“റോഷാ….”, പിന്നിൽ നിന്നും ശ്രീലക്ഷ്മിയുടെ വിളി കേട്ട്, അവൻ തിരിഞ്ഞു….
ഒരു കഴുത്തിറങ്ങിയ ടോപ്പും പാവാടയും ധരിച്ച്, സാന്ത്വനം തുളുമ്പുന്ന മുഖഭാവത്തോടെ ശ്രീലക്ഷ്മി… അവൻ വീണ്ടും കലങ്ങി മറിയുന്ന ചെളിവെള്ളത്തിലേക്ക് തന്നെ കണ്ണുകൾ തിരിച്ചു… അവളാകട്ടെ ഒന്നും ഉരിയാടാതെ, പതിയെ അവന്റെ അരികിൽ വന്നിരുന്നു… ചെളിവെള്ളത്തിന്റെ ഓളം തെളിഞ്ഞതും, അതിൽ ഇരുവരുടെയും മുഖം ഒരുപോലെ തെളിഞ്ഞു കണ്ടു…
“ഞാൻ വിമലിനോട് സംസാരിച്ചു…”, അവന്റെ മുഖത്തേക്ക് നോക്കാതെ, ശ്രീലക്ഷ്മി സംസാരം തുടങ്ങി വച്ചു.
റോഷൻ അവളെ നോക്കി…. അവന്റെ മുഖഭാവത്തിൽ, ഒറ്റപ്പെട്ടവന്റെ ആത്മസംഘർഷങ്ങൾ, അവളൊരു കവിത പോലെ വായിച്ചു. ശ്രീലക്ഷ്മി തുടർന്നു….
ശ്രീലക്ഷ്മി : “ എല്ലാം നീ അറിഞ്ഞ വിവരം, ഞാൻ അവനോട് പറഞ്ഞിട്ടില്ല…”
“പിന്നെ…?”, അവൻ ചോദിച്ചു…
“ഞാൻ കണ്ടത് മാത്രം പറഞ്ഞു…”, അവന്റെ ഭാവം നോക്കിക്കൊണ്ട്, ശ്രീലക്ഷ്മി തുടർന്നൂ, “അത് ഞാൻ രഹസ്യമായി വക്കണമെങ്കിൽ, നീയും രേഷ്മ ചേച്ചിയും തമ്മില്ലുള്ള കാര്യം അവനും ആരോടും പറയരുതെന്ന് താക്കീത് ചെയ്തു…”
ശ്രീലക്ഷ്മിയുടെ പറച്ചിൽ കേട്ട് റോഷൻ അറിയാതെ സ്വയം ചിരിച്ചു… പരാജയപ്പെട്ടവന്റെ പുഞ്ചിരി…
“എന്നിട്ട്… വിമൽ എന്ത് പറഞ്ഞു…?”, സങ്കടം ഒളിപ്പിച്ച പുഞ്ചിരിയോടെ റോഷൻ ചോദിച്ചു.
എന്തോ, അവനോട് അത് പറയാൻ അവൾ അൽപം സമയമെടുത്തു… ശേഷം…
“അവൻ സമ്മതിച്ചു…”, അവൾ മടിച്ചു മടിച്ചു തുടർന്നു.., “ഒപ്പം ഇക്കാര്യം ഒരിക്കലും നീയറിയരുതെന്ന് എന്നെക്കൊണ്ട് സത്യവും ചെയ്യിപ്പിച്ചു…”
കേട്ടതും, റോഷൻ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി… ഭ്രാന്തമായ പൊട്ടിച്ചിരി… ആ ചിരിയൊച്ചകൾ ആ പാടത്ത് മാറ്റൊലിയായി മുഴങ്ങി…
“അപ്പോ… ഇനിയങ്ങോട്ട് എല്ലാം അറിഞ്ഞുകൊണ്ട്, അവർക്ക് മുന്നിൽ… ഞാൻ ഒന്നുമറിയാത്തവനായി അഭിനയിക്കണം… അല്ലേ…?”, ഉരുകിത്തിളക്കുന്ന ആത്മവേദനയോടെ അവൻ അവളോട് ചോദിച്ചു…
“മ്മ്…”, അവന്റെ വേദന കണ്ട സങ്കടഭാവത്തിൽ, അവൾ മനസ്സില്ലാമനസ്സോടെ മൂളി…
റോഷൻ ഒന്ന് ശ്വാസം എടുത്തു വിട്ടു… അധിക നേരം ആണത്തത്തിന്റെ മുഖമൂടിയും അണിഞ്ഞ് അവൾക്ക് മുന്നിൽ ഇരിക്കാൻ അവനാകുമായിരുന്നില്ല… അവനോട് സമ്മതം ചോദിക്കാതെ തന്നെ, അവന്റെ കണ്ണുകൾ നനയാൻ തുടങ്ങി…
“എല്ലാവരുടെയും മുന്നിൽ… ഇങ്ങനെ പൊട്ടൻ കളിക്കാൻ.. എനിക്ക് പറ്റില്ലെടി….”, പറയവെ അവന്റെ ശബ്ദം ഇടറി… കണ്ണിൽ നിന്നും നീര് കവിളിലേക്ക് ഒഴുകി ഇറങ്ങി…