“ഇത് റോഷൻ.. Directly imported from Bangalore.. നീയും ഒന്ന് ആശാനെ പരിചയപ്പെട്ട് വച്ചേക്ക്”, പ്രമോദ് തമാശാരൂപേണ റോഷനെ സന്ധ്യക്ക് തിരിച്ചും പരിചയപ്പെടുത്തി.
പ്രമോദിന്റെ പറച്ചില് കേട്ട്, അതുവരെ മുഖത്ത് കാണാത്ത ഒരു നാണത്തോടെ സന്ധ്യ റോഷനെ നോക്കി മന്ദഹസിച്ചു. “അതൊക്കെ എപ്പഴേ പരിചയപ്പെട്ട് ബോധിച്ചു”, പ്രമോദിന്റെ പറച്ചില് കേട്ട് അലവലാതി വീണ്ടും മൊഴിഞ്ഞു.
കുറച്ചു നേരം അവിടെ തന്നെ നിന്ന് പ്രമോദിന്റെ കത്തിയടി സഹിച്ച ശേഷം, സന്ധ്യയോട് യാത്ര പറഞ്ഞ് പ്രമോദിന്റെ കൂടെ റോഷനും പാടത്തേക്ക് നടന്നു. നടന്ന് നീങ്ങും നേരം പ്രമോദ് കാണാതെ റോഷൻ ഒരു വട്ടം കൂടി സന്ധ്യയെ തിരിഞ്ഞു നോക്കി. അവൾ അവനേയും. രണ്ടുപേരും പരസ്പരം പുഞ്ചിരിച്ചു. അന്നേരം ഒരു വലിയ ദീപാരാധന തൊഴുതിറങ്ങിയതിന്റെ തെളിച്ചം ഇരുവരുടെയും കണ്ണുകളിൽ കാണാമായിരുന്നു.
മാവിൻച്ചുവട്ടിൽ എത്തിയ പ്രമോദും റോഷനും പക്ഷെ വിമലിനെയും അച്ചുവിനെയും അവിടെയെങ്ങും കണ്ടില്ല. കിലുക്കികുത്ത് കളിക്കുന്നവരിൽ പരിചയമുള്ള ഒരു പയ്യനോട് തിരക്കിയപ്പോൾ, അച്ചു കുറച്ചു മുന്നേ ബൈക്കും എടുത്തു എങ്ങോട്ടോ പോയി എന്നറിഞ്ഞു. ലേശം ഉത്ക്കണ്ഠയോടെ റോഷൻ ഫോണടുത്ത് അച്ചുവിനെ ഡയൽ ചെയ്തു. “നിങ്ങൾ ഡയൽ ചെയ്ത കസ്റ്റമർ ഇപ്പോൾ പരിധിക്ക് പുറത്താണ്”, റെക്കോർഡ് ചെയ്യപ്പെട്ട കിളിനാദം മറുപടി നൽകി…
“പുല്ല്”, റോഷൻ ഉടനെ അടുത്തവനെ വിളിച്ചു. ഇത്തവണ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ അടുത്ത് നിന്നും എവിടെയോ വിമലിന്റെ ഫോൺ റിംഗ് ചെയ്യുന്നത് അവൻ കേട്ടു. റോഷൻ തിരിഞ്ഞു, ശബ്ദം കേട്ട ഭാഗത്തേക്ക് നടക്കാൻ തുടങ്ങി. പുറകെ പ്രമോദും. അവിടെ കണ്ട കാഴ്ച്ച പക്ഷെ കോമഡിയായിരുന്നു. അടിച്ചു വാളും വച്ചു ഉടുതുണിക്ക് മറുതുണിയില്ലാതെ കുറ്റിക്കാട്ടിൽ കിടക്കുന്ന വിമൽ… റോഷൻ വിമലിന്റെ അടുത്ത് ചെന്നു അൽപം ഉറക്കെ, ശക്തിയിൽ തട്ടിവിളിക്കാൻ തുടങ്ങി.
റോഷൻ : “ ഡാ.. വിമലേ.. എണീക്കെടാ..”
“മുഖ്യമന്ത്രി.. രാജി വക്കണം.”, അബോധവസ്ഥയിൽ വിമൽ എന്തോ വിളിച്ചു പറഞ്ഞു.
“അടിപൊളി..!”, വിമലിന്റെ മറുപടി കേട്ടതും പ്രമോദ് ഒരു കമന്റ് പാസ്സാക്കി.
ഇനി എന്തു ചെയ്യുമെന്ന ഭാവത്തിൽ റോഷൻ പ്രമോദിനെ നോക്കി. റോഷന്റെ നോട്ടം കണ്ട പ്രമോദ് വിമലിന് നേരെ ഒന്നൂടെ തിരിഞ്ഞു. ശേഷം അവന്റെ അവസ്ഥ നോക്കി ഒരു ദീർഘശ്വാസം എടുത്ത് വിട്ടു.