“അതൊന്നും ശെരിയാകില്ല അമ്മാ, അയാൾ മയക്ക് മരുന്നിനു അടിമയായിരുന്നില്ലേ! ഞാൻ എത്ര നോക്കി.. ഇനി എന്നെക്കൊണ്ട് പറ്റില്ല. ഹ്മ്മ്, ഇപ്പോൾ സംഭവിച്ചത് തന്നെ എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നെ..”
“മോളെ അങ്ങനെ ഒന്നും പറയെല്ല്!.. മൊത്തം തളർന്ന് ഒന്ന് മിണ്ടാൻ പോലും കഴിയാതെ ബെഡിൽ ഒരേ കിടപ്പാണ് അവൻ.. നീ അവിടെ അവനരികിൽ ഉണ്ടേൽ അവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരും, ഉറപ്പാണ്..”
“അതു കൊണ്ട് എനിക്ക് ഒരു മെച്ചവും ഇല്ലല്ലോ.. തിരിച്ചു വന്നാൽ അയാൾടെ തനി സ്വഭാവം വീണ്ടും തുടങ്ങും!..” പ്രിയ വീണ്ടും മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു.
“പ്രിയമോളെ, നിന്റെ അനിയത്തിയുടെ കല്ല്യാണം ഒരു കുറവും കൂടാതെ അവർ നടത്തിത്തരും എന്നാണ് വാക്ക്.. ഇനി കല്യാണത്തിന് മൂന്ന് ആഴ്ച മാത്രവേ ഉള്ളു. നീ ഇങ്ങനെ പിണങ്ങി വന്ന് വീട്ടിൽ നിന്നാൽ എന്താ നമ്മള് ചെയ്യുക? സാമ്പത്തികമായും അല്ലാണ്ടും അവരല്ലേ നമ്മളെ സഹായിക്കാനുള്ളു.. എങ്കിലും നീ പറയുന്നതും അമ്മക്ക് മനസ്സിലാകും. തൽകാലം ഒരു രണ്ട് മാസം അവിടെ പിടിച്ചു നിൽക്ക്, നിന്റെ അനിയത്തിയെ എങ്ങനേലും ഒന്ന് നല്ല രീതിയിൽ കെട്ടിച്ചു വിടട്ടെ, പിന്നെ നിന്റെ ഇഷ്ടമെന്താന്നു വെച്ചാൽ നിനക്കപ്പോൾ ചെയ്യാം.. പ്ലീസ് മോളേ.”
“മ്മ്.. എങ്കിലും ഞാൻ തിരിച്ചു പോവാം. അയാൾക്ക് വേണ്ടിയല്ല, നിങ്ങൾക്ക് വേണ്ടി..” പ്രിയ ഒന്ന് അയഞ്ഞു. രാജിക്കും സന്തോഷമായി.
പ്രിയ അമ്മായി അമ്മയോട് കള്ളം പറഞ്ഞ് തന്റെ വീട്ടിൽ വന്നതായിരുന്നു. അവൾ ഇനിയങ്ങോട്ട് ഒരു മടക്കം ഇല്ല എന്നാണ് വിചാരിച്ചത്. എന്തായാലും രണ്ട് മാസം കൂടി അവിടെ പിടിച്ചു നിന്നേക്കാം എന്ന് അവൾക്കിപ്പോൾ തോന്നി. അയാൾക്ക് വേണ്ടിയല്ല, തന്റെ അനിയത്തിക്കും അമ്മയ്ക്കും വേണ്ടി..
“മോളെ, ഇപ്പോൾ തന്നെ പൊക്കോ. മാത്രമല്ല, അവൻ അങ്ങനെ കിടക്കുമ്പോൾ നീ ഇവിടിങ്ങനെ വന്നാൽ നാട്ടുകാരും ഓരോന്ന് പറയും.”
“എന്റെ പൊന്നമ്മേ, ഞാനീ നടു ഒന്ന് നിവർത്തട്ടെ. അയാള് കണ്ടതൊക്കെ വലിച്ചു കേറ്റിട്ടു തളർന്നു പോയതല്ലേ.. കുറച്ചവിടെ കിടക്കട്ടെ..”
“തൽകാലം മോളിനി ഒന്നും പറയണ്ട, വേഗം അങ്ങോട്ട് പൊക്കോ. അവൾടെ കല്ല്യാണം കൂടെ ഒന്ന് കഴിഞ്ഞു വേണേൽ നമൂക്ക് ഡിവോഴ്സ് വാങ്ങാം.. അത് വരെ എന്റെ മോൾ ഒന്നും പുറത്തു കാണിക്കണ്ട. നല്ല സ്നേഹം അഭിനയിച്ചു നിന്നാൽ മതി.”