ദീപ്തിയെക്കൂടാതെ അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിഞ്ഞിരുന്നത് അവളുടെ ഡയറി മാത്രം ആയിരുന്നു; കാരണം ആണിന് പെണ്ണ് ആകാനോ പെണ്ണിന് ആണ് ആകാനോ ഉള്ള മോഹത്തെ അംഗീകരിക്കാത്ത, യാഥാസ്ഥിതികതയിൽ അടിയുറച്ച, സമൂഹത്തെ അവൾക്ക് ഭയം ആയിരുന്നു.
ഒരിക്കൽ, ഒരാളോട് മാത്രം, ദീപ്തി തൻ്റെ മനസ്സിലിരിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവൾ പ്ലസ് റ്റു വിദ്യാർഥിനി ആയിരുന്ന കാലം. ദീപ്തിയുടെ ആത്മസുഹൃത്ത് ആയിരുന്നു അവളുടെ അയൽക്കാരിയും ക്ലാസ്മേറ്റും ആയിരുന്ന രഞ്ജിത. പഠനത്തിലും കളിയിലും കുസൃതിയിലും എല്ലാം ഇരുവരും ഒന്നിച്ച് ആയിരുന്നു. അസൂയയോ മാത്സര്യമോ സ്ഥായിയായ പിണക്കങ്ങളോ പരിഭവങ്ങളോ തീണ്ടാത്ത ആ കറ തീർന്ന സൗഹൃദം പലരിലും അസൂയ ജനിപ്പിച്ചിരുന്നു എന്നതാണ് വാസ്തവം. പക്ഷേ അവളിൽനിന്ന് ഒരു സത്യം ദീപ്തി ഒളിച്ചു: രഞ്ജിതയുടെ കുസൃതിച്ചിരിയും അവളുടെ കള്ളനോട്ടവും അവളുടെ സ്പർശനങ്ങളും തൻ്റെ മനസ്സിൽ എപ്പോഴും ഉണർത്തി വിടുന്ന പ്രണയക്കുളിര് അവൾ അറിയാതെ ദീപ്തി തൻ്റെ മനസ്സിൻ്റെ നിഗൂഢതയിൽ മറച്ച് പിടിച്ചിരുന്നു.
ഒരു ശനിയാഴ്ച. കൂട്ടുകാരികൾ ഇരുവരും ദീപ്തിയുടെ വീട്ടിൽ റ്റി.വി. കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. അവിടെ അവർ മാത്രമേ ഉള്ളൂ. ദീപ്തിയുടെ അച്ഛനമ്മമാർ ജോലിക്ക് പോയിരിക്കുന്നു. അനുജൻ കൂട്ടുകാരോട് ഒപ്പം കളിക്കാനും. “ഹം തും” ആയിരുന്നു റ്റി.വി.യിൽ പ്ലേ ചെയ്തിരുന്ന ചലച്ചിത്രം. ദീപ്തിയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു രഞ്ജിത. രഞ്ജിതയുടെ കൈ ദീപ്തി കൈയിൽ എടുത്ത് പിടിച്ചിരിക്കുന്നു. സിനിമ തീർന്നപ്പോൾ ദീപ്തിയുടെ ഉള്ളിൽ പ്രണയത്തിൻ്റെ ഒരു കടൽ അല തല്ലുകയായിരുന്നു. രഞ്ജിത എണീറ്റ് ഇരുന്നു. ഒരു നിമിഷം മറ്റൊന്നും ദീപ്തി ചിന്തിച്ചില്ല — അവൾ രഞ്ജിതയുടെ ചൊടികളിൽ തൻ്റെ ചുണ്ടുകൾ ചേർത്തു.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും പൊടുന്നനെ അവളുടെ ചുംബനത്തിൽനിന്ന് സ്വതന്ത്രയായ രഞ്ജിതയുടെ കൈത്തലം ദീപ്തിയുടെ കവിളിൽ പതിഞ്ഞു. സ്തബ്ധയായി ദീപ്തി ഇരിക്കവേ രഞ്ജിത എണീറ്റു നിന്നു. അവളുടെ ചാട്ടുളി പോലത്തെ നോട്ടത്തിനു മുൻപിൽ ദീപ്തി വിറച്ചു. തൻ്റെ തെറ്റിന് മാപ്പ് ചോദിക്കാൻ അവളുടെ ചുണ്ടുകൾ വിറച്ചു; പക്ഷേ ദീപ്തിക്ക് വാക്കുകൾ കിട്ടിയില്ല. ഏതാനും നിമിഷം ആ നിൽപ്പ് നിന്നതിനു ശേഷം രഞ്ജിത ഇറങ്ങി ഒരൊറ്റ പോക്ക്. അവൾക്കു പിന്നാലെ വിതുമ്പലോടെ രഞ്ജിതയുടെ പേര് വിളിച്ചുകൊണ്ട് ദീപ്തി ഇറങ്ങിച്ചെന്നെങ്കിലും രഞ്ജിത നിന്നില്ല; അവൾ തിരിഞ്ഞു പോലും നോക്കിയില്ല. അവരുടെ സൗഹൃദം ആ സംഭവത്തോടെ അവസാനിച്ചു.