“അയ്യോ കുടിച്ചോളാമേ ഇനി അതിൻ്റെ പേരിൽ ഒന്നും പറയണ്ടാ…ഇന്നിത് മൂന്നാമത്തെ ചായയാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അതും കുടിക്കാൻ തുടങ്ങി.
അങ്ങനെ ആര്യൻ ചായ കുടിക്കുന്നതിനൊപ്പം അമ്മയുടെ ചോദ്യത്തിനനുസരിച്ച് അവൻ്റെ കഥയും വീട്ടുകാര്യങ്ങളും എല്ലാം അവരോട് പറഞ്ഞു. അതെല്ലാം തന്നെ ശാലിനിയും അമ്മയും ശ്രദ്ധയോടെ കേട്ടിരുന്നു.
ഏറ്റവും ഒടുവിൽ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർക്ക് രണ്ടുപേർക്കും ആര്യന് അവൻ്റെ അമ്മയോടും കുടുംബത്തോടും നാടിനോടും എല്ലാം ഉള്ള സ്നേഹവും കരുതലും എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ അവർക്ക് അവനെ ഒരുപാട് ഇഷ്ട്ടം ആവുകയും ചെയ്തു.
“ഇവിടെയും ഒരാള് അങ്ങ് പോയി കിടന്ന് കഷ്ട്ടപ്പെടുവാ…ഓരോ വരവിനും നാട്ടിൽ തന്നെ നിന്ന് എന്തെങ്കിലും ജോലി ചെയ്തു കിട്ടുന്ന പൈസ മതി നമ്മൾക്ക് ജീവിക്കാൻ എന്നൊക്കെ പറഞ്ഞിട്ടും എന്ത് കാര്യം…ഒരു മോളാ നമ്മൾക്ക് അവള് വളർന്നു വരുവാ എന്നൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് വീണ്ടും പോകും…ഹാ നമ്മൾക്ക് ഇങ്ങനെ കാത്തിരിക്കാനേ പറഞ്ഞിട്ടുള്ളൂ…വിധി അല്ലാതെന്താ.” ശാലിനി ഒരു പരിഭവം എന്ന മട്ടിൽ ആര്യനോടായി പറഞ്ഞു.
“ചേട്ടൻ ഇനി എന്ന് വരും ചേച്ചി?”
“ഈ തവണ വന്നിട്ടുണ്ടായിരുന്നു…ഇപ്പൊ രണ്ട് മാസം ആകുന്നതെ ഉള്ളൂ പോയിട്ട്…ഇനി രണ്ടു വർഷം കഴിയും വരാൻ.”
“ഹാ ഇതൊക്കെ തന്നാ ഒട്ടുമിക്ക എല്ലാ ഗൾഫ്കാരുടെയും അവസ്ഥ.”
“അതൊക്കെ പോട്ടെ നാട്ടുകാരെ ഒക്കെ പരിചയപ്പെടലും പഠിക്കലും ഒക്കെ ഇവിടെ വരെ ആയി.”
“കളിയാക്കാൻ ഉള്ള ഒരു അവസരവും പാഴാക്കരുത് കേട്ടോ.”
“നീ അല്ലേ തുടങ്ങി വെച്ചത് രാവിലെ.”
“ഓ ശരി ആയിക്കോട്ടെ.”
“ഇത് പറ കുട്ടച്ചൻ്റെ കടയിൽ പോയിട്ട് എന്തായി?”
“അവിടെ കുറച്ച് പേരൊക്കെ ചായ കുടിക്കാനും പത്രം വായിക്കാനും ഒക്കെ വന്നിരിപ്പുണ്ടായിരുന്നു അവരോടൊക്കെ കുട്ടച്ചൻ തന്നെ എന്നെ പരിചയപ്പെടുത്തി കൊടുത്തു…പിന്നെ ചിലരൊക്കെ ആരാ എന്ന ഭാവത്തിൽ നടന്നു പോകുമ്പോഴും വരുമ്പോഴും ഒക്കെ നോക്കുന്നുണ്ട് അവർക്കൊക്കെ നാളെ മുതൽ യൂണിഫോമിൽ കാണുമ്പോൾ മനസ്സിലാകുമല്ലോ എന്ന് വിചാരിച്ച് ആരെയും പരിചയപ്പെടുത്താൻ നിന്നില്ല.”