“എടാ…നിങ്ങളു രണ്ടു പേര് ചേലക്കര വരെ പോയി ഒന്ന് മാഷിനെ കൂട്ടി വരണം…”
സനോജ് പറഞ്ഞു..
അവരെ പറഞ്ഞു വിട്ടിട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങിയ സനോജ് ഗേയ്റ്റു കടന്ന് പൊലീസ് ബൊലീറോ വരുന്നതു കണ്ട് മുറ്റത്തു തന്നെ നിന്നു…
വാതിൽ തുറന്ന് മൂന്നാലു പൊലീസുകാർ ചാടിയിറങ്ങി…
ആകെ തകർന്ന മട്ടിൽ അവൻ നിന്നു…
” എവിടെടാ വിനയചന്ദ്രൻ… ?”
ആദ്യം അടുത്തേക്ക് വന്ന പൊലീസുകാരൻ അവനു നേരെ ചാടി…
” ഇവിടില്ല സാർ… ”
അവൻ ദൈന്യതയോടെ പറഞ്ഞു…
എസ്. ഐ മുൻ സീറ്റിൽ നിന്ന് ഇറങ്ങി , അവനടുത്തേക്ക് വന്നു……
വാഹനത്തിന്റെ ശബ്ദം കേട്ട് ശിവരഞ്ജിനി സിറ്റൗട്ടിലേക്ക് വരുന്നത് സനോജ് കണ്ടു……
“നീയറിയാതെ അയാളെവിടെപ്പോകാനാടാ… ?”
എസ്. ഐ അവന്റെ കണ്ണുകളിലേക്ക് നോക്കി…
“സത്യമായും എനിക്കറിയില്ല , സാർ… തറവാട്ടിൽ പോകുവാന്നാ എന്നോട് പറഞ്ഞത്…”
അവൻ ദീനതയോടെ പറഞ്ഞു…
” അകത്തു കയറി നോക്കണോ…?”
സനോജ് എസ്.ഐ ക്ക് നേരെ തിരിഞ്ഞു…
ശിവരഞ്ജിനി കാണാതെ അവൻ അയാൾക്കു നേരെ കൈ കൂപ്പി…
” സുഖമില്ലാത്തൊരാള് അകത്തുണ്ട്… ഞാൻ പറഞ്ഞത് സത്യം തന്നാ…”
അവന്റെ മിഴികൾ നിറഞ്ഞിരുന്നു…
അതു കണ്ടു കൊണ്ട് എസ്.ഐ പിൻതിരിഞ്ഞു..
പൊലീസുകാർ പിന്നാലെയും……
ബൊലീറോ തിരിഞ്ഞതും സനോജ് കണ്ണു തുടച്ചു…
“എന്തിനാ ചേട്ടായി അവരു വന്നത്… ?”
ശിവരഞ്ജിനി വിളിച്ചു ചോദിച്ചു…
” ഒന്നുമില്ല മോളെ… …. ”
അവനവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു…
അവൾ ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം അകത്തേക്ക് കയറിപ്പോയി…
എന്തു ചെയ്യണമെന്ന് ഒരൂഹവും കിട്ടാതെ സനോജ് മുറ്റത്തു തന്നെ കുറച്ചു നിമിഷം നിന്നു…
മാഷിനെ രണ്ടുമൂന്ന് ദിവസമായി കാണാതിരിക്കുന്ന കാര്യം പൊലീസുകാരോട് പറയാത്തത് മണ്ടത്തരമായെന്ന് അവനു തോന്നി……
പറഞ്ഞാലും പൊലീസ് വിശ്വസിക്കണമെന്നില്ല……
വീട്ടിൽ ഒന്നു പോയി തിരികെ വരാം എന്ന് കരുതി ശിവരഞ്ജിനിയോട് പറഞ്ഞിട്ട് അവൻ ബൈക്കുമായി പുറത്തേക്കിറങ്ങി..
രാത്രി ശിവരഞ്ജിനിയെ തനിച്ചാക്കുന്നത് ബുദ്ധിയല്ലെന്ന് അവനറിയാമായിരുന്നു..
കുറച്ചു സാധനങ്ങൾ വാങ്ങി, വീട്ടിൽ കൊടുത്ത് തിരികെ വരുന്ന വഴി ബാറിൽ ഒന്നു കയറി നോക്കാം എന്ന് സനോജ് കരുതി …