ഒരു കള്ളം നാവിൻതുമ്പിൽ വരെ വന്നതാണെങ്കിലും ധന്യയുടെ മുഖത്തു നോക്കി അതു പറയാനുള്ള മനക്കരുത്ത് ദീപ്തിക്ക് ഉണ്ടായില്ല.
“അകത്തേക്ക് വരാമോ?” ധന്യ ചോദിച്ചു.
“അയ്യോ സോറി … വാ വാ. ഇവിടെ ഞാൻ മാത്രേ ഉള്ളൂ കേട്ടോ.”
“അതേതായാലും നന്നായി”, വീട്ടിലേക്ക് കയറിക്കൊണ്ട് ധന്യ പറഞ്ഞു, “സൗകര്യമായിട്ട് ചില കാര്യങ്ങളൊക്കെ ചോദിക്കുകേം പറയുകേം ചെയ്യാല്ലോ.”
ദീപ്തിയുടെ മനസ്സ് കലങ്ങി. ധന്യയുടെ ചോദ്യങ്ങൾ എന്തായിരിക്കുമെന്ന് അവൾക്ക് അറിയാം. പക്ഷേ അവയ്ക്കുള്ള ഉത്തരങ്ങൾ അവളുടെ പക്കൽ ഇല്ലായിരുന്നല്ലോ. സ്വീകരണമുറിയിലെ സോഫയിൽ ധന്യ ഇരുന്നു. അടുത്ത് കിടന്ന സിംഗിൾ ചെയറിൽ ദീപ്തിയും.
“എന്നെ എന്തിനാ താൻ അവോയ്ഡ് ചെയ്യുന്നെ?” മുഖവുരയില്ലാതെ ധന്യ ചോദിച്ചു.
എന്തു പറയണമെന്ന് അറിയാതെ ദീപ്തി മൗനമായി അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ഇരുന്നു.
“എനിക്കെന്ത് സങ്കടമുണ്ടെന്നറിയാമോ?” ധന്യ തുടർന്നു. “ഞാൻ എന്തു തെറ്റാ ചെയ്തതെന്നെങ്കിലും ഒന്നു പറ. എന്നെക്കൊണ്ട് തിരുത്താൻ പറ്റുന്നതാണേൽ ഞാൻ തിരുത്താം. അല്ലാതെ ഇങ്ങനെ എന്നെ വിഷമിപ്പിക്കല്ലേ. പ്ലീസ്.”
ധന്യയുടെ മിഴികൾ നിറഞ്ഞൊഴുകി. അതു കണ്ട് ദീപ്തിക്ക് അതിലേറെ സങ്കടം വന്നു. ഏങ്ങലടിച്ചുകൊണ്ട് അവൾ തൻ്റെ മുറിയിലേക്ക് ഓടി; കിടക്കയിൽ കമിഴ്ന്നു വീണു കിടന്ന് ദീപ്തി വിതുമ്പിക്കരഞ്ഞു.
ധന്യ അവളുടെ പുറകേ ചെന്നു. കിടക്കയിൽ ഇരുന്ന് അവളുടെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു. പാവം! ഏതോ തീരാത്ത വേദന ഉള്ളിലൊതുക്കി നടക്കുകയായിരുന്നു അവൾ എന്ന് മനസ്സിലാക്കിയ ധന്യക്ക് സ്വന്തം വിഷമം കുറയുന്നതായും ദീപ്തിയോട് അനിർവചനീയമായ ഒരു വാത്സല്യം ഉള്ളിൽ വന്നു നിറയുന്നതായും അനുഭവപ്പെട്ടു. ദുഃഖത്തിൻ്റെ പൊട്ടിയ അണകൾ അഞ്ച് മിനിറ്റോളം കുതിച്ചൊഴുകി തെല്ല് ശാന്തമായപ്പോൾ അവൾ എണീറ്റിരുന്ന് കണ്ണു തുടച്ചു.
“തെറ്റ് നിൻ്റെയല്ല, എൻ്റെ ഭാഗത്താ”, ഗദ്ഗദങ്ങൾക്ക് ഇടയിലൂടെ ദീപ്തി പറഞ്ഞു, “ഞാനതു പറഞ്ഞു കഴിയുമ്പോൾ … എന്നെ വെറുക്കില്ലെന്ന് സത്യം ചെയ്യുമോ?”
“എൻ്റെ മുത്തേ, നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാ. എന്തു വന്നാലും അതിനൊരു കുറവും വരുകേല. പോരേ?” സ്വന്തം നെഞ്ചിൽ കൈ വെച്ച് ധന്യ വാക്ക് കൊടുത്തു.