ഒരു വർഷം കടന്നു പോയി. ഇന്ന് തൊടുപുഴയിലെ പ്രശസ്തമായ കോളജിൽ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ് ദീപ്തി. ദീപ്തിക്ക് കൂട്ടുകാർ തീരെ കുറവാണ്. അന്നത്തെ സംഭവത്തിന് ശേഷം ലജ്ജയും കുറ്റബോധവും ഭയവും ഒക്കെക്കൊണ്ട് അവൾ കൂടുതൽ അന്തർമുഖിയായി മാറിയിരുന്നു. അവളുടെ ക്ലാസിൽ ധന്യ എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അതിസുന്ദരി. സ്ത്രൈണത എന്ന പദം മൂർത്തിമദ്ഭവിച്ചതു പോലെ ആയിരുന്നു അവളുടെ എടുപ്പും നടപ്പും ഉടുപ്പും സംഭാഷണവും കളിചിരികളും കുസൃതിയും ഇണക്കവും പിണക്കവും എല്ലാം. അതുകൊണ്ടു തന്നെ മറ്റുള്ള പെൺകുട്ടികൾ അവളെ അസൂയയോടെയും ആൺകുട്ടികൾ ആരാധനയോടെയും നോക്കിക്കണ്ടു.
നമ്മുടെ ദീപ്തിയോ? ദീപ്തിക്ക് അവളെ കാണുമ്പോൾ ഒക്കെ ഇടനെഞ്ചിൽ പഞ്ചാരിമേളം ആയിരുന്നു. ധന്യയെ ഏതൊരു ആൺകുട്ടിയെക്കാളും അധികം മോഹിച്ചിരുന്നത് ഒരു പക്ഷേ ദീപ്തി ആയിരുന്നിരിക്കാം. അവളുടെ പവിഴച്ചുണ്ടുകളിൽ ചൊടികൾ ചേർക്കാൻ, അവളുടെ നിറമാറിൽ മുഖം പൂഴ്ത്താൻ, അവളുടെ കുൺ — അല്ലെങ്കിൽ വേണ്ട — വടിവൊത്ത ആ നിതംബത്തിൽ കരതലം അമർത്താൻ ദീപ്തി എത്ര ആശിച്ചെന്നോ.
ഒരു ദിവസം. ദീപ്തിയുടെ ക്ലാസ്റൂം. ദീപ്തിയുടെ ക്ലാസ്മേറ്റ്സ് തങ്ങൾ എല്ലാവരും ചേർന്ന് പോകാൻ പ്ലാൻ ചെയ്തിട്ടുള്ള കൂർഗ്-മൈസൂർ ട്രിപ്പിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അല്പം മാറി ദീപ്തി ഒരു പുസ്തകത്തിൽ കണ്ണുകൾ നട്ട് തനിച്ചിരിക്കുന്നു. ഒപ്പം അവരുടെ സംഭാഷണത്തിലും അവൾ ശ്രദ്ധിക്കുന്നുണ്ട്.
“ചാമുണ്ഡി ഹിൽസിൽ എന്തുവാ കാണാനൊള്ളെ?” ചിക്കുവിൻ്റെ ചോദ്യം.
“എടാ അമ്പലമുണ്ട്, പിന്നെ നന്ദികേശ്വരൻ്റെ പ്രതിമ.” ഷെറീനയാണ് അതു പറഞ്ഞത്.
“കൂർഗിലെ ഗോൾഫ് കോഴ്സ് അടിപൊളിയാ. കുബേരനിലെ പാട്ടൊക്കെ അവിടെയാ ഷൂട്ട് ചെയ്തത്.” ജിത്തു തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചു.
“അതിന് മൈസൂർ എവിടെക്കെടക്കുന്നു, കൂർഗ് എവിടെക്കെടക്കുന്നു!” തരുൺ അവനെ പുച്ഛിച്ചു.
“ഞാൻ ചിക്കൂൻ്റെ ചോദ്യത്തിന് റിപ്ലൈ ചെയ്തതല്ലെന്ന് മനസ്സിലാക്കാനുള്ള സെൻസ് നിനക്കുണ്ടാവുമെന്ന് പ്രതീക്ഷിച്ചത് എൻ്റെ തെറ്റ്.” ജിത്തു തിരിച്ചടിച്ചു.
“ദീപ്തി വരുന്നില്ലേ?” പെട്ടെന്നാണ് ധന്യ അവൾക്ക് നേരെ ആ ചോദ്യം എറിഞ്ഞത്.
ദീപ്തി എന്തു പറയണം എന്ന് അറിയാതെ കുഴങ്ങി. രഞ്ജിതയുമായി ഉണ്ടായ ആ സംഭവത്തിനു മുൻപ് ആയിരുന്നെങ്കിൽ ഇത്തരം അവസരങ്ങളിൽ അവൾ തുള്ളിച്ചാടി മുന്നിട്ട് ഇറങ്ങുമായിരുന്നു. ഇന്ന് പക്ഷേ അവൾ ആ പഴയ ചൊടിയും ചുണയും പ്രസരിപ്പും നഷ്ടപ്പെട്ട് പഴയ ദീപ്തിയുടെ ഒരു നിഴൽ മാത്രമായി മാറിക്കഴിഞ്ഞു. ഉല്ലാസയാത്രയിൽ പങ്കെടുക്കണം എന്ന് അവൾക്ക് താത്പര്യം ഉണ്ടായിരുന്നു. പക്ഷേ ഒരുപാട് ആശയക്കുഴപ്പങ്ങൾ അവളെ വേട്ടയാടി. ഒന്നിച്ച് യാത്ര ആസ്വദിക്കാൻ തനിക്ക് അടുപ്പമുള്ള കൂട്ടുകാർ ഇല്ല. ധന്യയെ ഇഷ്ടമാണ്. പക്ഷേ അവൾക്ക് എത്രയോ സുഹൃത്തുക്കളും ആരാധകരും ആണ് ഉള്ളത്. അവരുടെയൊക്കെ ഇടയിൽ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറിക്കളിക്കുന്നത് നോക്കി നിന്ന് അസൂയപ്പെടാൻ വേണ്ടി എന്തിന് പോകണം? പോരെങ്കിൽ ആ വിശാലിന് അവളെ ഒരു നോട്ടവും ഉണ്ട്. അവൻ അവളെ ലൈൻ അടിക്കുന്നത് കൂടി കാണേണ്ടി വന്നാൽ ഉല്ലാസയാത്ര തനിക്ക് വിലാപയാത്ര ആയിത്തീരും. അങ്ങനെ ഒരു റിസ്ക് എടുക്കണോ? പോകാതിരുന്നാൽ കുറേ സ്ഥലങ്ങൾ കാണാൻ പറ്റിയില്ല എന്ന നഷ്ടം മാത്രമേ ഉണ്ടാകൂ. പോയാൽ ഉണ്ടാകുന്ന മനോവേദന അതിനെക്കാൾ വലുതാണെങ്കിലോ?