രണ്ടാമത്തെ സംഭവം അവർ മൈസൂർ സന്ദർശനത്തിന് ശേഷം കൂർഗിലേക്ക് പോകുന്ന വഴിക്ക് ആയിരുന്നു. ഒരു സായാഹ്നം. അന്താക്ഷരി കളിക്കാൻ വേണ്ടി എണീറ്റ് പോയ ദീപ്തി തിരിച്ച് വരുമ്പോൾ നിഷാന്ത് എന്ന പയ്യൻ ദീപ്തിയുടെ സീറ്റിൽ ധന്യയുടെ അടുത്ത് ഇരുന്ന് അവളോട് സംസാരിക്കുകയാണ്.
ദീപ്തി നിഷാന്തിനെ തോണ്ടി. അവൻ ദീപ്തിയെ നോക്കി.
“നിഷാന്തേ, ഇത് പെണ്ണുങ്ങൾടെ സീറ്റാണേ.” ചിരിച്ചുകൊണ്ടാണ് അവൾ പറഞ്ഞത്.
“ഓ അതെയാരുന്നോ? ഞാനും പെണ്ണാ, പേര് നിഷ.” അവൻ സ്വന്തം തമാശ ആസ്വദിച്ച് ചിരിച്ചു.
“ആണോ, എന്നാൽ നിഷയങ്ങോട്ട് മാറിക്കേ.”
“പോടീ അവിടുന്ന്.”
ഇരുവരും തമാശമട്ടിലാണ് സംസാരിച്ചതെങ്കിലും ദീപ്തി അല്പം സീരിയസ് ആണെന്ന് അവളുടെ മുഖഭാവത്തിൽനിന്ന് വ്യക്തം. നിഷാന്ത് ആകട്ടെ അവളെ അവഗണിച്ച് ധന്യയോട് അവൻ പറഞ്ഞുകൊണ്ടിരുന്ന ഏതോ രസികൻ കഥ തുടർന്നു.
“ … സായിപ്പ് വന്നിട്ട് ഇംഗ്ലീഷിൽ പൂരത്തെറി! ഹരിയാണേൽ അറിയാവുന്ന മുറിയിംഗ്ലീഷിൽ അതിയാനോട് കാര്യം എന്നാന്ന് ചോദിക്കുന്നൊണ്ട് … .”
അക്ഷമയോടെ കാത്തു നിൽക്കുന്ന ദീപ്തിയെ നോക്കി ധന്യ അപ്പുറത്തെ സീറ്റിൽ ഇരിക്കാൻ ആംഗ്യം കാട്ടി. ദീപ്തി വേണ്ട എന്ന അർഥത്തിൽ ചുമൽ കൂച്ചി.
“ … അപ്പഴൊണ്ട് രണ്ടു പോലീസുകാര് ഒരു ചെറുക്കനേം കൊണ്ട് വരുന്നു … .” നിഷാന്ത് കഥ തുടർന്നു. ദീപ്തി അവനെ ശ്രദ്ധിക്കാത്ത ഭാവം കഷ്ടപ്പെട്ട് അഭിനയിക്കാൻ ശ്രമിച്ച് അങ്ങനെ നിൽക്കുകയാണ്.
“… ഇനി തല്ലിക്കൊന്നാലും ഞാൻ കോവളം ബീച്ചിലോട്ടില്ലെന്ന് ഹരി അതോടെ ഒറപ്പിച്ചു!” ഏതാനും മിനിറ്റുകൾക്കും ദീപ്തിയിൽനിന്ന് ഏറുകണ്ണിട്ടുള്ള അനേകം കൂർത്ത നോട്ടങ്ങൾക്കും ഒടുവിൽ നിഷാന്ത് തൻ്റെ കഥ അവസാനിപ്പിച്ചു. ഇരുവരും ചിരിയോട് ചിരി. കേട്ടുകൊണ്ട് നിൽക്കുകയായിരുന്ന ദീപ്തിയുടെ മുഖത്തു മാത്രം ഒരു കല്ലിച്ച ഭാവം. ലോകത്തെ ഏറ്റവും ബോറൻ കഥ കേട്ടതു പോലെ.
ചിരിയലകൾ അടങ്ങിയതിനു ശേഷം നിഷാന്ത് ദീപ്തിയെ നോക്കി, “ശരി, ഇനി ഞാനായിട്ട് നിങ്ങടെ സ്വർഗത്തിലെ കട്ടുറുമ്പാകുന്നില്ല”, എന്നു പറഞ്ഞ് എഴുന്നേറ്റു.