ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ]

Posted by

“താങ്ക്സ്!” ദീപ്തി സന്തുഷ്ടയായി.

 

“എന്നാ സാധനമാടീ!” — നിഷാന്ത്.

 

“അതേടാ ഞാനിച്ചിര സാധനമാ.” — ദീപ്തി.

 

ദീപ്തി ഇരുന്നു കഴിഞ്ഞപ്പോൾ “എന്താ വിഷയം?” എന്ന് ധന്യ ആംഗ്യഭാഷയിൽ ചോദിച്ചു. “ഒന്നുമില്ല” എന്ന് ദീപ്തി ആംഗ്യഭാഷയിൽ തന്നെ മറുപടിയും കൊടുത്തു.

 

ദീപ്തിയുടെ ജീവിതത്തിൽ അങ്ങനെ പല വിധത്തിലും സംഭവബഹുലവും അവിസ്മരണീയവും ആയ ഒരു പിടി ദിനരാത്രങ്ങൾ സമ്മാനിച്ച ആ മൈസൂർ-കൂർഗ് ട്രിപ്പ് അവസാനിച്ച ദിവസം ഒരു വെള്ളിയാഴ്ച ആയിരുന്നു. ധന്യയെ പിരിയുന്നതിൽ ദീപ്തിക്ക് അതിയായ വിഷമമാണ് ഉണ്ടായിരുന്നത്. തുടർന്നു വന്ന അവധി ദിവസങ്ങളായ ശനിയും ഞായറും ഏറെ സമയവും ദീപ്തി ആ യാത്രയെക്കുറിച്ചും അതിൽ ധന്യയോടൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങളെക്കുറിച്ചും തന്നെ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരുന്നു.

 

തനിക്ക് ധന്യയോട് ഉള്ളത് അസ്ഥിക്കു പിടിച്ച പ്രണയമാണ് എന്ന് ദീപ്തി മനസ്സിലാക്കി; ആ തിരിച്ചറിവ് അവളെ ഉത്കണ്‌ഠാകുലയാക്കി. ഒരു നൂറു ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉയർന്നു. ഇതു ശരിയാണോ? സമൂഹം ഒരിക്കലും അംഗീകരിക്കാത്ത പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയം. അല്ല! ആണിൻ്റെ മനസ്സും പെണ്ണിൻ്റെ ശരീരവുമുള്ള പെണ്ണിന് പെണ്ണിൻ്റെ മനസ്സും പെണ്ണിൻ്റെ തന്നെ ശരീരവുമുള്ള പെണ്ണിനോട് തോന്നിയ പ്രണയം. സമൂഹത്തിൻ്റെ കാര്യം നിൽക്കട്ടെ — ധന്യയുടെയോ? അവൾ തൻ്റെ പ്രണയം സ്വീകരിക്കുമോ? തന്നെ ഒരു സുഹൃത്തായി മാത്രമല്ലേ അവൾ കാണുന്നത്? ഒരർഥത്തിൽ താൻ അവളോടു ചെയ്യുന്നത് വഞ്ചനയല്ലേ? അറിഞ്ഞോ അറിയാതെയോ അവളുടെ സ്പർശനം തന്നിൽ രോമാഞ്ചമുണർത്തിയ വേളകളിൽ എല്ലാം താൻ അവളുടെ നിഷ്കളങ്കമായ സൗഹൃദത്തെ മുതലെടുക്കുകയായിരുന്നില്ലേ? തിരിച്ചു കിട്ടാൻ സാദ്ധ്യതയില്ലാത്ത പ്രണയം മനസ്സിൽ വെച്ചുകൊണ്ട് വെറുതെ അവളെ ഓർത്തും മോഹിച്ചും സ്വപ്നം കണ്ടും എന്തിന് സമയം പാഴാക്കണം? തനിക്കു വേണ്ടിയിരുന്നത് എന്താണ്? ആ ഉല്ലാസയാത്രയിൽ അവളോടൊപ്പം കുറേ നല്ല നിമിഷങ്ങൾ. അതു കിട്ടിയല്ലോ! ഇനി അവളിൽനിന്ന് അകന്നു നിൽക്കുകയാണു വേണ്ടത്; അല്ലെങ്കിൽ താൻ വെറുതെ വേദനിക്കാനേ ഇടയാകൂ — ദീപ്തി നിശ്ചയിച്ചു.

 

തിങ്കളാഴ്ച മുതൽ ആ തീരുമാനം അവൾ നടപ്പിലാക്കിത്തുടങ്ങി. അന്ന് ഇൻ്റർവെൽ സമയത്ത് ധന്യയും മറ്റു കൂട്ടുകാരികളും ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോൾ അവൾ അവരോടൊപ്പം കൂടാതെ ലൈബ്രറിയിൽ പോയി പുസ്തകം വായിച്ചുകൊണ്ടിരുന്നു. വൈകുന്നേരം ദീപ്തി തൻ്റെ ഫോണിൽ ധന്യയുടെ “ഹായ്” എന്ന മെസ്സേജ് കണ്ടെങ്കിലും ഒത്തിരി വൈകിയാണ് അവൾ റിപ്ലൈ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *