“എങ്കിൽ ഞാൻ പൊയ്ക്കോട്ടേ ചേട്ടത്തി. നേരെ പോയി ഊണും കഴിച്ച് സൈക്കിളും വാങ്ങി ഇങ്ങു വരാം.”
“എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ ആര്യാ ശരി എന്നാൽ.”
“ഹാ ശരി ഏട്ടത്തി.”
ആര്യൻ മോളിയോട് യാത്ര പറഞ്ഞ് അവിടെ നിന്നും നേരെ കടയിലേക്ക് പോയി.
കടയിൽ ചെന്ന ആര്യൻ അവിടെ എങ്ങും ആരെയും കാണാഞ്ഞതുകൊണ്ട് കുട്ടച്ചോ എന്ന് വിളിച്ചുകൊണ്ട് അവിടെ കിടന്ന ഒരു ബെഞ്ചിലേക്ക് ഇരുന്നു. ആരുടെയോ വിളി കേട്ട ചന്ദ്രിക അകത്ത് നിന്നും അവിടേക്ക് വന്നു.
“ആഹാ നീ എന്താ ഇത്ര നേരത്തെ ഊണിനുള്ളത് പാകം ആവുന്നതെ ഒള്ളൂ.”
“പയ്യെ മതി ധൃതി ഇല്ല…അപ്പുറത്തെ സൈക്കിൾ കടയിലെ ആള് തോമാച്ചൻ പറഞ്ഞതനുസരിച്ച് എനിക്കൊരു സൈക്കിൾ എടുത്ത് തരാൻ ഉച്ചക്ക് എത്തും എന്ന് പറഞ്ഞു. എപ്പോഴാ അയാള് കൃത്യമായി വരുക എന്ന് അറിയാത്തതുകൊണ്ട് ഇച്ചിരി നേരത്തെ ഇങ്ങു പോന്നന്നേ ഉള്ളൂ.”
“ആഹാ അതുശരി.”
“കുട്ടച്ചൻ എവിടെ ചേച്ചി?”
“അകത്തുണ്ട് ആഹാരം ഉണ്ടാക്കുന്നു.”
“ആഹാ കുട്ടച്ചന് ആണോ ഊണിൻ്റെ ജോലി?”
“അങ്ങനെ ഇന്ന ആൾക്കെന്നൊന്നും ഇല്ല പറ്റുന്ന പോലോക്കെ രണ്ടു പേരും കൂടി ഉണ്ടാക്കും.”
“അത് ശരി.”
“നീ ഇവിടിരിക്കാതെ വാ അങ്ങോട്ട് അവിടെ പോയി ഇരിക്കാം.”
“ഹാ ആയിക്കോട്ടെ” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചന്ദ്രികയുടെ പിറകെ അവിടെ നിന്നും അകത്തേക്കുള്ള ഒരു ചെറിയ വാതിലിൽ കൂടി ഉള്ളിലേക്ക് കയറി.
“ഹാ വാ വാ ഞാൻ കേട്ടു എല്ലാം.” അടുക്കളയിലേക്ക് കയറിയ ആര്യനെ കണ്ട് കുട്ടച്ചൻ പറഞ്ഞു.
“ഹാ പണിയിലാണോ?”
“അതേ…വിശപ്പായോ?”
“ഏയ് ഇല്ല കുട്ടച്ചാ.”
“ഞായറാഴ്ച അങ്ങനെ ഊണ് കഴിക്കാൻ ഒന്നും ആരും ഓർഡർ തരാറില്ല അതുകൊണ്ടുതന്നെ പൊതുവേ ഞങ്ങൾ കുറച്ച് താമസിച്ചാണ് കറികൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ സത്യം പറഞ്ഞാൽ ആര്യൻ ഊണ് പറഞ്ഞിരുന്ന കാര്യം ഞാൻ അങ്ങ് മറന്നു. പിന്നെയാ ഓർത്തത് പെട്ടെന്ന്. അതുകൊണ്ടാ കേട്ടോ താമസിച്ചത്. ഇപ്പൊ റെഡി ആകും ദാ കഴിഞ്ഞു.”