കാതോരത്തെ മർമരസ്പർശവും സ്പർശവും ഒപ്പം അവളുടെ ദീപക് എന്ന വിളിയും പുല്ലിംഗത്തിലുള്ള സംബോധനയും എല്ലാം ചേർന്ന് അവനെ ആകെ പുളകമണിയിച്ചു.
“ഐ ലവ് യൂ റ്റൂ ധന്യക്കുട്ടീ … .” അത് പറഞ്ഞുകൊണ്ട് അവൻ ധന്യയെ തന്നിലേക്ക് കൂടുതൽ ചേർത്ത് അമർത്തി.
“വാ, വേഗം കുളിച്ചു റെഡിയാക്, നമുക്ക് കോളജിൽ പോകാം.” ആലിംഗനത്തിൽനിന്ന് സ്വതന്ത്രയായപ്പോൾ ധന്യ പറഞ്ഞു.
ദീപക്കിന് നൂറു വട്ടം സമ്മതം. അവൻ ഒരു ജീൻസും ഫ്ലാനൽ ഷർട്ടും ധരിച്ച് ഒരുങ്ങി വന്നു. ധന്യയുടെ സ്കൂട്ടറിൽ അവർ കോളജിലേക്ക് പോയി. ദീപക്കും ധന്യയും ഒന്നിച്ച് വരുന്നതു കണ്ടപ്പോൾ കൂട്ടുകാരികൾക്ക് ആശ്ചര്യവും സന്തോഷവും. “പിണക്കമൊക്കെ മാറിയോ?” എന്ന് അവർ ഇരുവരോടും ചോദിച്ചു. “പിണക്കമൊന്നുമില്ല — ഒരു ചെറിയ കമ്യൂണിക്കേഷൻ ഗ്യാപ്!” എന്നായിരുന്നു അവരുടെ ഒരു കള്ളച്ചിരിയുടെ അകമ്പടിയോടെയുള്ള മറുപടി. അവർ ഫ്രൻഡ്സിനോട് ഒപ്പം ആനുവൽ ഡേ പരിപാടികൾ കണ്ടും കേട്ടും സമയം ചെലവഴിച്ചു. ദീപക്കും ധന്യയും പരസ്പരം കൈകൾ കോർത്ത് പിടിച്ചിരുന്നു. ഇടയ്ക്ക് ധന്യയുടെ സുഹൃത്തായ അഫ്സൽ ഒരു പാട്ട് പാടാൻ സ്റ്റേജിൽ കയറിയപ്പോൾ ധന്യ ദീപക്കിൻ്റെ കൈയിൽ പിടിച്ച് മെല്ലെ അമർത്തി. തന്നെ നോക്കിയ ദീപക്കിനോട് അവൾ കണ്ണുകളാൽ “അവിടെ ശ്രദ്ധിക്ക്” എന്ന് സ്റ്റേജിനു നേർക്ക് ആംഗ്യം കാട്ടി.
“എൻ്റെ ഒരു സുഹൃത്തിൻ്റെ ആവശ്യപ്രകാരം”, സ്പീക്കറുകളിലൂടെ അഫ്സലിൻ്റെ ശബ്ദം ഒഴുകിയെത്തി, “അയാളുടെ ഒരു വെരി സ്പെഷ്യൽ ഫ്രൻഡിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്ന ഗാനം.” മുഖവുരയായി അത്രയും പറഞ്ഞതിനു ശേഷം അവൻ പാടാൻ തുടങ്ങി.
“കുക്കൂ കുക്കൂ കുയിലേ എൻ്റെ കൈ നോക്കുമോ …
ആരും കാണാതെന്നോടൊരു കാര്യമോതുമോ …
അവൾ ആരെന്നു ചൊല്ലുമോ … നീ ചൊല്ലുമോ …
അനുരാഗരാജയോഗമൊന്നു നീയോതുമോ … നീ പാടുമോ … .”
ദീപക് അദ്ഭുതവും സന്തോഷവും കൊണ്ട് മതിമറന്നു. ധന്യയെ നോക്കി ഒന്ന് കുസൃതിയോടെ ചിരിച്ചുകൊണ്ട് അവൻ അവളെ കെട്ടിപ്പിടിച്ച് ഇരുകവിളത്തും ഉമ്മ വെച്ചു; പിന്നെ ഉമ്മയാണോ എന്നു ചോദിച്ചാൽ അല്ലെന്നും അല്ലേ എന്നു ചോദിച്ചാൽ ആണെന്നും പറയാവുന്ന മട്ടിൽ അവളുടെ ചുണ്ടുകളിൽ സ്വന്തം ചൊടികൾ ഒന്ന് മുട്ടിച്ചു. കൂട്ടുകാരികൾ അമ്പരന്ന് അവരെ നോക്കി — ഇതെന്താ അങ്കം? അവർ ഇരുവരും കണ്ണിറുക്കിക്കാണിച്ച് ചിരിച്ചതേയുള്ളൂ.