ഞങ്ങൾക്ക് പാലക്കാട് ജില്ലയിൽ അമ്മക്കും അച്ചനും ഒത്തിരി കുടുംബക്കാർ ഉണ്ടെങ്കിലും അവർക്കെല്ലാം അവരുടെ കാര്യമായി ജീവിക്കാനായിരുന്നു താൽപര്യം.
അച്ചൻ്റെ ആവശ്യങ്ങൾക്കെല്ലാം വന്ന അവർ പിന്നെ പിന്നെ വീട്ടിലേക്ക് വരാതായി മാറി.
ചുരുക്കി പറഞ്ഞാൽ കുടുംബക്കാർ ഉള്ളതും ഇല്ലാത്തതും കണക്കായിരുന്നു എന്ന് സാരം.
ആകെ ഒരു സഹായി ആയിട്ട് ഉണ്ടായിരുന്നത് കുഞ്ഞാറ്റയുടെ അച്ചനും അമ്മയുമായ ശിവേട്ടനും കുമാരി ചേച്ചിയുമായിരുന്നു.
അവർ നാട് വിട്ട് വന്നപ്പോൾ അങ്ങൾ സഹായിച്ചതിൻ്റെ ഇരട്ടിയായി ഒരു കൂടപ്പിറപ്പിനെ പോലെ നിന്നു കൊണ്ട് പല കാര്യങ്ങളിലും അവർ ഞങ്ങളെ സഹായിച്ചു,
ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ക്ലീനിങ് ജോലി ചെയ്തായിരുന്നു എൻ്റെ അമ്മ കുടുംബം നോക്കിയിരുന്നത്.
എന്നോട് തുടർന്ന് പഠിക്കാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും ഞാനത് നിരസിച്ചു.
മുപ്പത്തി ഒമ്പതിന് അടുത്ത് പ്രായം ചെന്ന അമ്മയെ ജോലിക്ക് വിടാൻ തന്നെ എനിക്ക് നാണക്കേടായിരുന്നു.
ഞാൻ പതിയെ പഠിത്തം നിർത്തി ജോലിക്കിറങ്ങി.
വർക്ക് ഷോപ്പ് പണി പതിയെ പതിയെ ഞാൻ പഠിച്ചെടുത്തു.
കുറച്ച് കഴിഞ്ഞ് പണി പഠിച്ച് കഴിഞ്ഞതും ഞാൻ ഒരു കടമുറി വാടകക്കെടുത്ത് ഒരു ചെറിയ വർക് ഷോപ്പ് അങ് തുടങ്ങി.
അങ്ങനെ മൂന്ന് ജോലിക്കാരുമൊക്കെയായി ഞാൻ ഒരു വർക്ക്ഷോപ്പ് ഓണറായി മാറിയിരുന്നു.
കയ്യിൽ ക്യാഷ് വന്ന് തുടങ്ങിയത് മുതൽ ചെറിയ രീതിയിൽ ഞാൻ മദ്യപാനം തുടങ്ങി.
ടെൻഷൻ കാരണമൊന്നുമല്ലട്ടോ.
ചെറിയ ഒരു എൻ്റെർടെയ്മിന് തുടങ്ങിയ സംഭവം പതിയെ പതിയെ ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.
ഡെയ്ലി ഒരു രണ്ടെണ്ണം കഴിക്കാതെ ഉറക്കം വരാത്ത അവസ്ഥയായി.
അതു കൊണ്ട് തന്നെ എൻ്റെ ജീവിതം മുന്നോട്ട് പോകുന്നതും മറ്റും ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
എന്നാലും വർക് ഷോപ്പും ജോലിയും എൻ്റെ ഒരു പാഷനായിരുന്നു.
പക്ഷേ മദ്യപാനം അത് അതിലും വലിയ ഒരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു എനിക്ക്.
ഡാ മനു നീ എന്താട ഇങ്ങനെ ആയത് എന്ന് അമ്മ ചോദിക്കുമ്പോൾ വീട്ടിലെ കാര്യങ്ങളെല്ലാം മുറക്ക് നടക്കുന്നില്ലെ എന്നായിരുന്നു എൻ്റെ മറുപടി.
“ഡാ മനു,,,, എനിക്ക് പ്രായം എന്തായെന്ന് വല്ല നിശ്ചയമുണ്ടോ നിനക്ക്??”