മഴയുടെ ശക്തി കൂടി. അവൾ ട്രാഫിക് എല്ലാം കടന്നു നീങ്ങി. യാത്ര അവസാനിച്ചത് ഒരു വലിയ ഫ്ലാറ്റിന്റെ ചുവട്ടിൽ ആണ്. കാർ പതുക്കെ പാർക്ക് ചെയ്തിട്ട് അവൾ ഇറങ്ങി. എന്നോട് ഇറങ്ങാൻ പറഞ്ഞതും ഇല്ല. ഞാനും ചാടി ഇറങ്ങി ഒരു ബാഗ് എടുത്തപ്പോളേക്കും അവൾ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് നടന്നു നീങ്ങി. മൂന്ന് ബാഗും എടുത്തുകൊണ്ടു അവളോടൊപ്പം പോകുന്നത് നടക്കുന്ന കാര്യം അല്ലെന്നു മനസിലാക്കി തോളിൽ ഇട്ട ബാഗും ആയിട്ട് അവളുടെ പുറകെ ഓടി. ലിഫ്റ്റിന്റെ മുൻപിൽ വെച്ചു അവളെ കണ്ടുമുട്ടി. അവൾ ലിഫ്റ്റിൽ കയറി, കൂടെ ഞാനും. അവൾ ഏഴാം നിലയിലേക്ക് ഉള്ള ബട്ടൺ അമർത്തി.
ഏഴാം നിലയിൽ എത്തിയതും വീണ്ടും അവൾ മുൻപിൽ നടന്നു. നിശബ്ദത നിറഞ്ഞ ഫ്ലാറ്റ്.
ഓരോ റൂമിന്റെ മുൻപിലും ഉള്ള ബോര്ഡിലെ പേരുകൾ വായിച്ചു വായിച്ചു ഞാൻ മുൻപോട്ട് നടന്നു.
701 ബാബു വര്ഗീസ്, mbbs
702 ജലീൽ റഹ്മാൻ, CA
703 ഗ്ലോറി സെബാസ്റ്റ്യൻ, LLB
704 ശ്രേയ, (വാലും ഇല്ല, ക്വാളിഫിക്കേഷനും ഇല്ല)
അവൾ അവിടെ നിന്നിട്ട് കാളിങ് ബെൽ അമർത്തി. ഞാനും പുറകിൽ നിന്നു. പെട്ടെന്ന് വാതിൽ തുറന്നു. അകത്തു നിന്നു ഒരു പെൺകുട്ടി ഞങ്ങളെ നോക്കി ചിരിച്ചു. ശ്രേയ ഉള്ളിലേക്ക് കടന്നു, പുറകെ ഞാനും. ആ പെൺകുട്ടി എന്നെ നോക്കി ചിരിച്ചു, ഞാനും ചിരിച്ചു. ഒന്നും മിണ്ടിയില്ല. അകത്തോട്ടു നടന്ന എന്റെ മുൻപിൽ ശ്രേയ നിന്നിട്ട് എന്നെ ആ പെൺകുട്ടിക്ക് പരിചയപ്പെടുത്തി.
“ഇത് എന്റെ കസിൻ, കാവ്യ. വർഷങ്ങൾ കഴിഞ്ഞു ഇപ്പോള കാണുന്നെ.
കാവ്യ, ഇത് നിത്യ. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ജോലി ചെയുന്നു. ഇപ്പോൾ സ്വന്തമായി കഥ എഴുതാൻ നോക്കുന്നു.”
ഞങ്ങൾ വീണ്ടും തമ്മിൽ നോക്കി ചിരിച്ചു. എന്നിട്ട് ഉള്ളിലേക്കു ഞാൻ നടന്നു. ബാഗ് താഴെ വെച്ചിട്ട് ഹാളിലെ സോഫയിൽ ഞാൻ ഇരുന്നു ചുറ്റും നോക്കി. ഇത്രയും വലിയ ഫ്ലാറ്റിൽ കയറുന്നത് തന്നെ ഇത് ആദ്യം ആയിട്ടാ. ചുമ്മാതല്ല ഉള്ള വക്കിലും ഡോക്ടറും എല്ലാം ഇവിടെ തന്നെ സെലക്ട് ചെയ്തത്.
വലിയ ഹാൾ, അതിനു ചേരുന്ന ഒരു ടീവി. നല്ല രീതിയിൽ ഡെക്കറേറ്റ് ചെയ്ത ഇന്റീരിയർ, എല്ലാത്തിനും പുറമെ നല്ല വൃത്തിയും. ഞാൻ ഇതൊക്കെ കണ്ടു ആസ്വദിച്ചിരുന്ന സമയത്ത് നിത്യ എന്റെ അടുക്കെ വന്നു. എന്നിട്ട് നല്ല തണുത്ത ഒരു ക്യാൻ പെപ്സി നീട്ടി. ഞാൻ അത് കണ്ടതും മനസ്സിൽ ആലോചിച്ചു.
” വട്ട് പകർച്ചവ്യാധി ആണോ? അവൾക്ക് വട്ട് ഉണ്ടെന്ന കാര്യം എനിക്ക് ഉറപ്പാണ്, ഇവൾക്കും വട്ട് ഉണ്ടോ? അല്ലെങ്കിൽ ഈ തണുപ്പത്തു ഇത്രെയും തണുത്ത പെപ്സി കൊണ്ടുവന്നു തരുമോ? ”
ഏതായാലും തന്നത് വേണ്ടാന്ന് പറയേണ്ട എന്നോർത്തു ഞാൻ അത് വാങ്ങി തുറക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു.
“കുടിക്കാൻ ചായ ഇടുന്നുണ്ട്. ഇത് മുഖത്തു വെക്കാനാ. കവിൾ നന്നായി ചുവന്നു ഇരിപ്പുണ്ട്. തണുപ്പ് വെച്ചില്ലേൽ രാവിലത്തേക്ക് നീര് വെക്കും.”
ഇത് കേട്ട് ഒരു ചിരി പാസ്സ് ആകിയിട്ട് ഞാൻ പെപ്സി മുഖത്തു വെച്ചു. അവൾക് മനസ്സിലായോ എന്നെ അടിച്ചത്? ആരാ അടിച്ചത് എന്ന് പോലും ചോദിച്ചില്ലലോ അതൊ എന്നെ അടിക്കും എന്ന് ഇവിടുന്ന് പ്ലാൻ ചെയ്തിട്ടാണോ വന്നത്. ആകെ ആശയകുഴപ്പം. എന്താണേലും തണുപ്പ് വച്ചതോടെ ചെറിയ ഒരു ആശ്വാസം കിട്ടി.
മഴ മേഘങ്ങൾ [Gibin]
Posted by