അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി അവിടെ നിന്നും ആലപ്പുഴയ്ക്ക് പുറപ്പെട്ടു ആദ്യം കുമ്പളങ്ങിയൊക്കെ കറങ്ങി സജിയുടെ വീടും ഷൂട്ടിംഗ് സ്പോട്ടുമൊക്കെ കാണിച്ചു തുറവൂർ വഴി ഹൈവേ പിടിച്ചു. പഞ്ചാബിക്ക് കുമ്പളങ്ങി നൈറ്റ്സ് മൂവിയെ പറ്റി പറഞ്ഞുകൊടുത്തു. പുറത്തുള്ളൊരാളെ ധൈര്യമായി കാണിക്കാൻ പറ്റുന്ന ഒരു സിനിമ ആണല്ലോ.
പഞ്ചാബി യൂട്യൂബിൽ അതിലെ തില്ലേലെ സോങ് കേട്ട് പുറകിലേക്ക് നോക്കി എന്തൊക്കെയോ ഹിന്ദിയിൽ പറഞ്ഞു. അത് ഒന്നും എനിക്ക് മനസിലാവാഞ്ഞതോടെ എന്റെ ഹിന്ദിയിലെ അറിവ് ഒരു ചോദ്യചിഹ്നമായി നിന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തി.
പുന്നമട എത്തുന്നതിനുമുൻപ് എന്നെ ഞെട്ടിച്ചുകൊണ്ട് ആ കുരിപ്പ് ചെക്കൻ എന്റെ തലയിൽ തൊട്ടുകൊണ്ട് ടോവിനോ സ്റ്റൈൽ എന്ന് പറഞ്ഞു. ഭാഗ്യത്തിന് വണ്ടീടെ നിയന്ത്രണം പോയില്ല.
അത് പാർലറിൽ നിന്നും കേട്ടകൊണ്ട് ടോവിനോയെ പറ്റി തിരക്കിയതാണെന്ന് പുള്ളി പറഞ്ഞു. അപ്പൊ ഞാൻ ഹെഡ്‍ഫോൺ വെച്ച് കിടന്നപ്പോൾ ഇവരുടെ ഫേഷ്യൽ കഴിഞ്ഞുപോവുന്നതിനുമുൻപ് എന്നെ പറ്റി ടോക്ക് ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പായി. അതാണ് ഞാൻ ഇപ്പൊ ഈ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത്… ഹ്മ്മ്. അപ്പൊ എന്റെ നിഷ്കളങ്കത കണ്ടാണ് എന്നെ പിടിച്ചത്.
അന്ന് പിന്നെ ബോട്ട് റൈഡ് ഒക്കെ നടക്കുന്നതിനിടയ്ക്ക് ഞാൻ അവരോടൊക്കെ സംസാരിച്ചു, അതിൽ ആച്ചി പഠിച്ചതൊക്കെ കുസാറ്റിൽ ആണെന്ന് പറഞ്ഞു അവൾ അറിയാവുന്ന മലയാളത്തിൽ എന്നോട് സംസാരിക്കാൻ ശ്രെമിച്ചു ഞാൻ പിന്നെ അതിന്റെ ഇടയ്ക്ക് ഇംഗ്ലീഷ് കേറ്റി അത് നിർത്തിച്ചു, വെറുതെ എന്തിനാ മാതൃഭാഷയെ കൊല്ലുന്നതിനു കൂട്ട് നിക്കുന്നത് .കുറച്ചു സമയം കൊണ്ട് ഞങ്ങൾ ഒത്തിരി അടുത്തു…നല്ല ഫ്രണ്ട്‌ലിയായൊരു കൊച്ച് ചുരുക്കി പറഞ്ഞാൽ ഈ ഹസ്ബൻഡ് മെറ്റീരിയൽ എന്നൊക്കെ പറയണ പോലെ പക്കാ വൈഫ് മെറ്റീരിയൽ.പറഞ്ഞിട്ട് കാര്യമില്ല എന്റെ മുറി ഇംഗ്ലീഷ് കൊണ്ട് എങ്ങനെ ജീവിക്കാനാണ്.
പിന്നെ എന്നെകൊണ്ടാവുന്ന രീതിക്ക് ഞാൻ അവളുടെ ചോര ഊറ്റി ഇടയ്ക്ക് എപ്പോളോ അവൾ അത് കണ്ടിട്ട് ഇംഗ്ലീഷിൽ ടോവിനോ എന്ത് നോക്കുവാ എന്ന് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, അത് കേട്ട് ബാക്കിയുള്ള പെണ്ണുങ്ങളും കിടന്നു ചിരിച്ചു, എനിക്ക് പിന്നെ നാണം ഇല്ലാത്തത്കൊണ്ട് അതൊക്കെ കേട്ട് നിന്ന്.