“നെവില്‍ മൂന്ന്‍ വരെ കൌണ്ട് ചെയ്യും… മൂന്ന്‍ എന്ന് പറയുമ്പോള്‍ ഞാന്‍ നെവിലിന്‍റെ കൂടെ താഴെ വെള്ളത്തിലേക്ക് ചാടണം…അതല്ലേ?”
“അതേ…”
ഫിലിപ്പ് അവന്‍റെ തോളില്‍ അഭിനന്ദനപൂര്‍വ്വം ഒന്ന് അടിച്ചു. എന്നിട്ട് വീണ്ടും അവന്‍ കൂട്ടുകാരെ നോക്കി പരിഹാസപൂര്‍വ്വം പുഞ്ചിരിച്ചു.
അപ്പോഴേക്കും അടഞ്ഞു കിടന്ന ആ കെട്ടിടത്തിനു മുമ്പില്‍ അവരെത്തിയിരുന്നു. ജൊഹാന ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ് എന്ന് വലിയ ബോര്‍ഡ് വെച്ച ഒരു ഗേറ്റ് ആ കെട്ടിടത്തിനു മുന്‍പിലുണ്ടായിരുന്നു. പഴകി തുരുമ്പിച്ച ഗേറ്റ്. പൊടിയും പഴക്കവും കാരണം ബോര്‍ഡിലെ അക്ഷരങ്ങള്‍ മങ്ങിയിരുന്നു.
“ജൊഹാന ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ്?”
അങ്ങനെ മന്ത്രിച്ചുകൊണ്ട് അവന്‍ ചോദ്യരൂപത്തില്‍ നോക്കി.
“അത് തന്നെ, ഹെലന്‍റ്റെ ഡാഡിയുടെ കമ്പനി..അടച്ചു പൂട്ടി..അവളുടെ മമ്മിയുടെ മരണ ശേഷം…ഇക്കാണുന്ന ബില്‍ഡിങ്ങ്സ് മുഴുവനും കക്ഷിയുടേതാ….. ഏകദേശം ഇരുപത് ഹെക്റ്റര്‍ എങ്കിലുമുണ്ട് ഈ സ്ഥലം…അതും ഇവിടെ ഹൈവേയുടെ അരികില്‍…സിറ്റീടെ അടുത്ത്…അതും പോരാഞ്ഞിട്ട് വലിയ റാഞ്ച് ഉണ്ട്…അതൊരായിരം ഹെക്റ്റര്‍ എങ്കിലും കാണും…എല്ലാം നോക്കി നടത്തുന്നത് ഒരു മാനേജരാ… മാനേജര്‍മ്മാരെ ചുമതല ഒക്കെ ഏല്‍പ്പിച്ചിട്ട് റവറന്‍റ്റ് ഡെറിക്സണ്‍ ഇപ്പം ഫുള്‍ ടൈം ദൈവവേലയില്‍…”
“മാനേജര്‍മ്മാര് മാത്രമല്ല…”
എറിക് ഇടയില്‍ കയറി.
“വിര്‍ജിന്‍ മേരി …എന്നുവെച്ചാ ഹെലന്‍ അവള്‍ ഫ്രീ ടൈമില്‍ അതിന്‍റെ മേല്‍നോട്ടമോക്കെ നടത്താറുണ്ട്…”
“അവളില്ലാത്തപ്പം നെനക്ക് എന്നാ ഒരു ഒലിപ്പീരാ എന്‍റെ എറിക്കേ…!”
ജഗദീഷ് പരിഹാസപൂര്‍വ്വം ചോദിച്ചു.
“അവള് മുമ്പി വന്നാ അന്നേരം പച്ചയ്ക്കങ്ങ് കളിയാക്കാന്‍ മുമ്പില്‍ നില്‍ക്കുന്ന ടീമാണ്…എന്നിട്ടാ!”
“പൊക്കോണം!”
എറിക് ശബ്ദമുയര്‍ത്തി.
“ഞാനവളെ കളിയാക്കുമ്പം കൂടെ നിന്ന് കിക്കിക്കിക്കീന്ന് ഇളിച്ചോണ്ട് നിക്കാന്‍ നെനക്കൊന്നും ഒരു മടിയും ഇല്ലല്ലോ…!”
കൂട്ടുകാര്‍ എല്ലാവരും ചിരിച്ചു.
“നെവിലെ റെഡിയല്ലേ?”
മുമ്പില്‍ നടക്കുകയായിരുന്ന ഫിലിപ്പ് തിരിഞ്ഞുനിന്ന് അവനോട് ചോദിച്ചു. തടാകത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടത്തിന്‍റെ മുമ്പില്‍ അവരെത്തിയിരുന്നു.
നിറം മങ്ങിയ ചുവരുകളോട് കൂടിയ ഒരു കെട്ടിടമായിരുന്നു. ഒരു കാലത്ത് അത് പ്രതാപത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നിന്നിരുന്നതാവനം. ഏകദേശം അഞ്ഞൂറ് മീറ്ററോളം നീളത്തില്‍ അതങ്ങനെ നീണ്ടു നിവര്‍ന്നു കിടന്നു. മേലെ രണ്ട് മൂന്ന്‍ ഫര്‍ണേസുകള്‍ അവര്‍ കണ്ടു. രണ്ട് ഫ്ലോറുകളില്‍ നിന്നിരുന്ന ആ കെട്ടിടത്തിന്‍റെ മുകളിലേക്ക് അവര്‍ എല്ലാവരും നോക്കി.