കഴിഞ്ഞ കുറെ മാസങ്ങളിൽ അവള്‍ പലപ്പോഴും എന്നെ കുറ്റപ്പെടുത്തിയിരുന്നത് കൊണ്ട് എന്റെ മനസ്സിന്റെ മൂലയില്‍ അവളോട് തോന്നിയിരുന്നു ദേഷ്യം പോലും മഞ്ഞ് പോലെ ഉരുകി പോയിരുന്നു.
മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അവസാനം ഉറങ്ങുന്നത് വരെ എന്റെ ചുണ്ടില്‍ പുഞ്ചിരി നിറഞ്ഞു നിന്നു.
രാവിലെ അടുക്കളയില്‍ തട്ടും മുട്ടും കേട്ടാണ് ഞാൻ ഉണര്‍ന്നത്. സമയം ആറര കഴിഞ്ഞിരുന്നു.
ഞാൻ എഴുനേറ്റ് റൂമിലേക്ക് പോകുന്ന ശബ്ദം കേട്ട് ജൂലിയും സാന്ദ്രയും ഒരേ സമയത്ത് കിച്ചനിൽ നിന്നും എത്തിനോക്കി.
സാന്ദ്ര പുഞ്ചിരിച്ചു. ചെറിയൊരു നാണവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷേ ജൂലിയുടെ മുഖം ബ്ലാങ്ക് ആയിരുന്നു. വേഗം അവളുടെ തല പിൻവലിയുകയും ചെയ്തു.
കുളിയും മറ്റും കഴിഞ്ഞ് ഡ്രസ് ഇട്ടു കൊണ്ടിരുന്ന സമയം സാന്ദ്ര ചായയുമായി റൂമിലേക്ക് വന്നു. ക്ലാസിൽ പോകാൻ അവള്‍ റെഡിയായി കഴിഞ്ഞിരുന്നു.
ഞാൻ ഷർട്ട് ഇടുന്നത് കണ്ടിട്ട് അവള്‍ മുഖം ചുളിച്ചു കൊണ്ടാണ് ചായ കപ്പിനെ എന്റെ നേര്‍ക്ക് നീട്ടിയത്.
ഞാൻ വാങ്ങുകയും ചെയ്തു.
“ഷർട്ട് വേണ്ട ചേട്ടാ… ടീ ഷര്‍ട്ട് ഇടൂന്നെ.. പ്ലീസ്…!” അവള്‍ കെഞ്ചും പോലെ പറഞ്ഞു.
ഉടനെ ഞാൻ അവളുടെ കണ്ണില്‍ കൂർപ്പിച്ച് നോക്കിയതും അവള്‍ പെട്ടന്ന് റൂമിൽ നിന്നും ഇറങ്ങി പോയി.
ഷർട്ട് തന്നെ ഇട്ടിട്ടാണ് ഞാൻ ഡൈനിംഗ് റൂമിലേക്ക് ചെന്നത്. സാന്ദ്ര എനിക്കുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ഞാൻ ഷർട്ട് മാറിയില്ല എന്ന് കണ്ടതും അവളുടെ മുഖം വാടി.
ഞാൻ ഡൈനിംഗ് ടേബിളിനടുത്ത് ചെന്നു. എനിക്ക് വിളമ്പി തരാൻ ജൂലി വന്നില്ല.
മേശപ്പുറത്ത് അടുക്കി വച്ചിരുന്ന പ്ലേറ്റിൽ നിന്നും ഒരെണ്ണം എടുക്കാൻ ഞാൻ കൈ നീട്ടി. പക്ഷേ സാന്ദ്ര എന്റെ കൈ പിടിച്ചു മാറ്റി.
“ചേട്ടൻ ഇരിക്കൂ. ഞാൻ വിളമ്പി തരാം.” അതും പറഞ്ഞ് അവൾ തന്നെ എനിക്ക് എല്ലാം എടുത്ത് വച്ചു തന്നു. ശേഷം അവള്‍ക്കും വേണ്ടത് എടുത്തിട്ട് അവള്‍ ഇരുന്നു കഴിക്കാൻ തുടങ്ങി.