“നിങ്ങള് ടീം മഴവില്ലാണോ?” മേരി ചോദിച്ചു.
“ആണെങ്കിൽ?” — ധന്യ.
“ഒന്നുമില്ല, സന്തോഷമേ ഉള്ളൂ.” — മേരി.
“നമ്മുടെ ക്ലാസിൽ പുതിയ പ്രണയജോടികളായി.” — ഷെറീന.
അതു കേട്ട ധന്യ ദീപക്കിൻ്റെ കവിളത്ത് ഒരുമ്മ വെച്ചു കൊടുത്തു.
“ഓഹോ!” കൂട്ടുകാരികളിൽനിന്ന് ഒന്നിച്ചാണ് ആ ആശ്ചര്യസ്വരം ഉയർന്നത്.
“ഇപ്പം ലൈസൻസ് ആയല്ലോ.” ധന്യ പറഞ്ഞു.
ദീപക് അവളെ നോക്കി തെല്ല് നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവളുടെ കൈ പിടിച്ച് അമർത്തി. അങ്ങനെ പകുതി തമാശയും പകുതി കാര്യവുമായി അവരുടെ പ്രണയം കൂട്ടുകാർക്ക് ഇടയിൽ അംഗീകരിക്കപ്പെട്ടു.
അന്ന് വൈകുന്നേരം. ആഘോഷങ്ങളും കളിചിരികളും അടങ്ങിയും കൂട്ടുകാർ യാത്ര പറഞ്ഞ് പിരിഞ്ഞും കഴിഞ്ഞപ്പോൾ ധന്യ ദീപക്കിനോട് ചോദിച്ചു: “ഇന്ന് എൻ്റെ വീട്ടിൽ നിൽക്കുന്നോ കുട്ടാ?”
ദീപക്കിൻ്റെ മുഖത്ത് പുഞ്ചിരിയല്ല; ഒരു സന്തോഷപ്പൂത്തിരി!
അവർ ആദ്യം ദീപക്കിൻ്റെ വീട്ടിലേക്ക് പോയി. ദീപക് മമ്മിയെയും പപ്പയെയും ഫോൺ ചെയ്ത് ധന്യയുടെ വീട്ടിൽ രാത്രി തങ്ങാൻ അനുമതി വാങ്ങി. അവൻ കുറച്ച് വസ്ത്രങ്ങളും ടൂത്ബ്രഷും മൊബൈൽ ഫോണിൻ്റെ ചാർജറും പിന്നെ മറ്റ് ചില സാധനങ്ങളും ഒരു ബാക്പാക്കിൽ ആക്കി അതുമായി ധന്യയോടൊപ്പം അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവർ അവിടെ എത്തുമ്പോൾ സമയം സായംസന്ധ്യയോട് അടുത്തിരുന്നു. ദീപക് അവൻ്റെ ട്രാൻസ്ജെൻഡർ സ്വത്വം തന്നെക്കൂടാതെ മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ ധന്യ തൻ്റെ കുടുംബാംഗങ്ങൾക്ക് — അമ്മ, അച്ഛൻ, ചേച്ചി — അവനെ ദീപ്തി എന്ന പേരിൽ തൻ്റെ കൂട്ടുകാരിയായിത്തന്നെ പരിചയപ്പെടുത്തി.
വൈകിട്ടത്തെ ഭക്ഷണത്തിനുള്ള സമയമാകുന്നതു വരെ ധന്യയും ദീപ്തി എന്ന ദീപക്കും ധന്യയുടെ ചേച്ചി രമ്യയും തമ്മിൽ സംസാരിച്ചിരുന്നു. അത്താഴത്തിനു മുൻപ് അവർ ഇരുവരും കുളിച്ച് വസ്ത്രങ്ങൾ മാറി. ഭക്ഷണത്തിന് ശേഷം വീണ്ടും രമ്യ അവരോടൊപ്പം കത്തി വെക്കാൻ കൂടി. സംഭാഷണത്തിനുള്ള വിഷയങ്ങൾ തീർന്നപ്പോൾ ബോറടി മാറ്റാൻ അവർ ബോർഡ് ഗെയിംസ് കളിച്ചു. രാത്രി നേരം വൈകിയപ്പോൾ അവർ രമ്യയോടു ഗുഡ്നൈറ്റ് പറഞ്ഞ് കിടക്കാൻ ധന്യയുടെ മുറിയിലേക്ക് പോയി.