ഞങ്ങൾ മാത്രമല്ല ക്ലാസിലെ ഒട്ട് മുക്കാൽ ആൺകുട്ടികളും ആ തല്ലിൽ ഉണ്ടായിരുന്നു. പക്ഷേ ടീച്ചർമാർ പിടിച്ചപ്പോൾ ഞങ്ങൾ മദ്യപിച്ചത് കണ്ടെത്തി. അതോടെ കാര്യങ്ങൾ ഞങ്ങളുടെ തലയിലായി. അന്ന് വീട്ടിൽ നിന്ന് കിട്ടിയ തല്ലിന് ഒരു കുറവുമുണ്ടായില്ല. പിന്നീട് പരീക്ഷ കഴിയും വരെ സ്കൂളിലും തല ഉയർത്താൻ കഴിഞ്ഞിട്ടില്ല.
കള്ളു കുടിയന്റെ പെങ്ങളെന്ന് വിളിച്ചു ആരോ കളിയാക്കിയെന്ന് പറഞ്ഞോരിക്കൽ പെങ്ങൾ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു. അന്ന് ഞാൻ പ്ലസ് ടു വിൽ ആയിരുന്നു. അവളെ കളിയാക്കിയവനെ ഞാൻ ബസ് സ്റ്റാൻഡിൽ ഇട്ടു തല്ലി.
അത് വീണ്ടും കാര്യങ്ങൾ വഷളാക്കി. അന്ന് അത് പോലിസ് കേസ് ആവാതെയിരിക്കാൻ അച്ഛൻ കുറേ കാശു ചിലവാക്കി. ആ സംഭവത്തോടെ ഇനി ആ സ്കൂളിൽ പഠിക്കാൻ പേടിയാണെന്ന് പറഞ്ഞു പെങ്ങളും, അനിയനും ബഹളം വച്ചു. അങ്ങനെ അവരെ അവസാനം അച്ഛൻ സ്കൂൾ മാറ്റി. ഞാൻ വീട്ടിലും, നാട്ടിലും ഒറ്റപ്പെട്ടു. അതിനു ശേഷം ചേട്ടൻ എന്നൊരു പരിഗണന രണ്ടാളും തന്നിട്ടില്ല. പക്ഷേ അവർ രണ്ടുപേരും പരസ്പരം ഭയങ്കര സ്നേഹത്തിൽ ആയിരുന്നു. ചിലപ്പോൾ ഒക്കെ അവരുടെ സ്നേഹം കണ്ടു അസൂയ പൂണ്ടിട്ടുണ്ട്.
അപ്പോൾ നന്നാകണം എന്നൊരു തോന്നൽ ശക്തി പ്രാപിക്കും. എന്നാൽ ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ആവേശമെല്ലാം പോയിട്ടുണ്ടാവും.😫 കോളേജിന് ശേഷം നല്ലൊരു ജോലി കൂടി കിട്ടാതായതോടെ വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും പോയാൽ മതിയെന്നായി. ☹️
ഇന്നിപ്പോൾ പറയാൻ ഒരു ജോലിയും, കിടക്കാൻ ഒരു ഫ്ലാറ്റുമുണ്ട്. വരുമാനത്തിന്റെ പകുതിയിലേറെ ബാങ്കിലെ ലോണിലേക്കാണ് പോകുന്നത്. എങ്കിലും സമാധാനമുണ്ട്. പിന്നെ ഇവരുടെയീ ആട്ടും തുപ്പും കൊള്ളേണ്ട. ചിന്തിച്ചു ചിന്തിച്ചു രാത്രി എപ്പോഴോ ഉറങ്ങി.
ജനൽ പാളിയിലൂടെ കടന്നു വന്ന സൂര്യപ്രകാശം മുഖത്തേറ്റപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്. കൈകൾ ഒന്ന് വലിച്ചു വിട്ട് മൂരി നിവർന്നു ഞാൻ ബെഡ്ഡിൽ ഉയർന്നിരുന്നു. ഫോൺ എടുത്തു സമയം നോക്കി. പത്തു മണിയായിരിക്കുന്നു. പതിയെ ബാത്‌റൂമിലേക്ക് നടന്നു.
സമയ്യയുടെ കൂടെയുള്ള യുദ്ധത്തിന്റെ ക്ഷീണവും, യാത്രക്ഷീണവും ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും മാറി. ഫ്രഷ് ആയി താഴെ കിച്ചണിലേക്ക് നടന്നു. അവിടെയിനി എന്താണാവോ?.