ശാലിനി അവിടെ നിന്ന് ഒരു നിമിഷം ആലോചിച്ച ശേഷം “എങ്കിൽ പിന്നെ അതാ നല്ലത് തിരിച്ച് വരുമ്പോ ആട്ടേ” എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു പുറത്തേക്ക് നടന്നു.
ആര്യൻ ഒന്ന് ആശ്വസിച്ച ശേഷം “ഹാ എന്നാ വാ പെട്ടെന്ന് പോയിട്ട് വരാം” എന്ന് പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി.
അവൻ കതക് പൂട്ടാൻ നേരം “അയ്യോ വാച്ച് എടുത്തില്ല ചേച്ചി ഇവിടെ നിക്കേ ഞാൻ ഇപ്പൊ വരാം” എന്ന് പറഞ്ഞുകൊണ്ട് ശാലിനിയെ പുറത്ത് നിർത്തി അകത്തേക്ക് പോയി ആ പുസ്തകം എടുത്ത് മേശയുടെ അകത്തേക്ക് വച്ച ശേഷം വാച്ചും എടുത്തുകൊണ്ട് പുറത്തേക്ക് പോയി.
ആര്യൻ കതക് പൂട്ടിയ ശേഷം അവർ രണ്ടുപേരും കൂടി നടക്കാൻ ആരംഭിച്ചു.
“എങ്ങോട്ടാ രണ്ടു പേരും കൂടി?” വീടിൻ്റെ മുറ്റത്ത് നിന്നുകൊണ്ട് മോളി ചേട്ടത്തിയുടെ ചോദ്യം ആയിരുന്നു അത്.
“ഹാ ചേട്ടത്തി…ഞാൻ പോസ്റ്റോഫീസ് വരെ…അപ്പോ ശാലിനി ചേച്ചി അവിടെ അടുത്ത് തയിക്കാൻ കൊടുത്ത തുണി എന്തോ വാങ്ങാനും ഉണ്ടെന്ന് പറഞ്ഞപ്പോ ഒന്നിച്ച് പോകാമെന്ന് പറഞ്ഞു.”
“ആഹാ…എവിടെയാ ശാലിനി സുഹറയുടെ അടുത്താണോ?”
“അതേ ചേട്ടത്തി.”
“എൻ്റെ ഒരു ബ്ലൗസും അവളുടെ കൈയിൽ കൊടുത്തിട്ടുണ്ട് അത് എന്നത്തേക്ക് തരാൻ പറ്റും എന്നുകൂടി ഒന്ന് ചോദിച്ചിട്ട് പോരണേ.”
“ശരി ചേച്ചി ചോദിക്കാം.”
“ഹാ എന്നാ പോയിട്ട് വാ.”
അവർ രണ്ടുപേരും “ശരി” എന്ന് പറഞ്ഞിട്ട് അവിടെ നിന്നും നടന്നു.
“സുഹറയോ…ഇവിടെ ഇല്ലാത്ത ആൾക്കാർ ഇല്ലല്ലോ ചേച്ചി.”
“സുഹറ ചേച്ചി ഇവിടെ വർഷങ്ങൾക്ക് മുന്നേ രാജേട്ടൻ്റെ കൂടെ ഒളിച്ചോടി വന്നതാ.”
“ഓ ഇൻ്റർകാസ്റ്റ് പ്രണയം.”
“ഹാ ആദ്യമൊക്കെ പ്രണയം ആയിരുന്നു. ഇപ്പൊ ദാണ്ടെ അങ്ങേര് വെള്ളം അടിച്ച് പുള്ളിക്കാരിയേം നോക്കാതെ ഏതു നേരവും ബഹളം ഉണ്ടാക്കി നടക്കുന്നു. ചേച്ചി ഒരു പാവം ആയതുകൊണ്ട് അങ്ങേരേം സഹിച്ച് ഇവിടെ തന്നെ ജീവിക്കുന്നു.”
“കഷ്ട്ടം.”
“ടൗണിൽ പോയാൽ റെഡിമെയ്ഡ് ബ്ലൗസ് ഒക്കെ വാങ്ങിക്കാൻ കിട്ടും. പിന്നെ പുള്ളിക്കാരിക്ക് ഒരു വരുമാനം ആകുമല്ലോ എന്നോർത്താ ഇടയ്ക്ക് തുണി എടുത്ത് തൈപ്പിക്കുന്നത്.”