എന്റെ മനസ്സിൽ അത് ഒരു ചെറു നൊമ്പരമായി അവശേഷിക്കുന്നു
“”പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.””
എന്റെ ജീവിതത്തിൽ ആ വരികൾക്ക് ഒരിക്കലും,… ഒരു കാരണവശാലും സ്ഥാനമില്ലന്ന് എനിക്കറിയാം. എങ്കിലും ചില നേരത്തെ പുള്ളിയുടെ ആറ്റിട്യൂട് കാണുമ്പോൾ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റ് പറയാനൊക്കുമോ…
ഒരു നല്ല മനസ്സിന്റെ ഉടമയുടെ ഉള്ളിലുള്ള കാമുകനു മാത്രമേ ഇങ്ങനെ പെരുമാറാനൊക്കൂ…
എന്നോട് നിസ്വാർത്ഥ സ്നേഹം…. എന്റെ അമ്മയോട് നിസ്വാർത്ഥ സഹായ സഹകരണം…. എന്റെ ഏട്ടനോട് നിസ്വാർത്ഥ സൗഹൃദം… ഇതിൽ കൂടുതൽ എന്ത് സർട്ടിഫിക്കേറ്റ് വേണം ഒരു മനുഷ്യനെ വിലയിരുത്താൻ.
അങ്ങനെ ഞാൻ ചിന്തിച്ച് ചിന്തിച്ച് എന്റെ ചിന്തകൾ “ആമസോൺ” വനാന്തരങ്ങളുടെ ഒറ്റയടിപാതകൾ താണ്ടി അനന്തതയിലേക്ക് യാത്രയായി.
സിനി ചേച്ചിയുടെ വിളികേട്ടാണ് ഞാൻ എന്റെ സങ്കല്പലോകത്തു നിന്ന് തിരികെ വന്നത്.
സിനി : ടീ… എന്തൂട്ടാ… ദിവാസ്വപ്നം കാണുകയാണോ….??
ഞാൻ : ഹാ… ചേച്ചിയോ…!!
അത് ചേച്ചിയുടെ ഒരു പതിവാണ്. അമ്മയെ കാണാനുള്ള വരവ്.
സിനി : എന്തുണ്ട് അമ്മയുടെ വിശേഷം.. എങ്ങനെയുണ്ട് ഇപ്പോ…
ഞാൻ : എന്തുണ്ടാവാനാ ചേച്ചി… ആശുപത്രീന്ന് മടക്കിയാ പിന്നെ പ്രതീക്ഷക്ക് വകയില്ലന്നാ… പിന്നെ പുള്ളിക്കാരീടെ ആയുസ്സിന്റെ ബലം കൊണ്ട് ഇങ്ങനൊക്കെ മുമ്പോട്ട് പോകുന്നു.
എന്റെ കണ്ണിലെ ദുഃഖഭാവം കണ്ട് ചേച്ചി പ്രത്യേകിച്ചൊന്നും ചോദിച്ചില്ല. അവർ നേരെ അമ്മയുടെ മുറിയിലേക്ക് കടന്നു.
അധികം സംസാരിക്കാൻ കഴിയില്ലെന്നറിയാവുന്നത് കൊണ്ട് ചെറിയൊരു കുശലം ചോദിച്ചു കൊണ്ട് ചേച്ചി പടികളിറങ്ങി.
ഇപ്പോഴത്തെ സിറ്റുവേഷൻ അറിഞ്ഞു കൊണ്ട് തന്നെ മറ്റു കാര്യങ്ങളിലേക്കൊന്നും ചേച്ചി കടന്നു ചെന്നില്ല. എന്റെ മുഖത്തെ മ്ലാനത കണ്ടോണ്ട് ചേച്ചി അത് ചോദിക്കാഞ്ഞതാവാം.
ബിജുവേട്ടന്റെ വീട്ടിൽ നിന്നും പതിവ് പോലെ എല്ലാവരും വന്ന് അമ്മയെ കാണാറുണ്ട്.
അന്നും ഏട്ടൻ പതിവ് പോലെ രാത്രി ഒൻപതര ആയപ്പോൾ ഞങ്ങൾടെ വീട്ടിൽ എത്തി. ആ വരാന്തയുടെ ഒരു കോണിൽ ഇരിപ്പുറപ്പിച്ച് ഫോണിൽ കുത്തി കുറിച്ച് കൊണ്ടിരുന്നു.
അത് കണ്ടാൽ ഞാൻ ഒന്ന് പോയി അടുത്തിരിക്കുന്ന പതിവുണ്ട്. കാരണം പുള്ളിയെ തികച്ചും ഒരു അന്യനെ പോലെ കാണുന്നത് ശരിയല്ലല്ലോ.