ദീപ്തി ധൈര്യം സംഭരിച്ച് ധന്യയോട് മനസ്സു തുറന്നു. പണ്ടേയ്ക്കു പണ്ടേ ഉള്ളിൻ്റെയുള്ളിൽ താൻ ഒരു ആണായിരുന്നു എന്നും ദീപക് എന്നു വിളിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നു എന്നും അവളോട് തനിക്കുള്ളത് വെറും സൗഹൃദമല്ല, ആത്മാർഥമായ പ്രണയമാണെന്നും, അത് തെറ്റാണെന്ന ഭീതി നിമിത്തമാണ് അവളിൽനിന്ന് താൻ അകന്നു നടക്കാൻ ശ്രമിച്ചതെന്നും ദീപ്തി വെളിപ്പെടുത്തി. ധന്യയുടെ മുഖത്ത് നോക്കാൻ ധൈര്യം കിട്ടാതെ മറ്റെവിടേക്ക് ഒക്കെയോ നോക്കിക്കൊണ്ടും ഇടയ്ക്കിടെ കവിളുകളിലെ കണ്ണീർ തുടച്ചുകൊണ്ടും അവൾ പറയുന്നതെല്ലാം ധന്യ ശ്രദ്ധയോടെ കേട്ടു. തൻ്റെ കുമ്പസാരത്തിന് ഒടുവിൽ ഭയപ്പാടോടെ ദീപ്തി ധന്യയെ നോക്കി. അവളുടെ മുഖം നിർവികാരമായിരുന്നു.
“എന്നോട് ദേഷ്യമാണോ?” ദീപ്തി ഒരു തെറ്റു ചെയ്ത് കയ്യോടെ പിടിക്കപ്പെട്ട കുട്ടിയുടെ ഭാവത്തിൽ ചോദിച്ചു.
മെല്ലെ ധന്യയുടെ ചൊടികളിൽ ഒരു മൃദുസ്മേരം തെളിഞ്ഞു. “എടീ പൊട്ടിക്കാളീ”, അവൾ പറഞ്ഞു, “ഞാൻ നിന്നോട് ഇഷ്ടമാണെന്ന് അങ്ങോട്ടു പറയാനിരിക്കുവാരുന്നു! അപ്പഴല്ലേ നീ പരട്ട സ്വഭാവം കാണിച്ചത്?”
“ങേ!” ദീപ്തി അന്ധാളിച്ചു പോയി. അവൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
“അതേടീ കഴുതേ, നിനക്കെന്നെ ഇഷ്ടാണെന്ന് എനിക്കറിഞ്ഞൂടാരുന്നോ!”
“അതെങ്ങനെ മനസ്സിലായി?” അദ്ഭുതത്തിൽനിന്ന് അപ്പോഴും മുക്തയാവാത്ത ദീപ്തി തെല്ല് സങ്കോചത്തോടെ ചോദിച്ചു.
“ഓഹോ, ഇപ്പം എങ്ങനെ മനസ്സിലായെന്നോ! ആ ട്രിപ്പിൻ്റെ സമയത്തെ നിൻ്റെ പെരുമാറ്റം കൊണ്ട് ആർക്കാടീ പെണ്ണേ മനസ്സിലാകാത്തെ?”
ലജ്ജകൊണ്ട് ദീപ്തിയുടെ മുഖം തുടുത്തു. ശിരസ്സ് താഴ്ന്നു. “ഞാൻ ഒരു പൊടിക്ക് ഓവറാരുന്നല്ലേ?” ചമ്മിയ സ്വരത്തിൽ അവൾ ചോദിച്ചു.
ധന്യ അവളുടെ താടിയ്ക്കു പിടിച്ച് ഉയർത്തി. “മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും.” അവൾ പറഞ്ഞു.
പ്രഭാ വർമ്മയുടെ അതേ പേരിൽ ഉള്ള കവിതയുടെ ഒടുവിൽ, പറയാതെ പോയ തൻ്റെ പ്രണയം എങ്ങനെ അറിഞ്ഞു എന്ന് കാമുകൻ ചോദിക്കുമ്പോൾ, കാമുകി നൽകുന്ന മറുപടി! അതു കേട്ട ദീപ്തി ആകെ കുളിരണിഞ്ഞ് മനസ്സു തുറന്ന് ചിരിച്ചു പോയി. അവൾ ധന്യയെ കെട്ടിപ്പിടിച്ചു.
“എൻ്റെ ദീപക് മോനൂ നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാടാ.” ധന്യ അവൻ്റെ ചെവിയിൽ മന്ത്രിച്ചു.