ഏഴാം യാമം
Ezhaam Yaamam | Author : Vatsyayanan
മഞ്ഞു പെയ്യുന്ന മകരമാസരാത്രി. നിലാവിന്‍റെ മേലാടയണിഞ്ഞു നിൽക്കുന്ന നിശാഗന്ധിപ്പൂക്കളെ തഴുകി നിശ്ശബ്ദമായി കടന്നു പോയ ഒരു ഇളങ്കാറ്റ് കൈകളിൽ ഏന്തി വന്ന സുഗന്ധം അരുന്ധതിയുടെ നാസാരന്ധ്രങ്ങളെ ഇക്കിളിയിട്ടു. കണ്ണുകളടച്ച്, ശിരസ്സു പിന്നിലേക്കായ്ച്ച്, ഒരു ദീർഘനിശ്വാസമെടുത്ത് അവൾ ഒരു നിമിഷം ആ സൗരഭ്യത്തിൽ സ്വയം അലിഞ്ഞു. മിഴികൾ തുറന്ന് അവൾ ചുറ്റുപാടും നോക്കി. ചലിക്കാത്തവയും ഒഴുകിനീങ്ങുന്നവയും അണഞ്ഞുതെളിയുന്നവയും … അങ്ങനെ നഗരത്തിന്‍റെ പല തരങ്ങളിലുള്ള രാത്രിവെട്ടങ്ങൾ. നിദ്രക്കു പിടികൊടുക്കാതെ പ്രകാശത്തിന്‍റെ ഒരു കേന്ദ്രത്തിൽ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടിയെത്തുന്ന യുവത്വത്തിളപ്പുകൾ. അരുന്ധതി ഒന്നു മന്ദഹസിച്ചു.
നഗരമദ്ധ്യത്തിലെ ഉപേക്ഷിക്കപ്പെട്ടു കിടന്ന ഒരു ബഹുനിലക്കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയുടെ മട്ടുപ്പാവിലായിരുന്നു അവൾ. ഒന്നു കൂടി കൃത്യമായിപ്പറഞ്ഞാൽ മട്ടുപ്പാവിന്‍റെ ചുറ്റുമതിലിന്മേലാണ് അവളുടെ ഇരുപ്പ്. താഴേക്കു നോക്കിയാൽ ആർക്കും ഭയം തോന്നിപ്പോകാം. വീഴാതെയിരിക്കാൻ മതിലിന്‍റെ വക്കത്ത് പിടിച്ചു പോയേക്കാം. പക്ഷേ അരുന്ധതിക്ക് ഭയമില്ലായിരുന്നു. കാരണം അവൾ ഒരു യക്ഷിയായിരുന്നു.
മനുഷ്യന്‍റെ ഭീതിസ്വപ്നങ്ങൾക്കു മീതെ ഊളിയിട്ടു പറക്കുന്ന, ശൃംഗാരഹാസത്തിൽ മൃത്യുവിന്‍റെ കൊലച്ചിരി ഒളിപ്പിക്കുന്ന, മനുഷ്യരക്തം കുടിക്കുകയും മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്യുന്ന യക്ഷിയല്ല; ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് തന്‍റേതല്ലാത്ത ഒരു തെറ്റിന്‍റെ പേരിൽ ഒരു സിദ്ധന്‍റെ ശാപമേറ്റ് യക്ഷിയായി മാറിയ ഒരു അപ്സരസ്സ് ആയിരുന്നു അരുന്ധതി. നിഷ്കളങ്കരായ മനുഷ്യരെ വേട്ടയാടുന്നത് അവൾ വെറുത്തു. എപ്പോഴൊക്കെ അരുന്ധതിയുടെ ദംഷ്ട്രകൾ മനുഷ്യഗളങ്ങളിൽ ആഴ്ന്നുവോ അപ്പോഴൊക്കെ അവ ഏതെങ്കിലും അപരാധിയുടെ രക്തം മാത്രമായിരുന്നു ചിന്തിയത്: അരുംകൊലയാളികൾ, സഹജീവിയെ വഞ്ചിച്ച് നേട്ടമുണ്ടാക്കുന്നവർ, സ്ത്രീത്വത്തെ ബലപ്രയോഗത്തിന് ഇരയാക്കുന്നവർ. അല്ലാത്തപ്പോഴൊക്കെ പക്ഷിമൃഗാദികളുടെ നിണത്താൽ അവൾ ദാഹം തീർത്തു.
———— “നിശാഗന്ധിപ്പൂവിന്‍റെ മണം!” ആശ്ചര്യപ്പെട്ടു കൊണ്ട് അലീന മനുവിന്‍റെ കൈക്കു ചുറ്റിപ്പിടിച്ചു. “നിനക്ക് വരുന്നില്ലേ?” അവൾ അവനോട് ചോദിച്ചു.
അവൻ ഗന്ധം പിടിച്ചു. “ഉം”, അവൻ പറഞ്ഞു, “ആ ഷോപ്പിങ് കോംപ്ലെക്സിന്‍റെ അടുത്ത് ഒരെണ്ണം നില്പില്ലേ? അതിന്‍റെ പൂവായിരിക്കും.”