“ചാകടാ പൊലയാടി മോനെ…ആ…..” ജോൺ അലറി വിളിച്ചു… രാഹുൽ ഫർസാനയുടെ കൈയ്യിലെ പിടുത്തം വിട്ടു ശ്വാസം കിട്ടാത്തെ കൈ സോഫയിൽ എല്ലായിടത്തും പ്രാണരക്ഷാർത്തം പരതുവാൻ തുടങ്ങി. അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി , നെറ്റിൽ നിന്ന് വിയർപ്പ് കണങ്ങൾ പൊടിഞ്ഞ് മുഖത്തേക്ക് ഒഴിച്ചിറങ്ങി… മനു ചാടി എഴുന്നേറ്റ് ജോണിന്റെ കൈകളെ ഷാളിൽ നിന്ന് പിടുത്തും വിടുവിക്കുവാൻ ശ്രമിച്ചു… ജോൺ സർവ്വത്ര ശക്തിയും ഉപയോഗിച്ച് ഷാൾ പിറകിലേക്ക് വലിച്ചു…
” പോ… പോയി രക്ഷപ്പെട് … ” രമ്യയേയും ഫർസാനയേയും നോക്കി ജോൺ അലറി, പകച്ച് ഇരുന്നിരുന്ന ഫർസാനയുടെ കൈ പിടിച്ചു കൊണ്ട് രമ്യ വാതിൽ ലക്ഷ്യമാക്കി ഓടി ..
“ആ………..” 💥💥
ഇടനാഴിയിലേക്ക് എത്തുന്നതിന് മുൻപായി പെട്ടെന്നാണ് പിറകിൽ നിന്നും ജോണിന്റെ ശക്തമായ അലർച്ചയും വെടി പൊട്ടിയ ശബ്ദവും കേട്ടത്… ഉടൻ തന്നെ വീണ്ടും ഒരു വെടിയൊച്ച കേട്ടു. അവർ രണ്ട് പേരും തണുത്തുറച്ച മട്ടിൽ അവിടെ നിശ്ചലരായി അവിടെ വിറങ്ങലിച്ച് നിന്നു .
തിരിഞ്ഞ് നോക്കിയ അവർ കണ്ടത് നെഞ്ചിൽ വെടിയേറ്റ് രക്തം വാർന്ന് നിശ്ചലമായി കിടക്കുന്ന ജോണിനേയും കൈയ്യിൽ തോക്കുമായി പുറംതിരിഞ്ഞ് നിൽക്കുന്ന രാഹുലിനേയും ആണ്. അവിടെ നിന്നും ഓടി രക്ഷപ്പെടാൻ അവരുടെ മനസ്സ് മുറവിളിയിടുന്നുണ്ടെങ്കിലും കാലിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ . അത് വരെ ധൈര്യപൂർവം പെരുമാറിയ രമ്യ വിയർക്കാൻ തുടങ്ങി.
തന്റെ മുഖത്തേക്ക് ചീറ്റിയ രക്തം തുടച്ച് കൊണ്ട് പൈശാചികമായ ചിരിയുമായി രാഹുൽ അവർക്ക് നേരെ നടന്നടുത്തു. അവന്റെ കഴുത്തിൽ ഷാൾ മുറുകിയിടത്ത് ചോര പൊടിഞ്ഞിരുന്നു. അവരുടെ കാലിൽ നിന്നും ഭയം മുകളിലേക്ക് കയറി വന്നു. ഹൃദയ താളത്തിന്റെ വേഗം കൂടി വന്നു. മുഖം വിളറി വെളുത്തു.
“എന്താ ഓടി രക്ഷപ്പെടുന്നില്ലേ ?” അവരുടെ മുന്നിൽ വന്ന് നിന്ന രാഹുൽ ചോദിച്ചു. അവന്റെ മുഖത്ത് പറ്റിയ ചോരയുടെ ഗദ്ധം അവരുടെ നാസികയിലേക്ക് വമിച്ചു. രാഹുലിന്റെ കണ്ണിലെ രൂക്ഷത അവരുടെ ആത്മാവിനെ കാർന്ന് തിന്നാൻ പാകത്തിനുള്ളതായിരുന്നു.
“എടീ, നിന്നോടാ ചോദിച്ചത് രക്ഷപെടണില്ലേ എന്ന് …. ഒരു കാര്യം ചെയ്യാം, എന്നെ കൊന്ന് നീയെല്ലാം പോയേക്ക് ….” ഇത് പറഞ്ഞ് അവൻ തോക്കെടുത്ത് തന്റെ നെഞ്ചിന് നേരെ വെച്ച് രമ്യയുടെ തണുത്ത് വിറങ്ങലിച്ച കൈ കൊണ്ട് അതിൽ പിടിപ്പിച്ചു.