കവിളുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീരോടെ ഞാന്‍ നിന്നിടത്ത് നിന്നും അനങ്ങിയില്ല. രഞ്ജിത്ത് എന്നെ അനുകമ്പയോടെ നോക്കി. പിന്നെ നിലത്ത് വെച്ച മണ്‍വെട്ടിയുടെ നേര്‍ക്ക് നീങ്ങി.
“നിക്ക്…”
ഞാനവന്റ്റെ കൈക്ക് പിടിച്ചു നിര്‍ത്തി.
അവനെന്റെ മുഖത്തേക്ക് നോക്കി.
“ഐം സോറി…ഐ…എനിക്ക്…”
ഞാന്‍ വാക്കുകള്‍ കിട്ടാതെ വിക്കി.
“എന്താ മാഡം ഇത്…?”
എന്റെ മുഖത്തേക്ക് നോക്കി അവന് ചോദിച്ചു.
അവന് എന്റെ തോളില്‍ പിടിച്ചു.
“ഐം സോറി…”
അവന് തുടര്‍ന്നു.
“സോറി എന്തിനാണ് എന്ന് വെച്ചാല്‍…ആ പോയ പട്ടിക്കാട്ടത്തെ ഇതുപോലെ സഹിക്കുന്നതില്‍…”
ഞാനവനെ തറച്ചുനോക്കി. എന്റ” പകുതി പ്രായം പോലുമില്ല, രഞ്ജിത്തിന്. പക്ഷെ അവന്റെ വാക്കുകള്‍ ഒരു കാര്യം ഉറപ്പ് തരുന്നു. സാമിനെപ്പോലെ ഒരു വിചിത്ര ജീവിയെ സഹിച്ചു ജീവിക്കേണ്ടയാളല്ല ഞാന്‍. എന്നാലും ഭാര്യ എന്ന പദം! അത് അത്ര വിലയില്ലാത്ത പദമല്ല. സഹനം അതിന്റെ ഭാഗമാണ്!
“സാം അങ്ങനെയോന്നുമായിരുന്നില്ല, രഞ്ജിത്ത്…എന്താന്നു അറിയില്ല ..ഈയിടെയായി…”
“അതാ പന്നന്റെ മുഖത്ത് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്…”
രഞ്ജിത്ത് ദേഷ്യം വിടാതെ പറഞ്ഞു.
“കൃത്യം പതിനഞ്ച് മിനിറ്റ് മുമ്പുവരെ അയാള്‍ സമാധാനത്തിന് നോബല്‍ സമ്മാനം കിട്ടിയിരുന്ന ആളായിരുന്നെന്ന്…”
പിന്നെ അവന് പുറത്തേക്ക് നടന്നു. ഗേറ്റിനടുത്ത് എത്തിയപ്പോള്‍ അവനെന്നെ തിരിഞ്ഞു നോക്കി.
“മാഡത്തിന് അറിയാമോ, ഞാന്‍ എന്തിനാ ഇവിടെ എന്റെ ചേട്ടന്റെയും ചേച്ചിയമ്മേടെം കൂടെ താമസിക്കുന്നത് എന്ന്?”
“ഞാന്‍ ഇതുവരേം അത് ചോദിച്ചിട്ടില്ല…”
കുറ്റബോധം നിറഞ്ഞ സ്വരത്തില്‍, ഞാന്‍ അവനോട് പറഞ്ഞു. പക്ഷെ ശ്രീലത ഒരിക്കല്‍ പറഞ്ഞത്, പാലക്കാട്, രഞ്ജിത്തിന്റെ അച്ഛനും അമ്മയും അത്ര രസത്തില്‍ അല്ലയെന്നാണ്.
“എന്റെ അച്ഛന്…”
രഞ്ജിത്ത് പറഞ്ഞു.
“ഇപ്പം മാഡത്തിന്റെ കെട്ടിയോന് മാഡത്തേ ട്രീറ്റ് ചെയ്തില്ലേ…? അതിലും വഷളായിട്ടാ ആ പന്നത്തന്ത എന്റെ അമ്മയെ ട്രീറ്റ് ചെയ്യുന്നേ! കണ്ടുനില്ക്കാന് പറ്റില്ല…അതാ ഞാനിവിടെ…”
അവന് നിര്‍ത്തി.
“രഞ്ജിത്ത്…”
ഞാന്‍ അവനെ തിരുത്താന്‍ ശ്രമിച്ചു.
“സാം, നീ കരുതുന്ന പോലെ ഒരു മോശം ഹസ്ബന്‍ഡ് ഒന്നുമല്ല…”
“ആരും അത്ര മോശമൊന്നുമല്ല മാഡം…”
അവന് പറഞ്ഞു.
“എന്റെ പന്നത്തന്തേനെ ഞാന്‍ എന്തേലും പറഞ്ഞാ എന്റെ അമ്മേം ഇതുതന്നെ പറയും…അച്ഛന് അത്ര മോശം ആളൊന്നുമല്ല മോനെ എന്ന്…കോരേം കൂടെ നിന്നാ തന്തേത്തല്ലി എന്ന പേരെനിക്ക് കിട്ടൂന്ന് പേടിച്ചിട്ടാ ഞാന്‍ നാട് വിട്ട് ഇവിടെ വന്നെ…”