ഈ സമയം ഇതെല്ലാം കുസൃതി ഒളിപ്പിച്ച ഭാവത്തിൽ നോക്കി നിൽക്കുകയായിരുന്നു അഞ്ജു.തലയും തിരുമ്മിയുള്ള അവന്റെ പോക്ക് കണ്ട് അവളറിയാതെ സ്വയം പൊട്ടിച്ചിരിച്ചുപ്പോയി.
കട്ടിലിൽ ബോധമില്ലാതെ കിടന്ന വിമൽ അവളുടെ ചിരി കേട്ട് ഇങ്ങനെ പറഞ്ഞു, “രാഷ്ട്ര..പതിയും.. രാജി വക്കണം.” *** *** *** *** ***
രാവിലെ തന്നെ കോളിംഗ് ബെൽ ശബ്ദം കേട്ട് റോഷൻ മനസ്സില്ലാമനസ്സോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു. എപ്പോഴാണ് വീടെത്തിയത് എന്നോ ഉറങ്ങിയതെന്നോ അവന് ഓർമ്മയുണ്ടായിരുന്നില്ല. രാത്രി അഞ്ജുവിന്റെ അടുക്കൽ നിന്നും വന്നതിന് ശേഷമുള്ളതെല്ലാം അവന് മൊത്തത്തിൽ ഒരു പുക പോലെ തോന്നി.
“ദേ… വരുന്നൂ…” നടക്കുന്നതിനിടയിൽ, വീണ്ടും കോളിംഗ് ബെൽ മുഴങ്ങുന്നത് കേട്ട് അവൻ വിളിച്ചു പറഞ്ഞു.
വാതിൽ തുറന്ന റോഷനെ കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥിയായിരുന്നു; രേഷ്മ ചേച്ചി. തന്റെ വീട്ടിലേക്ക് രാവിലെ തന്നെ വന്നെത്തിയ ചേച്ചിയെ കണ്ട് അവൻ ചെറുതായി ഒന്ന് അമ്പരന്നു.
“ആ.. ചേച്ചി.. എന്താ ഇത്ര രാവിലെ?”, ഉറക്കച്ചടവിലും ഞെട്ടലിലും റോഷൻ എന്തോ പറഞ്ഞു.
രേഷ്മ ചേച്ചി : “എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്. ഞാൻ അകത്തേക്ക് വന്നോട്ടെ..?”
റോഷന് എന്ത് മറുപടി നൽകണമെന്നറിയില്ലായിരുന്നു. അവൻ ചേച്ചിയെ അകത്തേക്ക് ക്ഷണിച്ചു. ഹാളിലെ വലിയ സെറ്റിയിലേക്ക് ഇരുന്നുകൊള്ളാൻ പറഞ്ഞുകൊണ്ട് അവനും എതിർവശത്തുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു. ചേച്ചിയുടുത്തിരുന്ന സാരിയുടെ തുമ്പ് നിലത്ത് പതിഞ്ഞ് കിടന്നു.
റോഷൻ : “അയ്യോ.. ചോദിക്കാൻ വിട്ടുപോയി. ചേച്ചിക്ക് ചായ എടുക്കട്ടെ…?”
രേഷ്മ ചേച്ചി : “വേണ്ടടാ…”
അവന് അടുത്തതെന്താ ചോദിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. ചേച്ചി പറയുമ്പോൾ പറയട്ടെ എന്ന തോന്നലിൽ അവൻ കാത്തിരുന്നു.
“നീയെന്താ ഇന്നലെ പറയാതെ പോയേ..?” കുറച്ചു നിമിഷത്തെ നിശബ്ദതക്ക് ശേഷം ചേച്ചി ചോദിച്ചു.
“അത് ചേച്ചി.. പെട്ടന്ന് ഒരു കോൾ വന്നപ്പോ.. ഞാൻ…”, റോഷൻ ആ പഴയ കുട്ടിയെക്കണക്ക് ഒരു കള്ളം പറയാൻ ശ്രമിച്ചു.
അവന്റെ ഭാവം കണ്ട് ചേച്ചി ഒരു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
രേഷ്മ ചേച്ചി : “എന്നാ പിന്നെ രാത്രി അമ്പലത്തിൽ വച്ചു കണ്ടിട്ട് വഴി മാറി നടന്നതോ..?”