നെവില്‍ താഴേക്ക് നൊക്കി.
ഫിലിപ്പും ജഗദീഷും രവീണയും ഏറിക്കും പുഞ്ചിരിയോടെ അവന്‍റെ നേരെ കൈ വീശിക്കാണിച്ചു. സാന്ദ്ര പ്രത്യേകിച്ചൊരു ഭാവവും കൂടാതെ അവരുടെ നേരെ മുകളിലേക്ക് നോക്കി നിന്നു.
തടാകപ്പരപ്പിനപ്പുറം ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടന്‍ നിലാവിന്‍റെ സൗവര്‍ണ്ണ നിറത്തില്‍…
ഫ്ലാമിംഗോപ്പക്ഷികള്‍ ‘വി’ ആകൃതിയില്‍ നിലാവിലൂടെ പര്‍വ്വതത്തിനപ്പുറത്തുനിന്നും ഒഴുകിപ്പറന്നു…
കൂട്ടുകാര്‍ ആകാംക്ഷയോടെ മുകളിലേക്ക് നോക്കുന്നത് അവരിരുവരും കണ്ടു.
“റെഡി?”
നെവില്‍ ചോദിച്ചു.
“യപ്…”
ദിലീപ് മന്ത്രിച്ചു.
“വണ്‍….”
നെവില്‍ ഉറക്കെ പറഞ്ഞു.
ദിലീപ് താഴെയുള്ള തടാകപ്പരപ്പില്‍ ദൃഷ്ടിയുറപ്പിച്ചു.
“റ്റു….”
നെവിലിന്റെ സ്വരം ദിലീപ് കേട്ടു.
ദിലീപ് ചുവടുകള്‍ ദൃഡമായി ഉറപ്പിച്ചു.
അവന്‍ നെവിലിനെ നോക്കി.
ദൃഡനിശ്ചയം കത്തുന്ന മുഖഭാവത്തോടെ നെവില്‍ അവനെ നോക്കി.
“ത്രീ….”
നെവില്‍ ഉറക്കെ വിളിച്ചുപറഞ്ഞു…
ആ നിമിഷം ദിലീപ് താഴേക്ക് ചാടി.
ദിലീപിനോടൊപ്പം മുമ്പോട്ട് കുതിച്ച നെവില്‍ പെട്ടെന്ന് നിന്നു.
എന്നിട്ട് താഴെ നില്‍ക്കുന്ന കൂട്ടുകാരുടെ നേരെ നോക്കി കൈകൊട്ടി ആര്‍ത്ത് ചിരിച്ച് അട്ടഹസിച്ചു….
“ഹഹഹഹഹ….”
അവനുറക്കെ ചിരിച്ചു.
സാന്ദ്രയൊഴികെയുള്ള കൂട്ടുകാരും പൊട്ടിചിരിച്ചുകൊണ്ട് ദിലീപ് വീണിടത്തേക്ക് നോക്കുകയാണ്…
എറിക് ചാടി തുള്ളിയാണ് ചിരിക്കുന്നത്. ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും ഫലിതാത്മകമായ തമാശ കണ്ടിട്ടെന്നത് പോലെ…
പൊട്ടിചിരിച്ചുകൊണ്ട് ഫിലിപ്പും ജഗദീഷും രവീണയും മുകളില്‍ നിന്ന് ചിരിക്കുന്ന നെവിലിന്‍റെ നേരെ കൈ വീശിക്കാണിച്ചു.
സാന്ദ്ര ഇപ്പോഴും വെള്ളത്തില്‍ വീണു കിടക്കുന്ന ദിലീപിനെ നോക്കുകയാണ്.
“ഫിലിപ്പ്….”
പെട്ടെന്ന് ഭയപ്പെട്ട് മന്ത്രിച്ചുകൊണ്ട് ഫിലിപ്പിന്‍റ്റെ തോളില്‍ പിടിച്ചു. അതൊന്നും അറിയാതെ അവന്‍ ചിരി തുടരുകയാണ്.
“ഫിലിപ്പ്…”
സാന്ദ്ര ഒച്ചകൂട്ടി.
എന്നിട്ടും അവനില്‍ നിന്നും പ്രതികരണം കാണാഞ്ഞപ്പോള്‍ അവളവന്റെ തോളില്‍ പിടിച്ചു കുലുക്കി.
“ഫിലിപ്പ്…”
അവള്‍ അലറി.
അപ്പോള്‍ രവീണ അവളെ നോക്കി.
“എന്താടീ?”
അസഹിഷ്ണുതയോടെ രവീണ സാന്ദ്രയോടു ചോദിച്ചു.
“നോക്ക്….”
ദിലീപ് കിടക്കുന്ന ഭാഗത്തേക്ക് സാന്ദ്ര വിരല്‍ ചൂണ്ടി. അപ്പോള്‍ രവീണയോടൊപ്പം എറിക്കും ജഗദീഷും ഫിലിപ്പും അങ്ങോട്ട് നോക്കി.
“ദിലീപ്..ദിലീപ്..അവന്‍ അനങ്ങുന്നില്ല….”
കൂട്ടുകാരില്‍ നിന്ന് ഭയപ്പെട്ട, അദ്ഭുതം നിറഞ്ഞ ശബ്ദങ്ങള്‍ സാന്ദ്ര കേട്ടു. അവരുടെ കണ്ണുകള്‍ ഭയത്താല്‍ പുറത്തേക്ക് തള്ളി…
“എന്താ?”