പരസ്പരം വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ പങ്കുവെച്ചതിൽ നിന്നും ഈ നാട്ടിലെ ഒരേയൊരു പ്രമാണി ആണ് തോമാച്ചൻ എന്ന് ആര്യന് ബോധ്യമായി.
ടൗണിൽ ബിസിനെസ്സ് നടത്തുകയാണ് തോമസ് എന്ന തോമാച്ചൻ. വയസ്സ് അറുപത്തിമ്മൂന്ന് കഴിഞ്ഞെങ്കിലും ഇപ്പഴും എല്ലാം നോക്കി നടത്തുന്നത് തോമാച്ചൻ തന്നെ. തോമാച്ചനും മോളി ചേച്ചിക്കും കൂടി രണ്ട് മക്കൾ. ഒരു ആണും ഒരു പെണ്ണും. മകൻ കുടുംബവുമായി അമേരിക്കയിൽ. മകൾ ബാംഗ്ലൂരിൽ നഴ്സിംഗ് ഫൈനൽ ഇയറിന് പഠിക്കുന്നു. എല്ലാം വിശദമായി തന്നെ തോമാച്ചൻ പറഞ്ഞു.
“വാ ഇനി കഴിച്ചിട്ടാവാം സംസാരം.” മോളിയുടെ വാക്കുകൾ കേട്ട് അവർ കഴിക്കാനായി എഴുന്നേറ്റു.
മോളി ചേട്ടത്തിക്ക് സഹായത്തിനായി നിക്കുന്ന മറിയാമ്മ എന്ന് വിളിക്കുന്ന ഒരു പ്രായമായ അമ്മയെയും ആര്യന് പരിചയപ്പെടുത്തിക്കൊണ്ട് അവർ അവനോട് ഡൈനിങ് മേശയിൽ ഇരിക്കുവാൻ ആവശ്യപ്പെട്ടു.
തൻ്റെ മുന്നിൽ ഇരിക്കുന്ന വിഭവങ്ങൾ കണ്ട് ആര്യൻ അന്തം വിട്ടിരുന്നു. പതിവിൽ കൂടുതൽ കഴിച്ച് വയറും മനസ്സും ഒരുപോലെ തന്നെ നിറഞ്ഞ ശേഷം ആര്യൻ ആഹാരം മതിയാക്കി എഴുന്നേറ്റു.
തോമാച്ചനോടും മോളി ചേട്ടത്തിയോടും യാത്ര പറഞ്ഞ് ഇറങ്ങുന്നതിനു മുൻപ് കുറച്ച് നേരം കൂടി അവർ കുശലം പറഞ്ഞിരുന്നു. നല്ല സ്വാദിഷ്ടവും രുചികരവുമായ ഭക്ഷണം വിളമ്പി തന്നതിന് അവരോട് എല്ലാവരോടും നന്ദി പറയാനും ആര്യൻ മറന്നില്ല.
തിരിച്ച് വീട്ടിൽ എത്തിയ ആര്യൻ താൻ പാതിക്ക് വെച്ചു നിർത്തിയ ഉറക്കം തുടരാനായി കിടന്നപ്പോൾ ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം ഓർത്ത് അവൻ്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുകയുണ്ടായി. അതുകൂടാതെ നാളെ രാവിലെ തന്നെ മന്ദാരക്കുളത്തിൽ പോയി കുളിക്കുക എന്ന ഉദ്ദേശ്യത്തോടെ അവൻ മയക്കത്തിലേക്ക് വഴുതി വീണു.
പിറ്റേദിവസം രാവിലെ ആറ് മണിക്ക് തന്നെ ആര്യൻ ഉറക്കം ഉണർന്നു. ആര്യൻ ജനാലയുടെ ഒരു പാളി തുറന്നിട്ട ശേഷം പുറത്തേക്ക് നോക്കി. വെട്ടം വീണു തുടങ്ങിയിട്ടില്ല. എങ്ങും ഇരുട്ടും നിശ്ശബ്ദതയും മാത്രം.
അവൻ തൻ്റെ പെട്ടി എടുത്ത് കട്ടിലിൽ വച്ച ശേഷം ഓരോരോ സാധനങ്ങളും അതിൽ നിന്നുമെടുത്ത് പുറത്ത് വെച്ചുകൊണ്ട് അവ അടുക്കി വെക്കാൻ തുടങ്ങി. ഏകദേശം പത്ത് മിനുട്ടുകൊണ്ട് തന്നെ സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വച്ച ശേഷം അടുക്കളയിലേക്ക് ചെന്ന് നോക്കി. താൻ പറഞ്ഞ് തരപ്പെടുത്തിയത് പോലെ തന്നെ ആവശ്യത്തിനുള്ള സാധനങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു. ആര്യൻ ഒരു ഗ്ലാസ്സ് കാപ്പി ഇടാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി.