“എന്താ ഒരു മൂഡോഫ്?” ദീപ്തിയുടെ മെസേജ് കണ്ടതും ധന്യ ചോദിച്ചു.
“ഏയ് ഒന്നുമില്ല.”
“അങ്ങനല്ലല്ലോ?”
“ഒന്നൂല്ലെടാ. തലവേദനയായിരുന്നു.” ദീപ്തി കള്ളം പറഞ്ഞു.
“ടേക് കെയർ.” ധന്യയുടെ മറുപടി.
ദീപ്തി തിരിച്ച് ചുറ്റും ഹൃദയചിഹ്നങ്ങളുള്ള ഒരു പുഞ്ചിരിക്കുന്ന മുഖത്തിൻ്റെ ഇമോജി അയക്കാൻ ഒരുമ്പെട്ടെങ്കിലും സ്വയം തടഞ്ഞ് ഒരു കെട്ടിപ്പിടിക്കുന്ന ഇമോജി അയച്ചു. അതിനു മറുപടിയായി ധന്യ അയച്ച ഹൃദയചിഹ്നത്തിൻ്റെ ഇമോജിയിൽ തുറിച്ചു നോക്കിക്കൊണ്ട് അവൾ ഏതാനും മിനിറ്റുകൾ നിശ്ചലയായി ഇരുന്നു; പിന്നെ ഫോൺ മാറ്റി വെച്ച് മേശപ്പുറത്ത് പിണച്ചു വച്ച കൈകളിൽ മുഖം ചേർത്തു കിടന്ന് വിതുമ്പി.
തുടർന്നുള്ള ദിവസങ്ങളിലും ദീപ്തി മനഃപൂർവം ധന്യയിൽനിന്ന് അകന്നു നടന്നു. അവളുടെ പെരുമാറ്റം ധന്യയെ വേദനിപ്പിച്ചു; ഇങ്ങനെ അവഗണിക്കാൻ മാത്രം താൻ എന്തു തെറ്റാണു ചെയ്തതെന്ന് അവൾക്ക് മനസ്സിലായില്ല. ഒന്നുരണ്ടു വട്ടം അവൾ ദീപ്തിയോട് കാരണം ചോദിക്കാൻ ശ്രമിച്ചെങ്കിലും അങ്ങനെയൊന്നുമില്ല എന്നു പറഞ്ഞ് ദീപ്തി ഒഴിഞ്ഞു മാറി. അവരുടെ കൂട്ടുകാരികൾ ചോദിച്ചപ്പോഴും അവൾ അതേ പല്ലവി ആവർത്തിച്ചു. ഒരു തവണ ധന്യ ദീപ്തിയെ ഫോൺ ചെയ്തെങ്കിലും അവൾ കോൾ എടുത്തില്ല.
അതിനിടയിൽ കോളജിൻ്റെ ആനുവൽ ഡേ വന്നെത്തി. ദീപ്തി പോയില്ല. അവൾ വെറുതെ ഒരു പുസ്തകം വായിച്ചുകൊണ്ട് വീട്ടിൽ തനിച്ചിരിക്കുമ്പോൾ പുറത്ത് ഒരു സ്കൂട്ടർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. അവൾ ജനാലയിലൂടെ നോക്കിയപ്പോൾ ഉദ്ദേശം തൻ്റെ പ്രായം വരുന്ന ഒരു ഹെൽമറ്റ് ധരിച്ച യുവതി സ്കൂട്ടർ സ്റ്റാൻഡിൽ വയ്ക്കുകയാണ്. ഇത് ആരായിരിക്കും എന്ന കൗതുകത്തോടെ നോക്കി നിന്ന ദീപ്തി ആഗത ഹെൽമറ്റ് ഊരിയപ്പോൾ ഞെട്ടി. ധന്യ! അവൾ ആകെ പരിഭ്രമത്തിലായി. ധന്യ കോളിങ് ബെൽ അടിച്ചു. ദീപ്തി വേഗം മുഖവും കഴുകി പാറിക്കിടന്ന തലമുടിയും ചീകി ഒതുക്കിയിട്ട് ചെന്നു വാതിൽ തുറന്ന് പോർച്ചിലേക്ക് ഇറങ്ങി.
“ഹായ്.” ധന്യ പുഞ്ചിരിച്ചു.
“ഹായ് ഇതാര്! വഴി എങ്ങനെ കണ്ടുപിടിച്ചു?”
“അതിനാണോ മോളേ പ്രയാസം. ചിലരെയൊക്കെ ഫോൺ ചെയ്താൽ കിട്ടാനുള്ളത്രേം ഒന്നും ഏതായാലും ഇല്ല.”