ഒടുവിൽ കാത്തുകാത്തിരുന്ന ആ യാത്രയുടെ ദിവസം വന്നെത്തി. ടൂർ ബസ്സിൽ ദീപ്തി ആദ്യമേ തന്നെ ഡോറിന് തൊട്ടു പിന്നിൽ ഉള്ള സീറ്റിൽ സ്ഥാനം പിടിച്ചു. ധന്യ വേറെ എങ്ങും പോയി ഇരിക്കാതെ നോക്കണമല്ലോ! ധന്യ കയറി വന്നതും ദീപ്തി അവളെ പിടിച്ച് രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന ആ സീറ്റിൽ തൻ്റെ അരികിൽ ഇരുത്തി. “കേൾക്കൂ, കൂട്ടുകാരേ, ഇതാ ഈ യാത്രയിൽ ഉടനീളം ഇവൾക്കു മേൽ ഞാൻ എൻ്റെ അവകാശം സ്ഥാപിച്ചിരിക്കുന്നു!” എന്ന് ദീപ്തി ഉറക്കെ പറഞ്ഞില്ല എന്നേ ഉള്ളൂ; അവളുടെ മനസ്സിലെ ചിന്ത അപ്പോൾ ഏതാണ്ട് അങ്ങനെ ആയിരുന്നു എന്നതാണ് വാസ്തവം.
യാത്ര അടിപൊളി ആയിരുന്നു. ദീപ്തി എല്ലാവരുമായും അടുത്ത് ഇടപഴകി. തമാശകൾ പങ്കു വെച്ചു. അന്താക്ഷരി കളിച്ചു. അടിപൊളി പാട്ടുകളുടെ താളത്തിൽ തുള്ളിക്കളിച്ചു. പോയ സ്ഥലങ്ങളിൽ കണ്ണും മനസ്സും കുളിർപ്പിക്കുന്ന കാഴ്ചകൾ കണ്ടും ഫോട്ടോകൾക്ക് പോസ് ചെയ്തും പകർത്തിയും വഴിയോരക്കച്ചവടക്കാരോട് വില പേശിയും ചുറ്റി നടന്നു. കൂട്ടുകാരികളോട് ഒപ്പം താമസിച്ച ഹോട്ടൽ റൂമുകളിൽ ചീട്ടും ട്രൂത് ഓർ ഡെയറും കളിച്ചും പില്ലോ ഫൈറ്റുകളിൽ ഏർപ്പെട്ടും രസിച്ചു.
പക്ഷേ എല്ലായ്പ്പോഴും ദീപ്തിയുടെ മുൻഗണന ധന്യയോട് ഒപ്പം സമയം ചെലവഴിക്കുന്നതിൽ ആയിരുന്നു. ഉറങ്ങുമ്പോൾ പോലും ധന്യയോട് ചേർന്നു കിടക്കാൻ അവൾ ശ്രദ്ധിച്ചു. എങ്കിലും തന്നിൽനിന്ന് ധന്യയ്ക്ക് കിട്ടുന്ന അമിതപരിഗണന അവളെ അലോസരപ്പെടുത്താതെയും ദീപ്തി മുൻകരുതൽ എടുത്തു. ധന്യയാകട്ടെ താൻ ദീപ്തിക്ക് നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്തു — യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ ഏറിയ സമയവും ആ രണ്ട് കൂട്ടുകാരികൾ ഒന്നിച്ച് ആയിരുന്നു.
ആ ഉല്ലാസയാത്രയ്ക്ക് ഇടയിൽ രണ്ട് കൊച്ചു സംഭവങ്ങൾ നടന്നു.
അടിപൊളി പാട്ടുകൾക്ക് ഒപ്പം ഡാൻസ് ചെയ്ത് തളർന്ന് എല്ലാവരും വിശ്രമിക്കുന്ന സമയത്ത് ആയിരുന്നു ഒന്നാമത്തെ സംഭവം. രാത്രി. ഏതോ ചുരം കയറുന്ന ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ ഇപ്പോൾ പ്ലേ ചെയ്യപ്പെടുന്നത് പ്രശാന്തമായ ഗാനങ്ങളാണ്.
“കുക്കൂ കുക്കൂ കുയിലേ എൻ്റെ കൈ നോക്കുമോ … .”