കതക് തുറന്ന് തിണ്ണപ്പടിയിൽ വന്നിരുന്നുകൊണ്ട് താൻ ഉണ്ടാക്കിയ കാപ്പി ആസ്വദിച്ച് കുടിച്ച് ആര്യൻ പുറത്തേക്കും നോക്കി ഇരുന്നു. ഒട്ടും തന്നെ സമയം കളയാതെ ബാത്ത്റൂമിൽ പോയ ശേഷം അവൻ കുളിക്കാൻ ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് മന്ദാരക്കുളത്തിലേക്ക് പോകുവാനായി തയ്യാറെടുത്തു.
വീട് പൂട്ടി താക്കോൽ ജനലിനിടയിലൂടെ അകത്തേക്ക് ജനൽ പടിയിൽ തന്നെ വെച്ചിട്ട് ജനൽ പാളി അടച്ച ശേഷം ആര്യൻ കുളത്തിലേക്ക് നടന്നു.
അന്തരീക്ഷത്തിൽ വെളിച്ചം വീണു തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും വഴിയും പരിസരങ്ങളും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഒരു വീട്ടിൽ പോലും വെളിച്ചമോ അനക്കമോ ഒന്നും തന്നെ അവന് കാണാൻ സാധിച്ചിരുന്നില്ല. ഞായർ ആയതുകൊണ്ട് എല്ലാവരും തന്നെ ഉറക്കം ആയിരിക്കണം എന്നവൻ കരുതി. എന്നിരുന്നാലും ആ ഒരു നിശ്ശബ്ദതയിലും അവൻ ആ ഗ്രാമ ഭംഗി നന്നേ ആസ്വദിച്ചുകൊണ്ട് തന്നെ നടത്തം തുടർന്നു.
ഏകദേശം പത്ത് മിനിറ്റോളം നീണ്ട നടത്തത്തിനൊടുവിൽ ആര്യൻ കുളത്തിൽ എത്തിച്ചേർന്നു. വീണ്ടും ആ മനം മയക്കുന്ന ദൃശ്യവിസ്മയത്തിന് മുന്നിൽ നിന്നുകൊണ്ട് മന്ദാരപ്പൂക്കളോട് ലയിച്ചു ചേർന്ന ശുദ്ധവായു കണ്ണുകൾ അടച്ച് അന്തരീക്ഷത്തിൽ നിന്നും ശ്വസിച്ചുകൊണ്ട് ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചു. അപ്പോൾ അവന് ലഭിച്ച ഒരു അനുഭൂതി ജീവിതത്തിൽ ഇതുവരെ മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ലാത്ത ഒന്നായി മാറി.
ആര്യൻ മെല്ലെ പടവുകൾ ഓരോന്നായി ഇറങ്ങി. അവൻ കൈയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും സോപ്പും താഴെ വെച്ചതിനു ശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഓരോന്നായി അഴിക്കാൻ തുടങ്ങി. അത് അവിടെ കണ്ട ഒരു നനകല്ലിലേക്ക് വെച്ചുകൊണ്ട് ഒരു തോർത്ത് എടുത്ത് അരയിൽ മുറുക്കി കെട്ടി. ശേഷം അടിയിലൂടെ ഷഡ്ഡിയും വലിച്ച് ഊരിയ ശേഷം അതും ആ കല്ലിലേക്ക് തന്നെ ഇട്ടു.
ആര്യൻ മെല്ലെ അവൻ്റെ വലതുകാൽ വെള്ളത്തിലേക്ക് താഴ്ത്തിയതും കഠിനമായ തണുപ്പ് കാരണം പൊടുന്നനെ പിറകിലേക്ക് വലിച്ചുപോയി. ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം വീണ്ടും ഒരു ദീർഘശ്വാസം വലിച്ചുവിട്ടുകൊണ്ട് അവൻ രണ്ടും കൽപ്പിച്ച് പടവിൽ നിന്നും കുളത്തിലേക്ക് കൈകൾ രണ്ടും ചേർത്ത് പിടിച്ചുകൊണ്ട് ഒറ്റ ചാട്ടം. ഗ്ലും…