മഴ മേഘങ്ങൾ
Mazha Mekhangal | Author : Gibin
നേരത്തെ എന്റെ കഥകൾ വായിച്ചവർക്ക് അറിയാം ഇത് ഒരു ക്രോസ്സൊവർ സ്റ്റോറി ആയിരിക്കും. അതുകൊണ്ട് വായിക്കാത്തവർ എന്റെ മുൻപത്തെ കഥകൾ ആയ
1. ആ മഴ തോർന്നപ്പോൾ
2. മഴ മാറ്റിയ ചങ്ങാത്തം
എന്ന കഥകൾ വായിച്ചിട്ട് വായിക്കാൻ ശ്രമിക്കുക.
അധ്യായം 3
എല്ലാം ബാഗിൽ ആക്കി. ഒന്നുടെ ഉറപ്പിച്ചു ഒന്നും വിട്ടുപോയിട്ടില്ല എന്ന്. 3 ബാഗും എടുത്ത് പതുക്കെ പുറത്തേക്ക് നടന്നു. വെള്ളം നിറഞ്ഞു കിടക്കുവായിരുന്നു താഴത്തെ നില. പതുക്കെ തെന്നി വീഴാതെ പുറത്തേക്ക് ബാഗും ചുമന്നു ഇറങ്ങി. പുറത്ത് തന്നെ ഷൈൻ കാറും ആയി നിൽപ്പുണ്ട്. ഞാൻ ബാഗ് ഓരോന്നായി അകത്തേക്ക് വെച്ചു. മുൻപിൽ ഞാനും ഇരുന്നു.
“ഡി, നീ ഈ ചെയുന്നത് മണ്ടത്തരമാ. വഴി മുഴുവൻ വെള്ളം കേറി കിടക്കുവ. ഈ സമയത്ത് പോയാൽ നീ വഴിക്ക് പെട്ടു പോകും.”
ഞാൻ ഒന്ന് മൂളുക അല്ലാതെ ഒന്നും പറഞ്ഞില്ല. കാരണം ഇവന് അറിയില്ല എന്റെ അവസ്ഥ. ന്യൂസിൽ പ്രളയ ഭീഷണി കണ്ടപ്പോൾ തൊട്ട് വീട്ടുകാർ എനിക്ക് സമാധാനം തന്നിട്ടില്ല.
അവൻ എന്നെ വൈറ്റില ഹബിൽ ഇറക്കി. 3 ബാഗും ഒന്നിച്ചെടുക്കാൻ എനിക്ക് ശക്തി ഇല്ല. അതുകൊണ്ട് അവൻ 2 എണ്ണം എടുത്തു. ഞാൻ ഒരെണ്ണം എടുത്തു മഴ നനയാതെ ഓടി സ്റ്റാൻഡിൽ കയറി. ബാഗ് കൈയിൽ തന്നിട്ട് ഷൈൻ യാത്ര പറഞ്ഞു പോയി.
ചുറ്റിനും നോക്കി. നല്ല തിരക്ക്.!
രാത്രിയിൽ ഞാൻ നാട്ടിലേക്ക് ഇതുവരെ യാത്ര ചെയ്തിട്ടില്ല. അതിന്റെ പേടി ഉണ്ടായിരുന്നു എനിക്ക്. എന്നാലും ഇവിടെ കിടന്നാൽ ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്തോണ്ട് ഞാൻ പോകാൻ തീരുമാനിച്ചു. ഫോണിൽ കളിച്ചും ചായ കുടിച്ചൊക്കെ എങ്ങനെയോ സമയം തള്ളി നീക്കി. മഴ കാരണം മേഘം ഒന്നുടെ ഇരുണ്ട്.
സമയം 9:15 കഴിഞ്ഞു. 9നു വരണ്ട കൊല്ലത്തേക്ക് ഉള്ള ബസ് ഇതുവരെ എത്തിയിട്ടില്ല. ആകെപാടെ ഒരു അങ്കലാപ്പ്. ഞാൻ ബാഗ് എല്ലാം വല്ലിച്ചുകൊണ്ട് കണ്ടക്ടർ ഇരിക്കുന്ന റൂമിലേക്ക് പോയി. റൂമിൽ കട്ടൻ ചായയും, പരിപ്പ് വടയും അടിച്ചു മഴയുടെ ഭംഗി ആസ്വാധിച്ചിരുന്ന കണ്ടക്ടർ ചേട്ടന്മാർക്ക് എന്റെ വരവോരു കല്ലുകടി ആയി.
“ചേട്ടാ, കൊല്ലത്തേക്ക് ഉള്ള ബസ്സ് ഇതുവരെ വന്നില്ല. എപ്പോൾ എത്തും എന്ന് അറിയുമോ?”
ഒരു ചെറുപ്പക്കാരൻ കണ്ടക്ടർ അതിനു ഉത്തരം തന്നു.
“കൊല്ലത്തേക്ക് ഇന്ന് ബസ് ഇല്ല. പോകുന്ന എല്ലാ വഴിയും ബ്ലോക്കാ. കുറെ ഇടത്തു മരം വീണും വെള്ളം കയറിയും കിടക്കുവാ. അതുകൊണ്ട് ഇന്ന് ട്രിപ്പ് കാണില്ല.”
ഇടിവെട്ടിയവളെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ നിന്ന എന്നെ ആശ്വസിപ്പിക്കാൻ ചേട്ടൻ ഒരു കാര്യം പറഞ്ഞു തന്നു.