“ഏയ് , നീ അതൊന്നും ആലോചിക്കേണ്ട..എല്ലാം ശെരിയാകും…”
“ഹാ…”
“കുറച്ചു സമയം താ…അതുവരെ എന്നെ മനസിലാക്കി നീ കൂടെ വേണം.”
“എന്തിനാ നീ ഇങ്ങനൊക്കെ എന്നോട് പറയണേ , ആരോരുമില്ലാത്ത എനിക്ക് സ്വപ്‌നം കാണാൻ പോലുമാകാത്ത ജീവിതം നീ തന്നില്ലേ ?എനിക്കത് മതി…ഈ ജന്മം മുഴുവൻ നിന്റേതാവാൻ..”
“അഞ്ജനകുട്ടീടെ സർജറി കഴിയട്ടെ എന്നിട്ട് നമുക്ക് നമ്മുടെ കുടുംബ ജീവിതം ആരംഭിക്കാം .അതുവരെ എന്റെ മീരമോൾ ക്ഷമിക്കണം ട്ടോ….” അവളുടെ കവിളിൽ നുള്ളിക്കൊണ്ട് അവൻ പറഞ്ഞു. “പോടെ …”അവന്റെ മൂക്കിൽ അമർത്തി നുള്ളിക്കൊണ്ട് അവൾ അവനിലേക്ക് ചേർന്ന് കിടന്നു.
അവളെ അസ്വസ്ഥയാക്കിയ ജനാല വിരികൾ അപ്പോഴും കാറ്റിൽ കാണാ കുരുക്കുകൾ ഇട്ടുകൊണ്ടേയിരുന്നു..ഇരുണ്ട മൂലകളിൽ അദൃശ്യമായി വല നെയ്യുന്ന ചിലന്തിയെപ്പോലെ ….അവയെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു….ഒന്നുടെ കൂടെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചു..അടഞ്ഞ പോളകളിലൂടെ രണ്ടു നീർതുള്ളികൾ ചാലുകീറി.
****
“എന്തിനാ സഞ്ജു കാശില്ലാത്ത സമയത്ത് ഇങ്ങനൊരു യാത്ര ..അതും ഇത്ര ദൂരം.” ബാഗിലേക്ക് ചുരിദാർ എടുത്തു വെച്ചുകൊണ്ട് അവൾ ചോദിച്ചു.
“ചുമ്മാ…എത്ര നാളാന്ന് വെച്ചാ നീ വീട്ടിലിരുന്നു ബോർ അടിക്കുന്നേ..ഒരു മാറ്റമൊക്കെ വേണ്ടേ ?”
“അതിനു ബാംഗ്ലൂർ വരെ പോകണമെന്നുണ്ടോ ?അഞ്ജനക്കുട്ടീടെ അസുഖമൊക്കെ ഭേദയിട്ട് മതിയായിരുന്നു..ഞാൻ കുറെ നേർച്ചയൊക്കെ നേർന്നിട്ടുണ്ട് …അപ്പോൾ ഞങ്ങളെ കൊണ്ടുപോകോ നീ?” നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ടവൻ വേദനയോടെ അവളെ നോക്കി.
“എന്തേ കൊണ്ടോകില്ലേ ?അപ്പോൾ കൊണ്ട് പോയാൽ മതിയായിരുന്നു.ഇപ്പോൾ ഇങ്ങനൊരു യാത്ര വേണ്ടായിരുന്നു.” അവളുടെ മുഖം വാടി.
“കൊണ്ടുപോകാമല്ലോ …, എന്തായാലും എനിക്ക് ബാംഗ്ലൂർ വരെ പോകേണ്ട കാര്യമുണ്ട് ..അപ്പോൾ നിന്നെയും കൂടെ കൂടി എന്നുള്ളു.കുറച്ചു കാശിന്റെ ആവശ്യത്തിനാണ് …അടുത്താഴ്ചയല്ലേ അവളുടെ സർജറി…”
“ഹും…നീ സമ്മതിക്കാഞ്ഞിട്ടാണ് ഇല്ലേൽ ഞാനും എന്തെങ്കിലും ജോലി നോക്കിയേനെ…”
“ആഹ്ഹ .. തൽക്കാലം വേണ്ട…”
“സഞ്ജു നാട്ടിൽ പോകുമ്പോൾ ഞാൻ കൂടെ വന്നോട്ടെ ?എനിക്കെല്ലാരേം കാണാല്ലോ ?സഞ്ജുന്റെ അമ്മയേം , അജ്ഞനകുട്ടിയേം , വല്യേടത്തിയേം കുഞ്ഞൂട്ടനേം എല്ലാം..ഇതിപ്പോ നീ പറഞ്ഞുള്ള അറിവല്ലേ എനിക്കുള്ളൂ .പിന്നെ കണ്ട ഫോട്ടോസും.
പിന്നെ കുഞ്ഞൂട്ടനെന്തേലും വാങ്ങി കൊണ്ട് പോകാട്ടോ നമുക്ക് ..അച്ഛനില്ലാത്ത കുട്ടിയല്ലേ ..നമ്മൾ വേണ്ടേ അവനെ നോക്കാൻ .. വല്യേടത്തിയെ സഹായിക്കാൻ … ആരൂല്ലതാവാന്ന് പറേണേ അത്ര സുഖമുള്ള ഏർപ്പാടല്ല.അതൊരു നോവാണ് ..ഒരിക്കലും ഉണങ്ങാത്ത നോവ്..ഒന്ന് കരയുമ്പോൾ ചേർത്ത് പിടിക്കാൻ …ന്താ നിന്റെ മുഖം വാടിയിരിക്കുന്നെന്ന് ചോദിയ്ക്കാൻ….സാരില്ല പോട്ടെ എല്ലാം ശെരിയാകുമെന്ന് പറയാൻ ഒരാളുണ്ടാവാന്ന് വെച്ചാൽ പുണ്യമാണ് .”