“നമ്മളെന്നും ആ പഴയ കുട്ടികളായി തന്നെ ഇരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലേ…?”, അമ്പിളിയിൽ തന്നെ നോക്കി, അവൾ ആരോടെന്നില്ലാതെ മൊഴിഞ്ഞു.
അവൻ പുഞ്ചിരിച്ചു… ചന്ദ്ര വെളിച്ചം അവന്റെ ചിരിക്ക് കൂടുതൽ കാന്തി പകർന്നു…
“മുട്ടിലെ മുറിവുണങ്ങിയാൽ, അന്നാളിലെ വേദനകളും മറയുമായിരുന്നു…”, വേദന സ്ഫുരിക്കുന്ന സ്വരത്തിൽ അവൻ തുടർന്നു, ”ഇന്ന് വേദനകൾക്ക് രൂപമില്ല…. ചോരയുടെ ചുവപ്പില്ല…”
ശ്രീലക്ഷ്മി മുഖമുയർത്തി അവനെ ഒരു നിമിഷം നോക്കി. ശേഷം വീണ്ടും പഴയ പടി കിടന്നു.
“പക്ഷെ കനമുണ്ട്… നിന്റെ ഈ നെഞ്ചിന് താങ്ങാൻ കഴിയുന്നതിലും കൂടുതൽ…”, അവന്റെ നെഞ്ചിൽ പതിയെ തലോടിക്കൊണ്ട്, അവൾ പറഞ്ഞു….
“ശ്രുതി പോയതിൽ പിന്നെ, ഇനിയൊരിക്കലും ഈ കനം എന്നെ തേടി എത്തില്ലാന്ന് കരുതിയതാണ്… പക്ഷെ… നമ്മുടെ വാക്ക് കേൾക്കുന്നവനല്ലല്ലോ, ഈ തെണ്ടി”, അവളുടെ കൈക്ക് മേൽ തന്റെ ഇടം കൈ വച്ചു കൊണ്ട്, അവൻ മറുപടി നൽകി.
ശ്രീലക്ഷ്മി : “ബാംഗ്ലൂരിൽ എത്തിയ ശേഷമുള്ള നിന്റെ അവസ്ഥ ചിന്തിച്ച്, അന്നാളിൽ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്…”
റോഷൻ : “എനിക്കറിയാടാ… നീ നിന്ന പോലെ, ഒരാളും എന്റെ ജീവിതത്തിൽ എനിക്കൊപ്പം നിന്നിട്ടില്ല…”
പറഞ്ഞു തീർന്നതും, നന്ദി പ്രകാശിപ്പിക്കും പോലെ അവൻ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു…
ശ്രീലക്ഷ്മി അവനോട് കുറേ കൂടി ചേർന്നിരുന്നു… അവൻ അവൾക്ക് ചുറ്റുമുള്ള കൈപിടിത്തം കുറേക്കൂടി മുറുക്കി…
അവിടെ ഒഴുകി നടന്ന തണുപ്പ്, ഇരുവരുടെയും ഇരുപ്പിനെ കൂടുതൽ ചേർത്ത് വച്ചു…
“റോഷാ…”, അവന്റെ തോളിൽ ചാഞ്ഞിരുന്നുകൊണ്ട് തന്നെ അവൾ അവനെ മെല്ലെ വിളിച്ചു…
റോഷൻ : “മ്മ്….”
ശ്രീലക്ഷ്മി : “ആന്ന് വിമലാണെന്ന് കരുതി, എനിക്ക് മെസ്സേജ് അയച്ചത് ഓർമ്മയുണ്ടോ…?”
റോഷൻ പുഞ്ചിരിയോടെ വീണ്ടും മൂളി….
“ആന്ന് അക്കാര്യം പറയാതിരിക്കുന്നതിന് പകരം, ഞാൻ ചോദിക്കുന്നത് എന്തും ചെയ്ത് തരാമെന്ന് നീ വാക്ക് തന്നിരുന്നു…”, അവൾ ഒരു കുസൃതി ചിരിയോടെ ഓർമ്മിപ്പിച്ചു.
റോഷൻ ചിരിച്ചു… എന്നിട്ട് അവളുടെ താടിക്ക് വിരൽ വച്ച്, മെല്ലെ തനിക്ക് അഭിമുഖമായി അവളുടെ മുഖം ഉയർത്തി നിർത്തി….
റോഷൻ : “എന്നാ ഇപ്പോ പറ… നിനക്കെന്താ വേണ്ടേ….?”