻ ആരാണെന്ന് പറയാം.” ആര്യൻ തൻ്റെ കൈകൾ രണ്ടും കാൽമുട്ടിൽ പിടിച്ച് വളഞ്ഞു നിന്നുകൊണ്ട് വാത്സല്യത്തോടെ ചോദിച്ചു.
“ഞാൻ അമ്മുവാ…”
“അമ്മുവോ…എതമ്മു?”
“ഇവിടുത്തെ അമ്മു…ഇനി ആരാണെന്ന് പറ.”
“ഞാൻ ആര്യൻ…അപ്പുറത്തെ ആര്യൻ.”
“എന്താ വേണ്ടേ?”
“എനിക്കൊന്നും വേണ്ട…അമ്മ എന്തിയെ അമ്മൂൻ്റെ.”
“അടുക്കളയിൽ അമ്മൂന് ദോശ ചുടുവാ…”
“ആഹാ അമ്മു ഇന്ന് ദോശ ആണോ കഴിക്കുന്നെ?”
“ആം…”
“ആരാ അമ്മു അത്?” എന്ന് അകത്ത് നിന്നും വിളിച്ച് ചോദിച്ചുകൊണ്ട് ശാലിനി അടുക്കളയിൽ നിന്നും കൈയിൽ ഒരു ചട്ടുകവുമായി ഉമ്മറത്തേക്ക് വന്നു. ആര്യനെ കണ്ടതും “ആഹാ ആരാ ഈ വന്നിരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞുള്ള വരവാണോ?” എന്ന് കളിയാക്കിക്കൊണ്ട് വീണ്ടും അവനോടായി ചോദിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.
“ആരാ ഈ വന്നിരിക്കുന്നതെന്ന് അമ്മക്ക് ഒന്ന് പറഞ്ഞുകൊടുത്തേ അമ്മൂട്ടി.”
“അമ്മേ ഇത് അപ്പുറത്തെ ആര്യൻ.”
അവളുടെ ആ പറച്ചിൽ കേട്ട് ആര്യനും ശാലിനിയും ചിരിച്ചു പോയി.
“ഹഹഹ അപ്പുറത്തെ ആര്യനോ…”
“എൻ്റെ ചേച്ചി ഇവളോട് ഞാൻ ഏതമ്മു എന്ന് ചോദിച്ചപ്പോൾ അവള് ഇവിടുത്തെ അമ്മു എന്ന് പറഞ്ഞു…അപ്പോ ഞാൻ പറഞ്ഞു ഞാൻ അപ്പുറത്തെ ആര്യൻ ആണെന്ന് അതിനാ ഹഹ…”