ഏകദേശം അഞ്ച് സെക്കൻഡുകൾ വെള്ളത്തിനടിയിൽ കിടന്ന ശേഷം ആര്യൻ “ഹൂ…” എന്ന് പറഞ്ഞുകൊണ്ട് കുളത്തിൽ ചിതറി കിടക്കുന്ന മന്ദാരപ്പൂക്കൾക്ക് ഇടയിലൂടെ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നു. അവൻ അൽപ്പ സമയം വെള്ളത്തിൽ അങ്ങനെ തന്നെ കിടന്നുകൊണ്ട് ആ തണുപ്പുമായി ശരീരത്തെ പൊരുത്തപ്പെടുത്തിയെടുത്തു.
തിരിച്ചു വന്ന് വെള്ളത്തിനടിയിൽ ഉള്ള ഒരു പടിയിൽ തന്നെ നിന്നുകൊണ്ട് അവൻ നനകല്ലിനു മുകളിൽ വച്ച വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് കഴുകുവാൻ ആരംഭിച്ചു.
പെട്ടെന്നായിരുന്നു “അല്ലാ ഇതാരപ്പാ ഈ കൊച്ചുവെളുപ്പാൻ കാലത്ത് തന്നെ…” എന്ന് ആരുടെയോ ശബ്ദം അവൻ്റെ കാതുകളിൽ പതിച്ചത്. ചുറ്റും എങ്ങും നിശ്ശബ്ദത ആയിരുന്നതിനാലും പ്രതീക്ഷിക്കാതെ ഉള്ള ഒച്ച ആയതിനാലും ആര്യൻ ഒന്ന് ഞെട്ടി വിറച്ചു. നോക്കുമ്പോൾ കൈയിൽ ഒരു ബക്കറ്റും ആയി അതാ നിൽക്കുന്നു ചന്ദ്രിക ചേച്ചി.
“എൻ്റെ പൊന്നു ചേച്ചി എൻ്റെ നല്ല ജീവൻ അങ്ങ് പോയി കേട്ടോ…”
“എന്താ പേടിച്ചുപോയോ ഹഹഹ.”
“പിന്നില്ലാതെ മനുഷ്യനെ അലറികൂവി പേടിപ്പിച്ചതും പോരാഞ്ഞ്…”
“ഞാൻ പ്രതീക്ഷിക്കാതെ ഒരാളെ കണ്ടതുകൊണ്ട് ചോദിച്ച് പോയതാണേ.” ഒരു ചെറിയ തോർത്ത് മാത്രം ഉടുത്ത് നിൽക്കുന്ന ആര്യനെ ആപാദചൂഡം ചൂഴ്ന്നെടുത്തുകൊണ്ട് ചന്ദ്രിക പറഞ്ഞു.
“ഹാ ഇനി പ്രതീക്ഷിക്കാതെ ഈ ആളെ പലപ്പോഴും കണ്ടു എന്ന് വരും ഹഹഹ.”
“ആയിക്കോട്ടെ…സന്തോഷമേ ഉള്ളൂ…അല്ലാ ഈ വെട്ടം വീണു തുടങ്ങുന്നതിനു മുന്നേ തന്നെ ഒക്കെ എഴുന്നേറ്റ് പോരാൻ എന്താ കാരണം…ക്ഷീണം ഒക്കെ മാറിയോ?” ബക്കറ്റ് പടവിൽ വെച്ചുകൊണ്ട് ചന്ദ്രിക ചോദിച്ചു.
“സത്യം പറഞ്ഞാല് ഇന്ന് എഴുന്നേൽക്കാൻ താമസിച്ചു…അത്രക്കുണ്ടായിരുന്നു ക്ഷീണം. എന്തായാലും ഒന്ന് മുങ്ങി നിവർന്നപ്പോഴേക്കും ക്ഷീണം ഒക്കെ പാടെ മാറി…നാട്ടിൽ ആയിരുന്നപ്പോൾ പത്രം ഇടാനും പാല് കൊടുക്കാനും ആയിട്ടൊക്കെ പോകാൻ വെളുപ്പിനെ അഞ്ച് മണിക്ക് എഴുന്നേൽക്കുന്നതാ. അതുപിന്നെ ഒരു ശീലം ആയി മാറി. അവിടൊക്കെ ഒരു ആറ് ആവുമ്പോഴേക്കും നല്ല വെട്ടം വീണിട്ടുണ്ടാകും.”
“ഹാ ഇവിടെ ഒരു ആറര എങ്കിലും ആകും വെട്ടം ഒന്ന് വീണു തുടങ്ങാൻ തന്നെ.”