” വല്ലോ ടാക്സി പിടിച്ചു കോട്ടയം വരെ എത്തുമോ എന്ന് നോക്ക്. അവിടെന്ന് കൊല്ലത്തേക്ക് ബസ് കിട്ടും. ”
ഈ മഴയത്തു കോട്ടയം വരെ പോകാൻ പറ്റുന്ന ടാക്സി ഉണ്ടെങ്കിൽ അത് പിടിച്ചു എനിക്ക് നേരെ കൊല്ലത്തേക്ക് പൊയ്ക്കൂടെടാ മൈ മൈ മൈകണപ്പാ എന്ന് ചോദിക്കണം എന്ന് മനസ്സിൽ തോന്നിയെങ്കിലും അത് ഞാൻ വിഴുങ്ങിയിട്ട് തിരികെ നടന്നു. എന്ത് ചെയ്യണം എന്ന് മനസ്സിലാകാതെ നിക്കുന്ന നേരത്ത് ചെയുന്ന പോലെ ഞാൻ അമ്മയെ വിളിച്ചു.
കാര്യം അവതരിപ്പിച്ചതോടെ അമ്മയും ആശയകുഴപ്പത്തിൽ ആയി.
“നിനക്ക് കോട്ടയം വരെ എത്താൻ വല്ലോ വഴി ഉണ്ടോ മോളെ?”
“അതുണ്ടെങ്കിൽ ഞാൻ ഇപ്പോൾ അമ്മയെ വിളിക്കുമോ?”
നിശബ്ദത.
“വേറെ വഴി ഇല്ലെങ്കിൽ നിനക്ക് ശ്രേയയെ വിളിച്ചു ചോദിച്ചൂടെ? അവൾക്ക് ആകുമ്പോൾ സ്വന്തമായി വണ്ടി ഉണ്ടല്ലോ, ചിലപ്പോൾ അവൾ കോട്ടയം വരെ എത്തിക്കും.”
എനിക്ക് അവളുടെ പേര് കേട്ടപ്പോൾ തന്നെ ചൊറിഞ്ഞു വന്നു. അതിന്റെ പരിമിതഫലം എന്ന രീതിയിൽ ഞാൻ പല്ല് ഇരുമ്പി. അത് ഫോണിലൂടെ കെട്ടിട്ടാകാം അമ്മ പറഞ്ഞു.
“നിനക്ക് ബുദ്ധിമുട്ട് ആണേൽ ഞാൻ ചോദിക്കാം. അവൾ സഹായിക്കും.”
“അവൾ സഹായിച്ചിട്ട് എനിക്ക് ഇവിടെന്ന് രക്ഷപെടണ്ട. ഇവിടെ വെള്ളം പൊങ്ങി ഞാൻ ചത്താലും ഞാൻ അവളുടെ സഹായം ചോദിക്കില്ല.”
ഇത്രയും പറഞ്ഞിട്ട് ഞാൻ ഫോൺ കട്ട് ആക്കി.
അവളുടെ പേര് കേട്ടാൽ തന്നെ എനിക്ക് സമനില തെറ്റും. അതുകൊണ്ട് തന്നെ ആയിരിക്കാം എന്റെ ശബ്ദം ഉയർന്നത്. അത് കാരണം ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന ചിലർ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്. ഞാൻ ഒന്നും സംഭവിച്ചില്ല എന്ന രീതിയിൽ തിരികെ നടന്നു.
മഴ തകർത്ത് പെയ്തുകൊണ്ട് ഇരുന്നു. ഷൈനിനെ വിളിച്ചു. തിരിച്ചെന്നെ ആ ഹോസ്റ്റലിൽ എത്തിക്കാമോ എന്ന് ചോദിക്കാൻ ആയിരുന്നു. എന്നാൽ അവൻ ഫോൺ എടുക്കുന്നില്ല. അവൻ 9 ആകുമ്പോൾ സ്റ്റഫ് അടി തുടങ്ങിയാൽ പിന്നെ രാവിലെയേ ബോധം വരൂ. എന്നാലും തുടരെ വിളിച്ചു നോക്കി. എങ്ങനെങ്കിലും തിരിച്ചെത്തണം എന്നെ മനസ്സിൽ ഉള്ളു. മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ ഫോൺ എടുത്തു.
“ഡാ, നീ എന്നെ ഒന്ന് തിരിച്ചു കൊണ്ട് ആക്കാൻ പറ്റുമോ? ഇവിടെ ബസ് ഇല്ലെടാ. പ്ലീസ്.”
തിരികെ അതിൽ നിന്നു വന്നത് തീരെ പരിചയം ഇല്ലാത്ത ഒരു ശബ്ദം ആയിരുന്നു.
“അവൻ അടിച്ചു ഓഫ് ആണ്. താൻ എവിടാ?”
ഈ സമയത്ത് ഇയാൾ ആയിരിക്കും എന്റെ രക്ഷകൻ എന്ന് എന്റെ മനസ്സിൽ പറഞ്ഞു.
“ഞാൻ വൈറ്റില ഹബിൽ നിക്കുവ. ഇവിടെനിന്നു പോകാൻ എനിക്ക് ബസ് ഇല്ല. അവനെ ഒന്ന് ഉണർത്തി ഇങ്ങോട്ട് വിടാമോ?”
“അവൻ ഉണരും എന്ന് തോന്നുന്നില്ല. താൻ അവിടെ തന്നെ നിക്ക്. ഞാൻ വരാം.”
ഞാൻ ഒന്നും മിണ്ടിയില്ല.
“കാക്കനാട് വരെ എത്തിച്ചു തരുന്ന കാര്യം ഞാൻ ഏറ്റു. “
മഴ മേഘങ്ങൾ [Gibin]
Posted by