“ഹാ അതേതായാലും നന്നായി ചേച്ചി.”
“പക്ഷേ എന്ത് കാര്യം ആ പാവം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ എല്ലാം അയാള് തട്ടിപ്പറിച്ചോണ്ട് എവിടെയെങ്കിലും പോയി വെള്ളം അടിച്ച് തീർക്കും. പൈസ തീരുമ്പോ പിന്നെയും കെട്ടി എഴുന്നള്ളി വരും.”
“നാട്ടുകാർ ഒന്നും ഇടപെടില്ലേ അപ്പോ?”
“നാട്ടുകാർക്ക് ഇടപെടാനേ നേരം ഉള്ളായിരുന്നു…പിന്നെയും എത്രയെന്ന് വച്ച അവരുടെ വീട്ടുകാര്യത്തിൽ കേറി ഇടപെടുന്നത്…അതുകൊണ്ട് ഇപ്പൊ ആരും അങ്ങനെ മൈൻഡ് ചെയ്യാറില്ല…എല്ലാവർക്കും അത് കണ്ടും കേട്ടും ഒരു ശീലമായി.”
“ശോ…പാവം.”
“മ്മ്… എടാ ചെക്കാ ആരെയെങ്കിലും പ്രേമിച്ച് ഇറക്കിക്കൊണ്ട് വന്ന് കെട്ടാൻ ഇതുപോലെ വല്ല പ്ലാനും ഉണ്ടെങ്കിൽ ഇറക്കിക്കൊണ്ട് വന്നാൽ മാത്രം പോര നന്നായിട്ട് നോക്കുകയും കൂടി വേണം.”
“അതിന് ഞാൻ ഇപ്പൊ എന്ത് ചെയ്തു…?”
“ഹാ നീ ഒന്നും ചെയ്യാതിരിക്കാനാ പറഞ്ഞത്.”
“ഇതെന്ത് കൂത്ത്…ഹെൻ്റമ്മോ…”
“നടക്കങ്ങോട്ട് പെട്ടെന്ന്.”
“നടക്കുവല്ലേ…ഇതിനെ ഊളംപാറയിൽ നിന്ന് കൊണ്ടുവന്നതാണോ…”
“എന്തെങ്കിലും പറഞ്ഞായിരുന്നോ?”
“അല്ല ചേച്ചിടെ സ്ഥലം എവിടെ ആണെന്ന് ചോദിക്കുവായിരുന്നു…”
“എൻ്റെ സ്ഥലം അല്ലേ ഇത്.”
“അതല്ല ചേച്ചിടെ സ്വന്തം വീട് എവിടെയാ?”
“എടാ ചെക്കാ ഇതാടാ എൻ്റെ സ്വന്തം സ്ഥലം.”
“ഹേ അപ്പോ ഇത് ചേച്ചിയെ കല്ല്യാണം കഴിച്ച് കൊണ്ടുവന്ന സ്ഥലമല്ലാ?”
“അല്ലടാ അത് എൻ്റെ വീടാ.”
“അത് ശരി…അപ്പോ അമ്മ ചേച്ചിടെ സ്വന്തം അമ്മ ആണല്ലേ?”
“അതേ.”
“ഞാൻ വിചാരിച്ചു ഭർത്താവിൻ്റെ അമ്മ ആയിരിക്കുമെന്ന്…അപ്പോ പുള്ളിക്കാരൻ്റെ വീടെവിടാ?”
“ചേട്ടൻ്റെ വീട് അങ്ങ് കൊല്ലത്ത് ആണ്…ചേട്ടന് ഒരു അനിയനാ ഉള്ളത് അവൻ്റെ കൂടാ അമ്മയും അച്ഛനും. ഞാൻ ഒറ്റ മോളായതുകൊണ്ട് അച്ഛൻ മരിച്ച ശേഷം ഞങ്ങൾ ഇങ്ങോട്ട് പോന്നു.”
“ഓഹ് അപ്പോ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.”
അങ്ങനെ ഓരോന്നും അറിഞ്ഞും മനസ്സിലാക്കിയും ആര്യൻ അവൻ്റെ പോസ്റ്റോഫീസിന് മുന്നിൽ എത്തി.
ആര്യൻ അതിന് മുന്നിൽ നിന്നുകൊണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു. വഴിയുടെ സൈഡിൽ തന്നെയാണ് കെട്ടിടം. അടുത്ത് വേറെ കടകളോ വീടുകളോ ഒന്നും ഇല്ലെങ്കിലും കുറച്ച് അപ്പുറമായി ഒന്ന് രണ്ട് വീടുകൾ കാണാൻ സാധിക്കുന്നുണ്ട്. കെട്ടിടത്തിന് വലതു സൈഡിൽ കൂടി ഒരു കനാൽ പോകുന്നുണ്ട് അതിന് മുകളിലൂടെ ആണ് വഴി പോകുന്നത്.