റോഷന്റെ നോട്ടം അപ്പോൾ വിമലിന്റെ മുഖഭാവത്തിലായിരുന്നു… വീട്ടിൽ, താൻ കാരണം വന്ന് ചേർന്ന വിനയിലുള്ള അവന്റെ അമർഷം റോഷൻ ആ മുഖത്ത് നിന്നും വായിച്ചെടുത്തു.
അച്ചു : “സിറ്റിയിൽ വച്ചു പ്രമോദിനെ കണ്ടിരുന്നു… നിന്നെ പരിചയമുള്ള എല്ലാവരുടെയും വീട്ടുകളിൽ അവന്റെ ആൾക്കാർ തിരക്കി എത്തുന്നുണ്ട്….”
അച്ചുവിന്റെ പറച്ചിൽ കേട്ട് റോഷൻ ഇടങ്കോല് പിടിച്ച മട്ടിൽ, തലമുടിയിൽ ആഞ്ഞ് ചിക്കി…
വിമൽ : “എന്തായാലും ഇനിയും ഇവിടെ തുടരുന്നത് സേഫ് അല്ല… പറ്റുമെങ്കിൽ… ഇന്ന് തന്നെ ബാംഗ്ലൂർക്ക് വിടുന്നതാ ബുദ്ധി….”
വിമൽ അത് പറയവെ, സത്യത്തിൽ അവൻ അവന്റെ തടി കഴച്ചിലാക്കാനാണ് ശ്രമിക്കുന്നതെന്ന് റോഷന് മനസ്സിലായി… അവൻ നിരർത്ഥകമായി ഒന്ന് പുഞ്ചിരിച്ചു….
“ഇന്ന് കേറണ കാര്യം നോക്കേ വേണ്ട വിമലേ… സിറ്റി മൊത്തം അവന്റെ ആളുകൾ കറങ്ങുന്നുണ്ട്… പോവാണെങ്കിൽ, ആ പരിപാടി നാളത്തേക്ക് പിടിച്ചാ മതി.”, വിമലിന്റെ മനസ്സിലെ സദ്ദുദ്ദേഷം’ പിടികിട്ടാതെ, അച്ചു ചാടി കേറി പറഞ്ഞു….
“എന്നാ അതാ നല്ലത്…. വെറുതേ ആപത്ത് വരുത്തി വക്കണ്ടാ….”, ഭാർഗ്ഗവിയും അതിനെ പിന്താങ്ങി…
അവരുടെ പറച്ചിൽ കേട്ട വിമൽ, തന്റെ ഉദ്ദേശം നടക്കാത്തത്തിന്റെ ചൊരുക്കിൽ, അമ്മയുടെ അടുത്തേക്ക് തട്ടി കേറി…
വിമൽ : “അമ്മ ഇത് എന്തറിഞ്ഞിട്ടാ… മറ്റെവിടേം എത്തിയില്ലെങ്കിലും ഇവിടെ അവന്റെ ആളുകൾ വീണ്ടും തിരക്കി എത്താൻ ചാൻസ് ഇണ്ട്. മര്യാദക്ക് ഞാൻ പറയണത് കേൾക്ക്…”
ഭാർഗ്ഗവി: “എന്ന് വച്ച് ഇവനിന്നിനി എവിടെ പോവാനാ… അല്ലെങ്കിൽ നിങ്ങളൊക്കെ കൂടി സ്റ്റേഷനിൽ ചെന്ന് കാര്യം പറയ്… ഇവിടെ നിയമവും പോലീസുമൊക്കെ ഇണ്ടല്ലോ…!”
“ആ ബെസ്റ്റ്… സിറ്റിയിൽ തിരയുന്ന ആളുകളിൽ പകുതി, ആ നിക്സന്റെ കിമ്പളം വാങ്ങുന്ന പോലീസാ… അപ്പഴാ….”, അച്ചു ഉത്കണ്ഠയോടെ പറഞ്ഞു…
എന്ത് മറുപടി പറയണമെന്നറിയാതെ, ഭാർഗ്ഗവി നിശബ്ദത പൂണ്ടു… തന്റെ പേർ ചൊല്ലി തർക്കിക്കുന്ന മൂവരേയും റോഷൻ ഒരു നിമിഷം മാറി മാറി നോക്കി… എന്നിട്ട് ആലോചനയോടെ, ഒരു ദീർഘശ്വാസം എടുത്തു വിട്ടു.
“വിമൽ പറഞ്ഞപോലെ, ഈ വീട്ടിൽ ഇനി നിക്കുന്നത് ഒട്ടും സേഫ് അല്ല അമ്മേ…”, അവൻ ഭാർഗ്ഗവിയോടായി പറഞ്ഞു. എന്നിട്ട് അച്ചുവിനോടും വിമലിനോടുമായി തുടർന്നു…