റോക്കി [സാത്യകി]

Posted by

‘ഓണം ആയിട്ട് ഇതാണോ നിനക്ക് ഇട്ടോണ്ട് വരാൻ തോന്നിയ വേഷം.. സമയം ഇല്ലാതായി പോയി.. ഇല്ലെങ്കിൽ നിന്നെ തിരിച്ചു പോയി ഡ്രസ്സ്‌ മാറ്റിച്ചേനെ ഞാൻ..’

 

‘അതിനിപ്പോ എന്താ.. നല്ലതല്ലേ. ഇത് പുതിയതാ. ഞാൻ അധികം ഇട്ടിട്ടില്ല..’

 

‘പുതിയത് ആണെന്ന് വച്ചു ഓണത്തിന് ആരെങ്കിലും ഹൂഡി ആണോ ഇടുന്നത്.. അതും ബ്ലാക്ക് കളർ..’

 

‘അത് ചേട്ടനും ബ്ലാക്ക് ആണല്ലോ..’

 

ഞാൻ ഒരു ബ്ലാക്ക് ഡെനിം ഷർട്ട് ആയിരുന്നു വേഷം. ഒപ്പം കറുത്ത കര മുണ്ടും. ഇതേ ഡ്രസ്സ്‌ ന്റെ റെഡ് രാഹുലും ബ്ലൂ ആഷിക്കും എടുത്തു. ഒരേ കളർ എടുക്കിന്നതിലും ബെറ്റർ ഒരേ ടൈപ്പ് പല കളർ എടുക്കുന്നത് ആണെന്ന് ഞാൻ ആണ് പറഞ്ഞത്. ബ്ലാക്ക് എന്റെ ഇഷ്ടനിറങ്ങളിൽ ഒന്നായത് കൊണ്ട് ആ നിറത്തിൽ തന്നെ ഒരെണ്ണം പിന്നെയും വാങ്ങി..

‘ഞാൻ ബ്ലാക്ക് ഷർട്ട്‌ അല്ലെ. അതിന് ചേർന്ന മുണ്ടും. ഇത് ഓണത്തിന് ചേർന്ന ലുക്ക്‌ തന്നെ ആണ്..’

 

‘അപ്പൊ എന്റെ ചേരില്ല..?

ഇഷാനി ചുമ്മാ തർക്കിക്കാൻ വേണ്ടി ചോദിച്ചു

 

‘പിന്നെ ഭയങ്കരം. നിന്നെ കണ്ടാൽ ഏതോ കൊറിയൻ ഡ്രാമയിലെ നായികയേ പോലെ ആണ്. അതേ ഡ്രസിങ് സ്റ്റൈൽ, അതേ ഹെയർ കട്ട്, നിറവും അവരുടെ പോലെ ഒക്കെ ഉണ്ട്. നീ മലയാളി അല്ലെ ഇഷാനി ശരിക്കും..?

ഞാനതൊരു തമാശക്ക് ആണ് ചോദിച്ചത് എങ്കിലും അവളത് വളരെ സീരിയസ് ആയി എടുത്തത് പോലെ എനിക്ക് തോന്നി. ഞാൻ പറഞ്ഞതിൽ എന്താണ് ഇത്ര വേദനിക്കാൻ ഉള്ളതെന്ന് എനിക്ക് മനസിലായില്ല.

 

‘അത് വിട്.. അസ്സൈമെന്റ് എഴുതി വച്ചോ..’

ഞാൻ ആ വിഷയം മാറ്റാൻ ശ്രമിച്ചു

 

‘എഴുതി. ഇന്നലെ എഴുതി തീർന്നു കിടന്നപ്പോൾ ഒരു സമയം ആയി. കൈ ഒക്കെ ഇപ്പോളും വേദനിക്കുന്നു..’

 

‘ഞാൻ ഇന്നലെ ആവുന്ന പറഞ്ഞ അല്ലെ പരിപാടിക്ക് വാ പരിപാടിക്ക് വാ എന്ന്. മൂത്തവർ പറഞ്ഞാൽ അനുസരിക്കണം. അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും..’

Leave a Reply

Your email address will not be published. Required fields are marked *