എന്നാൽ ഈ സമയം വീടിനുള്ളിലേക്ക് കയറിപ്പോയ സുഹറ തിരികെ വന്ന് അവളുടെ കൈയിൽ കരുതിയ അമ്പതിൻ്റെയും നൂറിൻ്റെയും കുറച്ച് നോട്ടുകൾ രാജൻ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
“ദാ കിടക്കുന്നു നിങ്ങൾക്ക് വേണ്ട പണം…കൊണ്ടുപോ…കൊണ്ടുപോയി കുടിച്ച് നശിക്ക്…” എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു.
അതുകണ്ട രാജൻ ആര്യൻ്റെ ദേഹത്ത് നിന്നും കൈകൾ പിൻവലിച്ച് താഴെ ചിതറിക്കിടന്ന നോട്ടുകൾ വാരി എടുത്തു.
“തൽക്കാലത്തേക്ക് ഇത് മതി…പക്ഷേ ഇതുകൊണ്ട് ഞാൻ പോകുമെന്ന് നീ വിചാരിക്കേണ്ട മൈരേ…അവളുടെ ഭിക്ഷ…ത്ഫൂ…”
ലിയ വീണ്ടും ആര്യൻ്റെ അടുത്തേക്ക് ചെന്നുകൊണ്ട് “വാ പോകാം…വരാനാ പറഞ്ഞത്” എന്നൊക്കെ പറഞ്ഞ് അവൻ്റെ കൈയിൽ പിടിച്ച് വലിച്ചു.
ഈ സമയം രാജൻ ലിയയെ അവൻ്റെ കഴുകൻ കണ്ണുകൾകൊണ്ട് നോക്കുന്നത് ശ്രദ്ധിച്ച ആര്യൻ അവൻ്റെ കൈകളുടെ മുഷ്ടി ചുരുട്ടിയെങ്കിലും ലിയയുടെ കെഞ്ചിയുള്ള വിളികൾ അവനെ കൂടുതൽ ഒന്നും ചെയ്യാൻ അനുവദിച്ചില്ല.
ലിയ അവനെ വലിച്ചുകൊണ്ട് നടന്നു. ആര്യൻ മെല്ലെ പിറകിലേക്ക് ഓരോ അടികൾ വച്ചുകൊണ്ട് രാജനെ ക്രോധത്താൽ നോക്കി. തിരിഞ്ഞ് നടക്കുന്നതിന് മുൻപ് അവൻ സുഹറയുടെ മുഖത്തും ഒരുനോക്ക് നോക്കി. സുഹറ കലങ്ങിയ കണ്ണുകളാൽ ആര്യനെ നോക്കി നിൽക്കുകയായിരുന്നു. അത്രയും വേദന സഹിച്ച് കണ്ണുനീർ പൊഴിക്കുമ്പോഴും അവളുടെ മുഖത്ത് ആര്യനോടുള്ള കടപ്പാട് നിറഞ്ഞു നിന്നിരുന്നു.
ആര്യൻ ലിയയുടെ ഒപ്പം ഓഫീസിലേക്ക് നടന്നു. നടക്കുമ്പോൾ മുഴുവൻ ആര്യൻ്റെ മനസ്സിൽ രാജൻ്റെ ഭയാനകമായ മുഖം ആയിരുന്നു മനസ്സിൽ. കുറ്റിത്താടി നിറഞ്ഞ, കട്ടി മീശയുള്ള, നെറ്റിയിൽ ഒരു മുറിവിൻ്റെ പാടുള്ള, ബീഡിയുടെ കറ പറ്റിയ പല്ലുകളുള്ള ആർക്കും കണ്ടാൽ പേടി തോന്നിക്കുന്ന ഒരു നീച മുഖം ആയിരുന്നു രാജൻ്റേത്. തന്നെ ആദ്യം കണ്ടപ്പോൾ അയാളുടെ കണ്ണിൽ കണ്ട ആ രൗദ്രത ആദ്യമായി കാണുന്ന ഒരാളോട് തോന്നിയതുപോലെ ആയിരുന്നില്ല എന്ന് ആര്യൻ ഓർത്തു.
അവർ ഓഫീസിലേക്ക് കയറിയതും ലിയ അവളുടെ അരിശം മുഴുവൻ അവനെ ശാശിച്ച് തീർക്കാൻ തുടങ്ങി. എന്നാൽ അതൊന്നും ആര്യൻ കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ്റെ മനസ്സിൽ അപ്പോഴും രാജൻ്റെ രൂപം ആയിരുന്നു.