“ഒന്നുമോർത്ത് മനസ്സ് വിഷമിക്കാതെ, സന്തോഷത്തോടെ പോയി വാ… ടേക്ക് കെയർ… 😘😘😘”, നിമിഷങ്ങൾക്കകം തന്നെ അവളുടെ മറുപടി ടെക്സ്റ്റും വന്നെത്തി.
മനസ്സറിഞ്ഞുള്ള ആ വാചകങ്ങൾ… തന്നെ കൃത്യമായി മനസ്സിലാക്കുന്ന ആരെക്കെയോ തനിക്കൊപ്പമുണ്ടെന്നുള്ളത്, അവന്റെ ഹൃദയത്തിന് അൽപം ആശ്വാസം പകർന്ന് നൽകി.
പെട്ടന്ന് കാർ സഡൻ ബ്രേക്കിട്ട് നിന്നു.
“സാർ പറഞ്ഞ സ്ഥലമെത്തി…”, ഡ്രൈവർ റോഷനോടായി പറഞ്ഞു.
റോഷൻ മൂളി. ശ്രീലക്ഷ്മി കാര്യമറിയാനെന്നോണം റോഷനെ നോക്കി.
“ഒരു സുഹൃത്തിനോട് കൂടി യാത്ര പറയാനുണ്ട്. രണ്ട് മിനുട്ട്…”, റോഷൻ പറഞ്ഞു.
ശ്രീലക്ഷ്മി തലയാട്ടി. ആളൊഴിഞ്ഞ ഒരു റോഡിലാണ് ഇപ്പോൾ അവർ. അവൻ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി, നടന്നു.
അവൻ നടന്ന് അവളുടെ കൺവെട്ടത്ത് നിന്നും മറഞ്ഞ നിമിഷം പെട്ടന്ന് ഒരു ശബ്ദം അവന്റെ കാതിലേക്ക് വിരുന്നെത്തി.
“റോഷാ….”
അവൻ തിരിഞ്ഞു. അജ്മലാണ്, ശ്രീലക്ഷ്മിയുടെ അജുക്കാ. അവൻ പുഞ്ചിരിച്ചു. അജ്മൽ തിരിച്ചും. ഇരുവരും തുടർന്ന് ഒരുമിച്ച് നടക്കാൻ തുടങ്ങി.
“അവളെ കാണുന്നില്ലേ…?”, നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
“വേണ്ട റോഷൻ… അവരുടെ മനസ്സിൽ പണ്ടേ മരിച്ചു പോയവനാണ് ഞാൻ. അത് അങ്ങനെ തന്നെ ഇരിക്കട്ടെ… “, എന്തൊ തീരുമാനിച്ചുറപ്പിച്ച സ്വരത്തിൽ അയാൾ പറഞ്ഞു.
അവൻ മറുത്തൊന്നും പറയാൻ നിന്നില്ല. ഒരു പ്രേതമായി ജീവിതം ജീവിച്ചു തീർക്കുന്ന ആ മനുഷ്യനോട് അല്ലെങ്കിലും എന്താണ് പറയാൻ കഴിയുക…!’, അലവലാതി ഓർത്തൂ…
നിർത്തിയിട്ടിരിക്കുന്ന തന്റെ കാറിന്റെ ഡിക്കി അജ്മൽ തുറന്നു. അതിനകത്ത് ദേഹം മുഴുവൻ ചോര ഒലിപ്പിച്ച് നമ്മുടെ മെയിൻ വില്ലൻ കിടപ്പുണ്ടായിരുന്നു; നിക്സൻ.
തന്റെ മുന്നിൽ നിൽക്കുന്ന റോഷനേയും അജ്മലിനെയും അവനൊന്ന് കണ്ണുയർത്തി നോക്കി. അവന്റെ ശരീരം അപ്പോഴും, അജ്മലിന്റെ പക്കൽ നിന്നും കിട്ടിയതിന്റെ വേദനയാൽ ഞെരുങ്ങുന്നുണ്ടായിരുന്നു.
“നീ ബാലിയുടെ കഥ കേട്ടിട്ടുണ്ടോ, നിക്സാ..?”, ജയിച്ചവന്റെ പുഞ്ചിരിയോടെ റോഷൻ അവനോട് ചോദിച്ചു.
ഇവനിത് എന്ത് തേങ്ങയാണ്’ പറയുന്നതെന്ന മട്ടിൽ നിക്സൻ മുഖം ചുളിച്ചു.
റോഷൻ : “എതിരാളിയുടെ ശക്തി അപഹരിക്കുന്ന ബാലിയെ എതിരിടാൻ ശ്രീരാമൻ അയച്ചത് ബാലിയുടെ സ്വന്തം കൂടപ്പിറപ്പിനെ തന്നെയായിരുന്നു…”
പറച്ചിലിനൊപ്പം റോഷൻ അജ്മലിന്റെ തോളിൽ കൈവച്ചു. അജ്മൽ പുഞ്ചിരിച്ചു.