ഞാൻ കുഞ്ഞാറ്റക്ക് വാങ്ങിയ സാധനങ്ങളുമെടുത്ത് അമ്മക്ക് ഒരു കരിമീൻ പൊള്ളിച്ചതും വാങ്ങി വീട്ടിലേക്ക് വണ്ടിയോടിച്ച് പോയി.
ഉച്ചക്ക് രണ്ട് മണിക്കുള്ളിൽ ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മ അടുക്കളയിലാണ് .
കുഞ്ഞാറ്റ എന്തോ വറ പൊരി പലഹാരവും തിന്ന് കൊണ്ട് ഹോളിലെ കസേരയിൽ ടി വി യിൽ ഇംഗ്ലീഷിലെ ഏതോ പടം കണ്ടു കൊണ്ടിരിക്കുന്നു.
അവളുടെ ഫേവറേറ്റാണ് ഹിന്ദി ഇംഗ്ലീഷ് മൂവികൾ.
പൊതുവെ ആ കുരുപ്പിന് മലയാള സിനിമകൾ അലർജിയായിരുന്നു.
ഞാൻ വന്ന് വീട്ടിൽ കയറിയതും ഏട്ടായി എൻ്റെ ഐറ്റം വാങ്ങിച്ചോ എന്ന് പറഞ്ഞ് അവൾ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു.
എൻ്റെ കയ്യിലെ പൊതി ഞാൻ പിന്നിലേക്ക് മറച്ച് പിടിച്ചു.
“ഞാൻ പൊതി കണ്ടു. ചേട്ടായി ഒളിപ്പിക്കണ്ട. ഇങ്ങു തന്നേരെ.”
“അയിനിത് കുഞ്ഞാറ്റക്കുള്ള പൊതിയല്ല.”
“മ് അതെ അതെ.”
“അല്ലടി കാന്താരി. ഇത് അമ്മക്കുള്ള കുറച്ച് സാധനങ്ങളാ.”
“ഇല്ല കള്ളം പറയണ്ട. പൊതി കാണിച്ചേ…”
“എടാ കൊച്ചിനെ കളിപ്പിക്കാതെ കയ്യിലുള്ള സാധനം മര്യാദക്ക് അങ്ങ് കൊടുക്കട നീ.”
വീണ്ടും അമ്മ അലറിക്കൊണ്ട് അടുക്കളയിൽ നിന്നു വന്നു.
ഞാൻ കയ്യിലെ പൊതി തലക്ക് മുകളിലേക്ക് ഉയർത്തിപ്പിടിച്ചു.
കുഞ്ഞാറ്റ എങ്ങി ചാടി പൊതി തട്ടിപ്പറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
“ആ നല്ല പുകിലാണല്ലോ. എത്ര കുപ്പി കയറ്റിയട. നാറീട്ട് നിക്കാൻ മേലല്ലോടെ ചെറുക്കാ.”
“കുപ്പിയൊന്നും കഴിച്ചില്ലമ്മേ. ജസ്റ്റ് ഒരു ഗ്ലാസ് ബിയറ് മാത്രം.”
“ആഹാ,, ഒരു ഗ്ലാസ് ബിയറിൻ്റെയാണോട നിൻ്റെ കണ്ണും മൊഖോം ഉപ്പൻ്റ പോലെ ചുവന്നിരിക്കുന്നത്.”
“അത് ബൈക്കിൽ വന്നപ്പോൾ പ്രാണി പോയതായിരിക്കും അമ്മേ,..”
അപ്പോഴും കുഞ്ഞാറ്റ ഞാൻ തലക്ക് മുകളിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന പൊതി എത്തിപ്പിടിക്കാനായി എങ്ങി ചാടുന്നുണ്ടായിരുന്നു.
“നീ ആ കൊച്ചിനെ കളിപ്പിക്കാതെ ആ പൊതി അതിൻ്റെ കയ്യിലോട്ടങ്ങ് കൊടുത്തിട്ട് വല്ലതും കഴിക്കാൻ നോക്ക് ചെക്കാ,,,”
എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.
കുഞ്ഞാറ്റയുടെ നേരെ ഞാൻ ആ പൊതി നീട്ടി.
അവൾ സന്തോഷത്തോടെ പൊതി വാങ്ങാൻ കൈ നീട്ടിയപ്പോൾ പൊതി തരാം പക്ഷേ ഏട്ടന് നീ ഒരു ഉമ്മ താ എന്ന് ഞാൻ അവളോട് പറഞ്ഞു.