സ്പീക്കറിലൂടെ ആ പാട്ട് ഒഴുകി വന്നപ്പോൾ ധന്യയോട് സംസാരിച്ചുകൊണ്ടിരുന്ന ദീപ്തിയുടെ മുഖത്ത് സന്തോഷത്തിൻ്റെ പ്രകാശം പരന്നു.
“ ഹായ് … എനിക്കീ പാട്ടെന്തിഷ്ടാന്നോ!” അവൾ പറഞ്ഞു.
“അതെന്നാ ഇതിനോടൊരു പ്രത്യേക ഇഷ്ടം?” ധന്യക്ക് കൗതുകം.
അവളോട് കൈ കൊണ്ട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ദീപ്തി ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ച് പാട്ടിൽ ലയിച്ച് ഇരുന്നു; അവളുടെ ഇരിപ്പും കൈയുടെയും തലയുടെയും ചലനങ്ങളും നോക്കിക്കൊണ്ട് ഒരു പുഞ്ചിരിയോടെ ധന്യയും.
“ഈ പാട്ടിൻ്റെ പ്രത്യേകതയെന്നാന്നോ?” പല്ലവി കഴിഞ്ഞ് അനുപല്ലവി തുടങ്ങുന്നതിന് മുൻപ് കണ്ണുകൾ തുറന്ന് ദീപ്തി ചോദിച്ചു.
“എന്നാ?”
“ഒരു ഇമാജിനറി കാമുകനെ സങ്കല്പിച്ചോണ്ട് നായിക പാടുന്ന രീതീലൊള്ള ഒത്തിരി പാട്ടില്ലേ മലയാളത്തിൽ? പക്ഷേ നായകൻ അതുപോലെ ഇമാജിനറി കാമുകിയെ ഓർത്തോണ്ട് പാടുന്ന പാട്ട് ഇതും പിന്നെ ‘താമസെമെന്തേ വരുവാനും’ മാത്രേ ഒള്ളു.”
ധന്യ അല്പം ആലോചിച്ചു. “അല്ലല്ലോ — ‘പിന്നെയും പിന്നെയും’ ഇല്ലേ? ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തി’ലെ?” പെട്ടെന്ന് ഓർമ്മ വന്ന ഒരു ഉദാഹരണം അവൾ സൂചിപ്പിച്ചു.
“അത് പക്ഷേ യൂണിസെക്സ് പാട്ടല്ലേ? കാമുകിയെന്നോ കാമുകനെന്നോ ക്ലിയറായിട്ട് പറയുന്നില്ലല്ലോ.”
“ഓ അങ്ങനെ … ഹ്മ്ം.”
അതും പിന്നെ ഏതാനും പാട്ടുകളും കൂടി കഴിഞ്ഞ് “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ” എന്ന പാട്ട് വന്നപ്പോൾ പ്രഭാ വർമ്മയുടെ അതിന് ആധാരമായ “മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും” എന്ന കവിതയെക്കുറിച്ച് ദീപ്തി വാചാലയായി. ഇടയ്ക്ക് തൻ്റെ ചുമലിൽ ഒരു ഭാരം പോലെ തോന്നി അവൾ നോക്കുമ്പോഴുണ്ട് ധന്യ അതിന്മേൽ തല ചായ്ച്ച് മയങ്ങുന്നു. ദീപ്തി അവളുടെ മുഖത്തേക്ക് വീണ് കിടന്നിരുന്ന മുടിയിഴകൾ മാടിയൊതുക്കി. അവൾക്ക് ഉള്ളിൽ മഞ്ഞ് പെയ്യുന്നതു പോലെ തോന്നി. അറിയാതെ അവളുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു. പെട്ടെന്നു തന്നെ ആരെങ്കിലും കാണുമോ എന്ന ഭയത്താൽ അവൾ വായ പൊത്തി അത് മറച്ചുകൊണ്ട് ചുറ്റും നോക്കി. ഭാഗ്യം. ആരും ശ്രദ്ധിച്ചില്ല.