വർഷങ്ങൾക്ക് ശേഷം 7 [വെറും മനോഹരൻ] Climax]

Posted by

ഇത്തവണ നിർവികാരയായി ചിരിച്ചത് അഞ്ജുവായിരുന്നു…

“അപ്പോ ആ ഹൃദയത്തിലെ എന്റെ സ്ഥാനം…?”,വേദനയോടെ അവളൊരു മറുചോദ്യം ഉന്നയിച്ചു…

കാഴ്ച്ചയെ മറച്ച മതിലിന്റെ വിടവുകളിൽ, അലവലാതി ആ ചോദ്യത്തിനുള്ള ഉത്തരം തേടി അലഞ്ഞു… ഒടുവിൽ അതേ കൽകെട്ടുകളിൽ പരാജിതൻ’ എന്ന് സ്വയം കരി കൊണ്ട് കുറിച്ചിട്ടു…

“ഇതിനൊരു ഉത്തരം തരാൻ എനിക്കറിയില്ലടീ…. ഒരുപക്ഷെ കണ്ണകന്നാൽ ഈ വേദനയും അകലുമായിരിക്കും….”, ഉള്ളിലെ വേദന കടിച്ചു പിടിച്ചുകൊണ്ടു അവൻ മന്ത്രിച്ചു….

അഞ്ജുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു…

അഞ്ജു: “എന്നിട്ട്… ശ്രുതിയുടെ വേദന നിന്റെ മനസ്സീന്ന് പോയോ… റോഷൻ എന്റെ മനസ്സീന്ന് പോയോ…?”

റോഷൻ തലകുനിച്ചു… എന്നിട്ട് വേദനയെ മറക്കും വിധം വീണ്ടും ചിരി കൈ കൊള്ളാൻ ഒരു പാഴ്ശ്രമം നടത്തി…

റോഷൻ: “ചിലത് അങ്ങനെയാണ് അഞ്ജു… പറിച്ചെറിയണമെന്ന് എത്ര വിചാരിച്ചാലും, അതിങ്ങനെ മനസ്സിൽ തന്നെ കുരുങ്ങിക്കിടക്കും… നിന്റെ മാലയിലെ ലോക്കറ്റ് പോലെ…”

അവനത് പറഞ്ഞത്, മനപ്പൂർവം അവൾക്ക് വേദനിക്കണമെന്ന് കരുതി തന്നെയായിരുന്നു… അങ്ങനെയെങ്കിലും അവൾ തന്നെ വെറുക്കട്ടെയെന്ന് അവന്റെ മറുമനസ്സ് ചിന്തിച്ചുറപ്പിച്ചിരുന്നു…

അവന്റെ ഉദ്ദേശം പോലെ തന്നെ, ആ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകളിലെ പ്രണയം ദേഷ്യമായി പരിണാമം പ്രാപിച്ചു.

“ഈ ഒരു കാരണം കൊണ്ടാണ് ഞാൻ നിന്നെ സ്നേഹിക്കുന്നതെന്ന് കരുതുന്നുണ്ടോ…?”, മാലയിൽ കൈ പിടിച്ചുകൊണ്ട്, അവൾ രൂക്ഷ സ്വരത്തിൽ അവനോട് ആരാഞ്ഞു…

അവനതിന് ഉത്തരമുണ്ടായിരുന്നില്ല…. അവനിലെ അലവലാതി ഇല്ല’ എന്ന് പറയാനാവാതെ ശ്വാസം മുട്ടി….

അടുത്ത നിമിഷത്തിൽ, അഞ്ജു മുന്നോട്ട് വന്ന്, അവന്റെ മാറിൽ ചേർത്ത് കെട്ടിപ്പിടിച്ചു… അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിലേക്ക് പുഴയായി ഒഴുകി…

“സത്യം പറ… നിനക്കെന്നെ ഇഷട്ടമല്ലേ…?”, ഇടരുന്ന ശബ്ദത്തിൽ അവൾ ഒരിക്കൽ കൂടി അവനോട് ചോദിച്ചു..

ആ അവസരത്തിൽ, അതിന് സത്യസന്ധമായ ഒരു ഉത്തരം നൽകാൻ അവന് കഴിയുമായിരുന്നില്ല… അലവലാതിയുടെ തിരോധാനം അറിയിച്ചുകൊണ്ടു, കണ്ണുകളിലേക്ക് വിരുന്നെത്തിയ നീർത്തുള്ളികളെ, റോഷൻ ഒഴുക്കി വിടാതെ കഷ്ടപ്പെട്ട് തടഞ്ഞു നിർത്തി…

അവൻ അവളുടെ ചുമലിൽ പിടിച്ച്, അവളെ നേരെ നിർത്തി… എന്നിട്ട് നിറകണ്ണുകളോടെ, മനസ്സില്ലാമനസ്സോടെ അല്ല’ എന്ന് തലയാട്ടി…

Leave a Reply

Your email address will not be published. Required fields are marked *