” തോട്ടത്തിലേക്ക് വരുന്നുണ്ടോ ? അവൻ വിളിച്ചു പറഞ്ഞു എല്ലാമൊന്ന് കാണിക്കാൻ ..ബോറടിക്കുന്നുണ്ടാകും എന്ന് . ”
വീണ്ടും കാർട്ടനുള്ളിലേക്ക് കയറി ബെഡിലിരിക്കുന്ന അനുവിനെ നോക്കി ആൽബി പറഞ്ഞു .
” ഞാനില്ല .. ”
” ഊം … ” ആൽബി നീട്ടിയൊന്നു മൂളി . അതിൽ നിരാശയും അമർഷവുമെല്ലാം കലർന്നിരുന്നു
” കാപ്പി ഉണ്ടാക്കി വെച്ചിട്ടുണ്ട് .. കുടിച്ചിട്ട് പോ .. ”
ആൽബി വീണ്ടും വാതിൽക്കൽ എത്തിയപ്പോൾ അനു വിളിച്ചു പറഞ്ഞു .
ടേബിളിൽ അടച്ചുവെച്ചിരിക്കുന്ന കാപ്പി കപ്പും അതിനുമുകളിൽ അമൃതാഞ്ജനും .
ആൽബി ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു .
അനുവിനാകെ ദേഷ്യവും സങ്കടവുമൊക്കെ വന്നു
തട്ടലും മുട്ടലും ഉച്ചത്തിലുള്ള സംസാരവുമെല്ലാം കേട്ടപ്പോഴാണ് പിന്നീടവൾ കണ്ണ് തുറന്നത് .
ആൽബി ഇറങ്ങിപോയപ്പോൾ വെറുതെ ബെഡിൽ കിടന്നതാണ് . യാത്രയുടെ ക്ഷീണവുമെല്ലാം കൊണ്ടും നല്ല പോലെ ഉറങ്ങി .
വീട്ടിൽ ആരെയും അവൾ നോക്കിയപ്പോൾ കണ്ടില്ല . ഉറക്കത്തിന്റെ ആധിക്യത്തിൽ പെട്ടന്ന് സ്ഥലകാല വിഭ്രാന്തി വന്നുവെന്നതാണ് സത്യം .
സമയമെത്രയായി .. ഈശ്വരാ ഏഴ് കഴിഞ്ഞോ … എന്തൊരുറക്കം ആണുറങ്ങിയത് .
ചേട്ടായി വന്നു കാണുമോ ? !
അനു പെട്ടന്ന് ബാത്റൂമിൽ കയറി മൂത്രമൊഴിച്ചിട്ടു മുഖമൊക്കെ കഴുകി ഇറങ്ങി .
റൗണ്ടാകൃതിയിലുള്ള വീടിന് ചുറ്റും അതെ വൃത്താകൃതിയിൽ വരാന്തയുണ്ട് . അതിൽ സ്റ്റീൽ കൊണ്ടുള്ള കൈവിരിയും . അതിലൊക്കെ അടുത്തടുത്തായി ചെടിച്ചട്ടികൾ വെച്ച് പൂക്കൾ കൊണ്ട് അലംകൃതമാണ് .
വീടിന് വലത്തേ സൈഡിൽ പുറകിലായാണ് സംസാരം കേൾക്കുന്നത് .
അങ്ങോട്ട് ചെന്നതേ അനുവിനാകെ ദേഷ്യം വന്നു
ഒരു ടീപ്പോയിയുടെ ഇരുവശത്തും രണ്ടു കസേരകളിൽ അതിൽ ആൽബിയും ജോബിച്ചനും സ്ഥാനം പിടിച്ചിട്ടുണ്ട് . ആൽബിയുടെ മുന്നിലായി എരിയുന്ന ഇരു ഗ്രിൽ .അതിന് മുകളിൽ കോഴി വെന്തുകൊണ്ടിരിക്കുന്നു .
”അഹ് …നീ എണീറ്റോ .. വാടീ .. ” ഗ്രില്ലിനും തനിക്കുമിടയ്ക്കായുള്ള കസേര ചൂണ്ടി കാണിച്ചു ജോബി വിളിച്ചപ്പോൾ മുഖത്ത് വരുത്തിക്കൂട്ടിയ ചിരിയുമായി അനു അവർക്കരികിലേക്ക് നടന്നു